Connect with us

Kerala

ലൈഫ് മിഷന്‍ പദ്ധതി ജനങ്ങള്‍ക്ക് കിടപ്പാടമുണ്ടാക്കാനുള്ള മഹത്തായ പദ്ധതി; തെറ്റായി ചിത്രീകരിക്കരുതെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ലൈഫ് മിഷന്‍ പദ്ധതിയെ തെറ്റായി ചിത്രീകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് കിടപ്പാടം ഉണ്ടാക്കാനുള്ള മഹത്തായ പദ്ധതിയാണത്. അവര്‍ക്ക് ജീവിതം നല്‍കാനുള്ള സംരംഭമാണ്. ഒരു വീട് എന്ന സ്വപ്നം എത്ര പ്രധാനപ്പെട്ടതാണെന്ന് അത് സ്വന്തമായി യാഥാര്‍ഥ്യമാക്കാന്‍ ശേഷിയില്ലാത്തവര്‍ക്കാണ് കൂടുതല്‍ ബോധ്യപ്പെടുക. അത്തരം ആളുകള്‍ക്ക് സൗജന്യമായി ഒരു വീട് ലഭിക്കുമ്പോഴുള്ള സന്തോഷം നമുക്ക് വിവരിക്കാന്‍ കഴിയില്ല. സ്വന്തം സാമ്പത്തികശേഷി കൊണ്ട് വീട് നിര്‍മിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് വീട് നല്‍കുന്ന പദ്ധതിയാണ് ലൈഫ് മിഷന്‍ വഴി നടപ്പാക്കുന്നത്.

ഈ പദ്ധതിയില്‍ വളരെ സുപ്രധാനമായ ഒരു ചടങ്ങ് ഇന്ന് നടന്നു. 1983 മുതല്‍ 1987 വരെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ സാമൂഹികനീതി വകുപ്പ് മന്ത്രിയായിരുന്ന, അന്തരിച്ച പി കെ വേലായുധന്റെ ഭാര്യ ഗിരിജക്ക് ലൈഫ് മിഷനിലൂടെ ഒരു വീട് നല്‍കാന്‍ സാധിച്ചു. തിരുവനന്തപുരം കോര്‍പറേഷന്‍ കല്ലടിമുഖത്ത് നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഒരു ഫ്‌ളാറ്റ് അവര്‍ക്കു നല്‍കി. അതിന്റെ താക്കോല്‍ ദാനം മന്ത്രി എ കെ ബാലന്‍ നിര്‍വഹിച്ചു.

2003 ല്‍ പി കെ വേലായുധന്‍ അന്തരിച്ച ശേഷം വലിയ കഷ്ടപ്പാടിലൂടെയാണ് ഗിരിജയുടെ ജീവിതം മുന്നോട്ടുപോയത്. സ്വന്തമായി ഒരു വീടില്ലാത്തതിന്റെ ബുദ്ധിമുട്ട് അവര്‍ ഏറെ അനുഭവിച്ചു. വാടക വീടുകളിലും ചിലയിടങ്ങളില്‍ പേയിംഗ് ഗസ്റ്റ് ആയും താമസിച്ചു വരികയായിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഒരു വീടിനായി പല വാതിലുകള്‍ മുട്ടി. മുഖ്യമന്ത്രിക്ക് വരെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. ഇപ്പോള്‍ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന് നല്‍കിയ അപേക്ഷയിലൂടെയാണ് ഗിരിജക്ക് ഒരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായത്. തിരുവനന്തപുരം കോര്‍പറേഷന്റെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്ന് ഒരു വീട് അനുവദിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ മന്ത്രി ബാലന്‍ മേയറോട് ആവശ്യപ്പെടുകയും കോര്‍പറേഷന്‍ വേഗം തന്നെ പരിശോധനയും നടപടികളും പൂര്‍ത്തിയാക്കി വീട് അനുവദിക്കുകയുമാണ് ചെയ്തത്. വളരെ മനുഷ്യസ്‌നേഹപരമായ ഒരു പ്രവൃത്തിയാണിത്.

ഇത്തരം നിരവധി ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട് എന്ന സൂചിപ്പിക്കാനാണ് ഇത് എടുത്തുപറഞ്ഞത്. അതുകൊണ്ട് ആ പദ്ധതിയെ ഇകഴ്ത്താനും തളര്‍ത്താനുമുള്ള നീക്കങ്ങള്‍ ഉണ്ടാകരുത്. അത് ഇന്നാട്ടിലെ ജനങ്ങള്‍ക്കെതിരായ നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.