Connect with us

Kerala

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ വനിതാ ജീവനക്കാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് ആര്‍ടിഒ 7500 രൂപ പിഴയിട്ടു

Published

|

Last Updated

കോഴിക്കോട് | കാലിക്കറ്റ് സര്‍വകലാശാലയിലെ വനിതാ ജീവനക്കാര്‍ ഓഫീസില്‍ പോകുന്നതിനായി വാടക്ക് എടുത്ത വാഹനം തടഞ്ഞ് ആര്‍ടിഒ പിഴ ചുമത്തി. യൂനിവേഴസിറ്റിയിലെ വനിതാ ജീവനക്കാരുടെ വാഹനമാണ് മലാപറമ്പില്‍ വെച്ച് ഗതാഗത വകുപ്പ് അധികൃതര്‍ തടഞ്ഞത്. അനധികൃത സര്‍വീസ് നടത്തിയെന്ന് ആരോപിച്ച് 7500 രൂപയാണ് പിഴ ചുമത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.

20 ജീവനക്കാര്‍ ചേര്‍ന്നാണ് ഓഫീസില്‍ പോയി വരാന്‍ മിനിബസ് വാടകക്ക് എടുത്തത്. ഇതില്‍ 17 പേരും വനിതകളാണ്. ബാലുശ്ശേരി മുതല്‍ യൂനിവേഴ്‌സിറ്റി വരെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള ജീവനക്കാരാണ് ഈ ബസില്‍ യാത്ര ചെയ്യുന്നത്. കൊവിഡ് സാഹചര്യത്തില്‍ ഓഫീസിലേക്ക് എത്താന്‍ ഈ റൂട്ടില്‍ വാഹനസൗകര്യം ഇല്ലാത്തതിനാലാണ് ഇത്തരത്തില്‍ ബദല്‍ സംവിധാനം ഏര്‍പെടുത്തിയതെന്ന് ജീവനക്കാര്‍ പറയുന്നു.

പല ഓഫീസുകളിലും ജീവനക്കാര്‍ എത്തുന്നത് അധികമായി പണം മുടക്കി ഇത്തരം ബദല്‍ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയാണ്. കൊവിഡ് കാലത്ത് സ്വയം റിസ്‌കെടുത്ത് യാത്ര ചെയ്യാന്‍ തയ്യാറാകുന്ന ജീവനക്കാരുടെ മനോബലം തകര്‍ക്കുന്നതാണ് ഗതാഗത വകുപ്പിന്റെ നടപടിയെന്നാണ് ആരോപണം. സര്‍ക്കാര്‍ ഓഫീസുകളില്‍ നൂറു ശതമാനം ഹാജര്‍ കൂടി നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ എന്ത് റിസ്‌കെടുത്തും ഓഫീസില്‍ എത്തേണ്ടിവരികയാണ് ജീവനക്കാര്‍ക്ക്.

പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുന്നത് മൂലം ഉണ്ടാകാനിടയുള്ള രോഗസാധ്യതകൂടി കണക്കിലെടുത്താണ് ജീവനക്കാർ ഇത്തരത്തിൽ ബദൽ മാർഗ‌ം ഉപയോഗപ്പെടുത്തുന്നതെന്നും അത് തടയുന്നത് അവരോടുള്ള ക്രൂരതയാണെന്നും  കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ജീവനക്കാരിയായ ശ്രീകല സിറാജ് ലെെവിനോട് പറഞ്ഞു.

സമാന്തര സര്‍വീസുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനുള്ള ഗതാഗത വകുപ്പിന്റെ തീരുമാനത്തിന്റെ ബലത്തിലാണ് ഗതാഗത വകുപ്പ് പരിശോധന നടത്തുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് പോയ ജീവനക്കാരുടെ വാഹനവും ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് അതിലുണ്ടായിരുന്ന ജീവനക്കാരും മോട്ടോര്‍ വാഹന വകുപ്പിലെ ജീവനക്കാരും തര്‍ക്കമുണ്ടാകുകയും കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്ക് എതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ജിവനക്കാര്‍ പിന്നീട് ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുതെന്ന് മോട്ടോര്‍ വാഹന വകുപ്പിന് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് ജീവനക്കാരുമായി വരുന്ന സമാന്തര വാഹനം ഒരുകാരണവശാലും തടയാനോ, കേസെടുക്കാനോ പാടില്ല. പിഴ ഈടാക്കാനും പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കാര്യത്തില്‍ ഇത് ബാധകമാകുമോ എന്ന് വ്യക്തമല്ല.

Latest