Connect with us

Ongoing News

ഐ പി എല്‍: സൂപ്പർ ഓവറിൽ ഡൽഹി

Published

|

Last Updated

ദുബൈ | സൂപ്പർ ഓവറിലേക്ക് കടന്ന ഐ പി എല്‍ 2020ലെ രണ്ടാം മത്സരത്തില്‍ ഡൽഹി ക്യാപിറ്റൽസിന് ജയം. അവസാന നിമിഷം വരെ ഉദ്വേഗം മുറ്റിനിന്ന  മത്സരം സമനിലയിലായതോടെയാണ് സൂപ്പർ ഓവറിലേക്ക് കളി നീണ്ടത്. സൂപ്പർ ഓവറിൽ രണ്ട് റൺസെടുത്തപ്പോഴേക്കും പഞ്ചാബിന്റെ രണ്ട് വിക്കറ്റുകളും വീണു. ഡൽഹിക്ക് വേണ്ടി റബാദെയാണ് സൂപ്പർ ഓവർ എറിഞ്ഞ് രണ്ട് വിക്കറ്റുകളും വീഴ്ത്തി വിജയശിൽപ്പിയായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി മൂന്ന് റൺസ് നേടി വിജയികളായി.

മായങ്ക് അഗർവാളിന്റെ ഒറ്റയാൾ പോരാട്ടമാണ്, ഒരുവേള പരാജയത്തിലേക്ക് കൂപ്പുകുത്തുമായിരുന്ന പഞ്ചാബിന് കരുത്തായത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി കാപിറ്റൽസ് 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 8 വിക്കറ്റ് നഷ്ടത്തിൽ 157ലെത്തി. ടോസ് നേടിയ പഞ്ചാബ് ഡല്‍ഹി കാപിറ്റല്‍സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

ആര്‍ അശ്വിനും കഗിസോ റബഡയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി ഡല്‍ഹിക്ക് കരുത്ത് പകർന്നിരുന്നു. സൂപ്പർ ഓവറിൽ റബഡ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി. അഗർവാൾ 60 ബോളിൽ 89 റൺസെടുത്തു. കെ എല്‍ രാഹുല്‍, കൃഷ്ണപ്പ ഗൗതം, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ മാത്രമാണ് പഞ്ചാബിന്റെ ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടന്നത്. മാക്‌സ്വെല്‍ ഒരു റണ്‍സിന് പുറത്തായത് പഞ്ചാബിനെ ഞെട്ടിച്ചു.

ആദ്യ ഓവറുകളിൽ ഓപണർമാരടക്കം മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടത് ഡൽഹിയെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. ശ്രേയാസ് അയ്യര്‍- ഋഷഭ് പന്ത് കൂട്ടുകെട്ടാണ് വലിയ നാണക്കേടില്‍ നിന്ന് കരകയറ്റിയത്. മാര്‍കോസ് സ്‌റ്റോയിനിസിന്റെ അർധ സെഞ്ച്വറി ടീമിന് വലിയ കരുത്തായി. സ്റ്റോയിനിസ് 21 ബോളിൽ 53 റൺസ് നേടി. അയ്യര്‍ 32 ബോളില്‍ നിന്ന് 39ഉം പന്ത് 29 ബോളില്‍ നിന്ന് 31ഉം റണ്‍സ് നേടി. ശിഖര്‍ ധവാന്റെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. ധവാന്‍ സംപൂജ്യനായി മടങ്ങി. പൃഥ്വി ഷാ, ഹെട്മിര്‍ എന്നിവര്‍ യഥാക്രമം അഞ്ചും ഏഴും റണ്‍സ് നേടി.

പഞ്ചാബിന്റെ ബോളിംഗ് നിരയില്‍ മുഹമ്മദ് ഷമിയാണ് തിളങ്ങിയത്. മൂന്ന് വിക്കറ്റുകളാണ് ഷമി നേടിയത്. കോട്രല്‍ രണ്ട് വിക്കറ്റുകള്‍ നേടി. രവി ബിഷ്ണോയിക്കാണ് മറ്റൊരു വിക്കറ്റ്. ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

Latest