Connect with us

Malappuram

അന്താരാഷ്ട്ര അറബിക് വായനാ മത്സരം: മഅ്ദിന്‍ അക്കാദമി വിദ്യാര്‍ഥി ഇന്ത്യയെ പ്രതിനിധീകരിക്കും

Published

|

Last Updated

മലപ്പുറം | ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നേതൃത്വത്തില്‍ ദുബൈയില്‍ നടക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര വായനാ മത്സരത്തില്‍ മഅ്ദിന്‍ അക്കാദമി വിദ്യാര്‍ഥി ഫയാസ് എടക്കഴിയൂര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. അഖിലേന്ത്യാ തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ഫയാസ് ഈ നേട്ടം കൈവരിച്ചത്. സ്‌കൂള്‍ തലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

ദുബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര വായനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിക്ക് ഒന്നര ലക്ഷം അമേരിക്കന്‍ ഡോളര്‍ (ഏകദേശം ഒരു കോടി മൂന്ന് ലക്ഷം രൂപ) സമ്മാനമായി ലഭിക്കും. ഇതിന് പുറമെ ഏറ്റവും നല്ല സ്‌കൂള്‍, മികച്ച അധ്യാപകന്‍, സൂപ്പര്‍വൈസര്‍ എന്നീ വിഭാഗങ്ങളിലും സമ്മാനങ്ങളുണ്ട്. മികച്ച അധ്യാപകര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമായി മൂന്ന് ലക്ഷം ഡോളര്‍ (രണ്ട് കോടി, അഞ്ച് ലക്ഷം രൂപ) സമ്മാനമായി ലഭിക്കും.

യു എ ഇ യെ പടുത്തുയര്‍ത്തുന്നതില്‍ വായനയുടെ പ്രാധാന്യം മനസ്സിലാക്കി യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചതാണ് അറബിക് റീഡിംഗ് ചലഞ്ച്. അഞ്ച് കോടി പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് വായിപ്പിക്കുക എന്നതാണ് വായനാ മത്സരത്തിന്റെ ലക്ഷ്യം. വിവിധ രാജ്യങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് ദുബൈയില്‍ മത്സരിക്കുന്നത്.

ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ഫയാസ് മഅ്ദിന്‍ അക്കാദമി അറബിക് വില്ലേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമാണ്.
ചാവക്കാട് എടക്കഴിയൂര്‍ സ്വദേശിയായ ചീനപ്പുള്ളി സ്വാലിഹ്-ഹസ്‌ന ദമ്പതികളുടെ മകനാണ്.

ദുബൈയില്‍ നടക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര വായനാ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന മഅദിന്‍ അക്കാദമി വിദ്യാര്‍ത്ഥി ഫയാസ് എടക്കഴിയൂര്‍.

---- facebook comment plugin here -----

Latest