Connect with us

Editorial

ചരക്ക് വിമാന നിയന്ത്രണം കേരളത്തിന് തിരിച്ചടി

Published

|

Last Updated

കേരളത്തിന് കനത്ത തിരിച്ചടിയാണ് വിദേശ ചരക്ക് വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതി ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയ കേന്ദ്ര നടപടി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അഡ്‌ഹോക്ക്, നോണ്‍ ഷെഡ്യൂള്‍ഡ് ചാര്‍ട്ടര്‍ ചരക്ക് വിമാനങ്ങള്‍ മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളില്‍ നിന്ന് മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്നാണ് ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ഈ മാസം ഒന്ന് മുതലാണ് വിദേശ ചരക്ക് വിമാനങ്ങളുടെ വരവ് പരിമിതപ്പെടുത്തിയത്. കേരളത്തിലെ ഒരു വിമാനത്താവളത്തിനും വിദേശ ചരക്ക് വിമാനം ലാന്‍ഡ് ചെയ്യാനുള്ള അനുമതിയില്ല. ആഭ്യന്തര വിമാനങ്ങള്‍ക്ക് ലഭിക്കേണ്ട ചരക്കുകള്‍ വിദേശ വിമാനങ്ങള്‍ കൊണ്ടുപോകുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നിയന്ത്രണമെന്നാണ് വിവരം. കേരളത്തിന്റെ കയറ്റുമതി ഹബ്ബായ കൊച്ചി വഴി നേരത്തേ വന്‍തോതില്‍ കയറ്റുമതി നടന്നിരുന്നു. പച്ചക്കറി, തേയില, കശുവണ്ടി, കയര്‍, കയറുത്പന്നങ്ങള്‍, കാപ്പി, കുരുമുളക്, ഏലം, ഇഞ്ചി, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന എണ്ണ, സമുദ്രോത്പന്നങ്ങള്‍ എന്നിവയാണ് കൊച്ചി വഴി കയറ്റുമതി ചെയ്യുന്ന പ്രധാന വസ്തുക്കള്‍.

സംസ്ഥാനത്ത് വിദേശ ചരക്ക് വിമാനങ്ങള്‍ വരാതായതോടെ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇനങ്ങള്‍ മുന്‍ അളവില്‍ അയക്കാനാകുന്നില്ല. കപ്പലില്‍ അയക്കുകയാണെങ്കില്‍ ഏഴ് ദിവസം വേണം ദുബൈയിലെത്താന്‍. ഇത് ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കും. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പച്ചക്കറി കയറ്റുമതി നാലില്‍ ഒന്നായി കുറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ യാത്രാ വിമാനങ്ങള്‍ക്ക് ചരക്ക് കയറ്റാന്‍ മാറ്റിവെച്ച ഭാഗം ഉപയോഗിച്ചാണ് കേരളത്തില്‍ നിന്ന് പച്ചക്കറി കയറ്റുമതി നടക്കുന്നത്. യാത്രാ വിമാനത്തില്‍ 15 ടണ്‍ മാത്രമേ കയറ്റി അയക്കാന്‍ പറ്റൂ. ചരക്ക് വിമാനത്തില്‍ 50 ടണ്‍ വരെ കൊണ്ടുപോകാനാകും. ആഴ്ചയില്‍ ശരാശരി കൊച്ചിയില്‍ നിന്ന് 12ഉം തിരുവനന്തപുരത്ത് നിന്ന് നാലും ചരക്ക് വിമാനങ്ങളുണ്ടായിരുന്നു നേരത്തേ. എമിറേറ്റ്‌സും ഖത്വര്‍ എയർവെയ്‌സും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചരക്ക് വിമാനങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്തും കേരളത്തിലെത്തി പഴങ്ങളും പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും എടുത്തിരുന്നു. കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങളും ഉണക്ക മുന്തിരിയും വിദേശികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

കയറ്റുമതി രംഗത്ത് കേരളത്തിന് വന്‍ സാധ്യതകളുണ്ടെന്നാണ് ഈ രംഗത്തെ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബേങ്ക് ഓഫ് ഇന്ത്യ (എക്‌സിം ബേങ്ക്) പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് കേരളത്തില്‍ നിന്നുള്ള കയറ്റുമതി കഴിഞ്ഞ കുറച്ചു കാലമായി മികച്ച വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇപ്പോള്‍ തന്നെ ഉപയോഗിക്കപ്പെടാത്ത 6.7 ബില്യണ്‍ യു എസ് ഡോളറിന്റെ മൂല്യമുള്ള കയറ്റുമതി സാധ്യതകളുണ്ട് സംസ്ഥാനത്തിന്. 2018-19ല്‍ കേരളത്തില്‍ നിന്നുള്ള ചരക്ക് കയറ്റുമതി 9.8 ബില്യണ്‍ യു എസ് ഡോളറിന്റേതായിരുന്നു. അനുകൂലമായ നയങ്ങളും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള സമഗ്രമായ പരിശ്രമവും ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ 2024-25ഓടെ 54.7 ബില്യണ്‍ യു എസ് ഡോളര്‍ കയറ്റുമതി വരുമാനം നേടാനും സാധിക്കും. കയറ്റുമതി സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും കേരളത്തിന്റെ ഒളിഞ്ഞിരിക്കുന്ന സാധ്യതകള്‍ മനസ്സിലാക്കുന്നതിനും ഉയര്‍ന്ന കയറ്റുമതി വളര്‍ച്ച കൈവരിക്കുന്നതിനും പ്രധാന കയറ്റുമതി തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിനുമായി എക്‌സിം ബേങ്ക് 2020 ആഗസ്റ്റ് 14ന് ഒരു സംവേദനാത്മക വെബിനാര്‍ സംഘടിപ്പിച്ചിരുന്നു. എക്‌സിം ബേങ്ക് ചൂണ്ടിക്കാട്ടിയ ഈ നേട്ടം കൈവരിക്കാന്‍ സംസ്ഥാനത്ത് നിന്ന് ചരക്കുകള്‍ കയറ്റി അയക്കാനുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. എന്നാല്‍ നിലവിലുള്ള സൗകര്യങ്ങള്‍ കൂടി നഷ്ടപ്പെടുത്തിയിരിക്കുകയാണ് കേരളത്തില്‍ വിദേശ ചരക്ക് വിമാനം ലാന്‍ഡ് ചെയ്യാനുള്ള അനുമതി നിഷേധിച്ചതിലൂടെ കേന്ദ്രം ചെയ്തിരിക്കുന്നത്.

ഹരിത കേരളം, ജീവനി തുടങ്ങിയ പദ്ധതികളിലൂടെ പച്ചക്കറി ഉത്പാദനത്തില്‍ ഒരു കുതിച്ചുചാട്ടത്തിനുള്ള ഒരുക്കത്തിലാണ് കേരളം. വിഷരഹിത പച്ചക്കറിയില്‍ സ്വയം പര്യാപ്തതയും ആഭ്യന്തരമായി നല്ല പച്ചക്കറികള്‍ ഉപയോഗിക്കാന്‍ അവസരം സൃഷ്ടിക്കുകയും മാത്രമല്ല ഇതിന്റെ ലക്ഷ്യം, കയറ്റുമതി കൂടിയാണ്. സംസ്ഥാനത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഉപയോഗപ്പെടുത്തി കയറ്റുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്രത്തിന്റെ പുതിയ നിലപാട് ഇതിനും തിരിച്ചടിയാകും. കാര്‍ഷിക മേഖലയില്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്യും.

കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ മൊത്തം കയറ്റുമതിയെയും ഇത് ബാധിക്കാനിടയുണ്ട്. വിദേശ വിമാനങ്ങള്‍ക്ക് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കണക്ഷന്‍ വിമാനങ്ങള്‍ ഉള്ളതിനാല്‍ ഇവിടെ നിന്ന് എടുക്കുന്ന ചരക്കുകള്‍ ലോകമെമ്പാടും എത്തും. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പല ഭാഗങ്ങളിലേക്കും കണക്ഷന്‍ വിമാനങ്ങളില്ല. ഇതുമൂലം വിദേശ വിമാനങ്ങളെ പോലെ കൂടുതല്‍ ചരക്കുകള്‍ എടുക്കാന്‍ കഴിയില്ല. മാത്രമല്ല അടുത്തിടെയായി രാജ്യത്തിന്റെ കയറ്റുമതിയില്‍ ഇടിവ് അനുഭവപ്പെട്ടു വരികയുമാണ്. 2019-20 വര്‍ഷത്തെ വാര്‍ഷിക കയറ്റുമതി മുന്‍ വര്‍ഷത്തെ 331 ബില്യണ്‍ ഡോളറില്‍ നിന്ന് 314 ബില്യണ്‍ ഡോളറിലേക്ക് താഴ്ന്നു. 152.9 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് 2019-20 സാമ്പത്തിക വര്‍ഷം രാജ്യം നടത്തിയത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് വാര്‍ഷിക കയറ്റുമതിയില്‍ ഇത്രയും ഇടിവ്. 2018-2019ലെ കയറ്റുമതിയിലും 34.22 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. 1995ലാണ് നിലവിലെ സ്ഥിതിക്ക് സമാനമായ സാഹചര്യം ഇന്ത്യന്‍ കയറ്റുമതി മേഖല നേരിട്ടിരുന്നത്. ഈ തകര്‍ച്ചയില്‍ നിന്ന് രാജ്യം കരകയറണമെങ്കില്‍ ചരക്ക് വിമാന സര്‍വീസ് കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്. വിദേശ ചരക്ക് വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് സ്ഥിതി കൂടുതല്‍ മോശമാക്കും. കാര്‍ഷികോത്പന്ന, സുഗന്ധവ്യഞ്ജന വിപണിയെ കാര്യമായി ബാധിക്കുന്ന പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കുകയും വിദേശ വിമാനങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് ചരക്കെടുക്കാന്‍ അനുമതി നല്‍കുകയും ചെയ്യേണ്ടിയിരിക്കുന്നു.