Connect with us

Covid19

ലോകത്ത് പത്തിലൊന്ന് പേര്‍ക്കും കൊവിഡ് 19 ബാധിച്ചിട്ടുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന

Published

|

Last Updated

ജനീവ | ലോകമെമ്പാടുമുള്ള പത്തില്‍ ഒരാള്‍ക്ക് കൊവിഡ് 19 ബാധിച്ചിട്ടുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. മൈക്കല്‍ റയാന്‍. നിലവില്‍ രോഗം സ്ഥിരീകരിച്ചവരുടെ 20 ഇരട്ടിയിലധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടാകാമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ലോകാരോഗ്യ സംഘടനയിലെ 34 അംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മൈക്കല്‍ റയാന്‍.

ഗ്രാമങ്ങളും നഗരങ്ങളും തമ്മിലും വിവിധ പ്രായക്കാര്‍ക്കിടയിലും ഈ കണക്ക് വിത്യാസപ്പെട്ടിരിക്കാമെങ്കിലും ആത്യന്തികമായി ലോകത്തിലെ ഭൂരിഭാഗം പേരും അപകടകരമായ സാഹചര്യത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് 19 ഇനിയും വ്യാപനം തുടരുമെങ്കിലും അത് ലഘൂകരിക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനും നിലവില്‍ സംവിധാനങ്ങള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തെക്കുകിഴക്കന്‍ ഏഷ്യയില്‍ കൊവിഡ് കേസുകളില്‍ കുതിച്ചുകയറ്റം ഉണ്ടായിട്ടുണ്ട്. യൂറോപ്പ്, കിഴക്കന്‍ മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ മരണങ്ങളും വര്‍ധിക്കുന്നു. അതേസമയം ആഫ്രിക്ക, പടിഞ്ഞാറന്‍ ശാന്തസമുദ്രം മേഖലയില്‍ കാര്യങ്ങള്‍ കുറച്ചുകൂടി നിയന്ത്രണവിധേയമാണെന്നും റയാന്‍ പറഞ്ഞു.

ആഗോള ജനസംഖ്യയുടെ 10 ശതമാനം പേര്‍ക്ക് ഈ വൈറസ് ബാധിച്ചിരിക്കാം എന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 760 കോടി ജനസംഖ്യയില്‍ 76 കോടി ആളുകള്‍ക്ക് ഇതിനകം രോഗം ബാധിച്ചിരിക്കാം. ലോകാരോഗ്യ സംഘടന, ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി എന്നിവയുടെ കണക്കുകള്‍ പ്രകാരം 35 ദശലക്ഷത്തില്‍ അധികം പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചത്.

ലോകം ഇപ്പോള്‍ ഒരു വിഷമകരമായ കാലഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് റയാന്‍ മുന്നറിയിപ്പു നല്‍കി. രോഗം ഇപ്പോഴും പടര്‍ന്നുപന്തലിച്ചുകൊണ്ടേയിരിക്കുന്നുവെന്നും പല ഭാഗങ്ങളിലും കേസുകള്‍ വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.