Kerala
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ്: എം സി കമറുദ്ദീന് എം എല്‍ എയെ പോലീസ് ചോദ്യം ചെയ്യുന്നു
കാസര്‍കോട് | ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ എം സി കമറുദ്ദീനെ പോലീസ് ചോദ്യം ചെയ്യുന്നു. ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് 109 കേസുകളില്‍ പ്രതിയാണ് കമറുദ്ദീന്.
എ എസ് പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. 800 ഓളം നിക്ഷേപകരില്‍നിന്നും 150 കോടിയിലേറെ തട്ടിയെടുത്തുവെന്നാണ് കമറുദ്ദീനെതിരായ ആരോപണം. പണം തിരികെ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കിയത്.
നിക്ഷേപകരുടെ പരാതി പരിഹരിക്കാന്‍ ലീഗ് നിയോഗിച്ച മധ്യസ്ഥന്‍ കല്ലട്ര മാഹിന്‍ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ജ്വല്ലറിയുടെ ആസ്തികള്‍ സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. നേരത്തെ ജ്വല്ലറി എംഡി പൂക്കോയ തങ്ങളേ 9 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.