Connect with us

Articles

വളരുന്ന ഫാസിസം; മാറ്റമില്ലാത്ത പ്രതിരോധം

Published

|

Last Updated

ആധുനിക ഫാസിസം പല പേരുകളിലായി ലോകത്താകമാനം ജനിച്ചതും വളര്‍ന്നതും 1920-30 കാലഘട്ടത്തിലായിരുന്നു. പ്രമുഖമായ മതങ്ങള്‍ക്കിടയിലും മതേതരമാകാന്‍ ശ്രമിച്ച് മതനിരാസത്തില്‍ കലാശിച്ചവര്‍ക്കിടയിലും ഒരുപോലെ ഇക്കാലഘട്ടത്തില്‍ ഫാസിസ്റ്റ് മനസ്സ് രൂപപ്പെടുകയും മനുഷ്യ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഇറ്റലിയില്‍ ഫാസിസം വരുന്നതും ജര്‍മനിയില്‍ നാസിസം വളരുന്നതും ഇക്കാലഘട്ടങ്ങളിലായിരുന്നു. ഈ രണ്ട് പ്രസ്ഥാനങ്ങളും യൂറോപ്പിലെ അക്കാലഘട്ടത്തിലെ ക്രിസ്തു മത വിശ്വാസികള്‍ക്കിടയില്‍ ന്യൂനപക്ഷമായിരുന്ന ജൂതന്മാര്‍ക്കെതിരെ ശക്തമായ പ്രചാരണം ആരംഭിച്ചു. ഇന്ത്യയില്‍ ആര്‍ എസ് എസ് രൂപവത്കരിക്കുന്നത് 1925ലായിരുന്നു. ആര്‍ എസ് എസ് ഇന്ത്യയിലെ ന്യൂനപക്ഷമായിരുന്ന മുസ്‌ലിംകളെയാണ് ശത്രുപക്ഷത്ത് നിര്‍ത്തിയത്.

മുസ്‌ലിംകള്‍ക്കിടയില്‍ ഫാസിസ്റ്റ് മനോഭാവം കടത്തിക്കൂട്ടാന്‍ ശ്രമം നടത്തിയത് ഹസനുല്‍ ബന്നയുടെ കീഴില്‍ ഇഖ് വാനുല്‍ മുസ്‌ലിമീന്‍ രൂപവത്കരിച്ചതോടു കൂടിയാണ്. അഥവാ 1928ല്‍. ഇസ്‌ലാം ഒരിക്കലും മുന്നോട്ടുവെക്കാത്ത ആശയങ്ങളാണ് ഈ പ്രസ്ഥാനം ആവിഷ്‌കരിച്ചത്. സോവിയറ്റ് യൂനിയനില്‍ ലെനിനു കീഴില്‍ വളരെ കിരാതമായ കൂട്ടക്കൊലകള്‍ നടന്നതും ഇരുപതുകളുടെ തുടക്കത്തിലായിരുന്നു. ഈ പ്രസ്ഥാനങ്ങളൊക്കെ പരസ്പരം ആശയങ്ങള്‍ കടമെടുക്കുകയും തങ്ങളുടെ മതങ്ങളുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ അകത്തുനിന്ന് അതിനെ വ്യാഖ്യാനിച്ച് പുതിയ മുഖം നല്‍കുകയും ചെയ്തു. എല്ലാവരുടെയും ആത്യന്തികമായ ഫിലോസഫി ഒന്നായിരുന്നു. രാഷ്ട്രീയ അധീശത്വത്തിന് ഒരു ശത്രുവിനെ സ്വയം നിര്‍മിക്കുകയും ആ ശത്രുവിനെ പരമാവധി ക്രൂരമായി അവതരിപ്പിക്കുകയും അവരോട് പൊരുതാന്‍ അനുയായികളെ വളര്‍ത്തിയെടുക്കുകയും ചെയ്യുക. ഇതിന് മതത്തിന്റെയോ മറ്റോ പിന്‍ബലം കണ്ടെത്തുകയും ചെയ്യുക. ശത്രു വളരുന്നുവെന്ന് നിരന്തരം ഭയപ്പെടുത്തി സ്വയം വളരുക. അഥവാ ശത്രുവില്ലാതെ വളരാന്‍ കഴിയാത്ത പ്രസ്ഥാനങ്ങളാണ് ഇവയൊക്കെയും.
യൂറോപ്പ് ഫാസിസത്തെയും നാസിസത്തെയും പരാജയപ്പെടുത്തിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ജനങ്ങളുടെ മനസ്സുകളില്‍ നിന്ന് ഇവ പിഴുതെറിയാന്‍ അവര്‍ക്കായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഹിറ്റ്‌ലറും മുസ്സോളിനിയും വധിക്കപ്പെട്ടതിനു ശേഷവും ഈ രണ്ട് പ്രസ്ഥാനങ്ങളും പ്രത്യക്ഷമായി അസ്തമിച്ചതിനു ശേഷവും ജൂത വിരുദ്ധ വികാരം യൂറോപ്പില്‍ കത്തി നിന്നിരുന്നു. ഗതിമുട്ടിയ ജൂതമനസ്സുകള്‍ ഉയര്‍ന്നു ചിന്തിച്ചതിന്റെ ഫലമായിരുന്നു ഒരു സ്വതന്ത്ര രാഷ്ട്രം. ഇതിനെ ഫാസിസ്റ്റ് മനസ്സുള്ള യൂറോപ്പ് അകമഴിഞ്ഞു സഹായിക്കാനുണ്ടായ പ്രാഥമിക വികാരവും ഈ ജൂത വിരുദ്ധതയായിരുന്നു. അഥവാ യൂറോപ്പിനെ ജൂത മുക്തമാക്കുക. അതിനെ ഏഷ്യയിലേക്കോ ആഫ്രിക്കയിലേക്കോ പറിച്ചു നടുക. ഇന്ത്യയില്‍ ഇതേ ആവശ്യങ്ങളുമായാണ് ആര്‍ എസ് എസും പ്രവര്‍ത്തനമാരംഭിച്ചത്. ഹിറ്റ്‌ലറുടെ ഓരോ ആശയങ്ങളും ഹൈന്ദവ വത്കരിക്കുകയും മുസ്‌ലിംകളെ ശത്രുപക്ഷത്ത് അവരോധിക്കുകയും ചെയ്തു. മുസ്‌ലിം മുക്ത ഇന്ത്യയെ സ്വപ്‌നം കാണാന്‍ അണികള്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചു. മതവും ശത്രുവും മാറിയെന്നതൊഴിച്ചാല്‍ യൂറോപ്പിലെ ഫാസിസത്തോട് ഒരു നിലക്കും വ്യത്യാസപ്പെടാത്ത ആശയങ്ങളാണ് ഇവര്‍ മുന്നോട്ടുവെച്ചത്. സ്വാതന്ത്ര്യം നേടുന്നതു വരെ വിറ്റഴിക്കാന്‍ പ്രയാസപ്പെട്ടിരുന്ന ഈ കുടില ആശയം പിന്നെ വളര്‍ന്നുവന്നു. സ്വാതന്ത്ര്യത്തിനു ശേഷവും നെഹ്റുവിനെപ്പോലെയുള്ള അതികായന്മാരുടെ നേതൃത്വമുള്ളത് കൊണ്ടും ഗാന്ധി വധം നിമിത്തവും ഈ ആശയങ്ങള്‍ക്ക് പ്രത്യക്ഷമായ ഒരു വിജയം നേടിയെടുക്കാനായില്ല. എങ്കിലും അധികം വൈകാതെ അവരത് സാധിച്ചു. കാരണം ഫാസിസത്തിന്റെ വളര്‍ച്ചക്ക് രണ്ട് ഘട്ടമുണ്ടെന്ന് അവര്‍ക്കറിയാമായിരുന്നു. ആദ്യ ഘട്ടം ജനങ്ങളുടെ മനസ്സില്‍ ഫാസിസ്റ്റ് ആശയങ്ങള്‍ ഉറപ്പിക്കുക എന്നതായിരുന്നു. ഈ ഒന്നാം ഘട്ടം വിജയിച്ചാല്‍ രണ്ടാം ഘട്ടം വളരെ സുന്ദരമായി നേടിയെടുക്കാനുമാകും. 17 പേര്‍ കൂടി തുടങ്ങിയ ഒരു പ്രസ്ഥാനം പിന്നീട് വളര്‍ന്ന് വലിയ സംഘമായി മാറിയതിന്റെ പിന്നിലുള്ള രഹസ്യം വളര്‍ച്ചയുടെ ഒന്നാം ഘട്ടം വളരെ സുന്ദരമായി അവര്‍ തരണം ചെയ്തു എന്നതു തന്നെയാണ്. എന്നാലിത് ഇന്ത്യന്‍ ഫാസിസത്തിന്റെ മാത്രം പ്രത്യേകതയാണെന്നും വിചാരിക്കരുത്. ആഗോള രംഗത്ത് തീവ്ര വലതുപക്ഷം കൂടുതല്‍ ശക്തമായി ഇപ്പോള്‍ നിലയുറപ്പിക്കുന്നത് ജനങ്ങളുടെ മനസ്സുകളെ ഫാസിസ്റ്റ്‌വത്കരിച്ചത് കൊണ്ടുമാത്രമാണ്.
ഇവിടെയാണ് ഫാസിസ്റ്റ് വിരുദ്ധതയുടെ രീതിശാസ്ത്രം നാം പുനഃപരിശോധിക്കേണ്ടത്. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോഴും അതിനുമുമ്പും ഫാസിസത്തോട്, ഫാസിസം അവരോധിച്ച ശത്രുക്കളായ, മുസ്‌ലിം സമൂഹം സ്വീകരിച്ച നിലപാടുകള്‍ പൂര്‍ണാര്‍ഥത്തില്‍ തൃപ്തികരമായിരുന്നോവെന്ന് മുസ്‌ലിം സമൂഹത്തിലെ രാഷ്ട്രീയ, സാമുദായിക, വൈയക്തിക തലങ്ങളില്‍ പുനര്‍ ചിന്ത ആവശ്യമാണ്. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് പള്ളി പൊളിച്ചപ്പോഴും അതിനു മുമ്പ് വിഗ്രഹം ഒളിച്ചു കടത്തിയപ്പോഴും മറ്റുമെല്ലാം നാം സ്വീകരിച്ച സമര മുറകള്‍ക്കപ്പുറം വല്ലതും ചെയ്യാന്‍ കഴിയാത്ത, അല്ലെങ്കില്‍ ഒരല്‍പ്പമെങ്കിലും പിന്നോട്ടുപോയ ഒരു സമുദായമായി മാറിയെന്നതല്ലേ വാസ്തവം! ഇന്ത്യന്‍ ഫാസിസത്തിന്റെ മുമ്പില്‍ മുസ്‌ലിം സമൂഹം എന്താണ്/എന്തല്ല എന്ന് നിര്‍വചിക്കുന്നതില്‍ പോലും നാം പരാജയപ്പെട്ടുവെന്ന് വേണം മനസ്സിലാക്കാന്‍. ഫാസിസത്തിന് എക്കാലവും മുന്നില്‍ കിട്ടേണ്ടത് ഉറഞ്ഞുതുള്ളുന്ന, വൈകാരികത പേറിയ ശത്രുവിനെയാണ്.

അധിക വര്‍ഷങ്ങള്‍ പിന്നോട്ടു പോകേണ്ട. ബാബരി മസ്ജിദ് പൊളിച്ചത് മുതല്‍ എക്കാലവും ഓരോ ആണ്ട് സമയത്തും നാം എത്രമാത്രം വികാരപരമായാണ് കാര്യങ്ങളെ സമീപിച്ചത്? എന്നാല്‍ കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടയില്‍ ഫാസിസത്തിനുണ്ടായ വളര്‍ച്ചയുടെ തോത് ഉയരുകയും ചെയ്തു. എങ്കില്‍ ആരായിരിക്കും ഇതിനുത്തരവാദി? പ്രാദേശികതലം തൊട്ട് ദേശീയതലം വരെയുള്ള മുസ്‌ലിം വൈകാരിക ഇടപെടലുകളെ ഫാസിസം വളരാന്‍ ആയുധമാക്കി എന്നുവേണം കരുതാന്‍. ബാബരി മസ്ജിദ് പൊളിച്ചത് മുതല്‍ ഇന്നോളം വരെയും മുസ്‌ലിം സമൂഹത്തിന് ഇത്തരമൊരു ഗതി വരാതിരിക്കാന്‍ വല്ല ശ്രമങ്ങളുമുണ്ടായോ? ക്ഷേത്രത്തിന് തറക്കല്ലിട്ടതിന്റെ തൊട്ടുപിറ്റേ ദിവസമാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷകളുടെ റിസല്‍ട്ട് വരുന്നത്. ആദ്യ നൂറ് റാങ്കില്‍ ഒരൊറ്റ മുസ്‌ലിം മാത്രമാണ് ഇടം പിടിച്ചതെന്ന റിപ്പോര്‍ട്ടും അന്നാണ് വായിക്കാനിടയായത്. പൊളിച്ച പള്ളിക്കുവേണ്ടി വാദിക്കാന്‍ 28 വര്‍ഷങ്ങള്‍ക്കു ശേഷവും മര്യാദക്കൊരു മുസ്‌ലിം വക്കീല്‍ പോലും ഉണ്ടായില്ല. വൈകാരിക പ്രക്ഷുബ്ധതയില്‍ എല്ലാം നേടിയെടുക്കാനാകുമെന്ന് വിശ്വസിക്കുന്ന നാം ഏറ്റവും കൂടുതല്‍ നാണിച്ചുപോകുന്ന ഘട്ടമായിരുന്നുവത്. ആരാണ് യഥാര്‍ഥത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ ശത്രുവെന്നും ഇത് വ്യക്തമാക്കുന്നു. ഒരുപാട് കാലം നാം ചരിത്രപരമായ കാരണങ്ങള്‍ നിരത്തിയെങ്കിലും ചരിത്രത്തില്‍ അസംഖ്യം ജനത ഇതിലും കുറഞ്ഞ കാലംകൊണ്ട് ഉയര്‍ന്നുവന്നത് നാമാരും കണ്ടില്ല. പകരം എല്ലാം ഈ മുഷ്ടിയിലും വൈകാരിക പ്രപഞ്ചത്തിലും നാം ഒതുക്കി. ഫലത്തില്‍ ഒന്നും സംഭവിച്ചില്ല. ഫാസിസം വളരുക മാത്രം ചെയ്തു.
ചിലപ്പോഴൊക്കെ രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നുവരെ ചില സമരങ്ങളെ നാം പരിചയപ്പെടുത്തി. അധിനിവേശ ശക്തികള്‍ക്കെതിരെയും ഒരു പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും ഒരേ സമര മുറയാണ് വേണ്ടതെന്നും നാം നിനച്ചുവെച്ചു. ഫാസിസത്തെ ചെറുക്കേണ്ടതും പരാജയപ്പെടുത്തേണ്ടതും ആദ്യം മനസ്സ് കൊണ്ടാകണമെന്ന വിചാരം നമുക്ക് നഷ്ടപ്പെട്ടു. അല്ലെങ്കില്‍ അതിനുവേണ്ടി നാം ഒന്നും ചെയ്തില്ല. ഫാസിസം ഓരോ ദിവസവും അനേകായിരങ്ങളുടെ മനസ്സുകളില്‍ ഫാസിസ്റ്റ് വികാരം കുത്തിനിറച്ചപ്പോഴും നാം സമര മുഖത്ത് നഷ്ടപ്പെട്ടത് അയവിറക്കുന്ന തിരക്കിലായിരുന്നു. ശരിയാണ്, ബാബരി മസ്ജിദ് നഷ്ടപ്പെട്ടതില്‍ ദുഃഖിക്കാത്ത ഒരു മുസ്‌ലിമും ഉണ്ടാകില്ല. പക്ഷേ, അടുത്ത ഒരു പള്ളിക്ക് ഈ ഗതി വരാതിരിക്കാന്‍ നാം വല്ലതും ചെയ്യണമെന്ന് ചിന്തിക്കാന്‍ എത്ര പേര്‍ തയ്യാറായി എന്നതാണ് പ്രധാനം. ഇത് ആര്‍ എസ് എസിനെതിരെ മുദ്രാവാക്യം വിളിച്ചതുകൊണ്ട് ഒരിക്കലും നേടിയെടുക്കാനാകുന്നതല്ല. കാരണം ഓരോ മുദ്രാവാക്യവും ഓരോ പുതിയ അംഗത്തെ ലഭിക്കാന്‍ ആര്‍ എസ് എസിനെ സഹായിക്കുകയേയുള്ളൂ. അതിന് കഴിഞ്ഞ കാലം തന്നെയാണ് സാക്ഷി.

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ലോകത്ത് മൂന്ന് പള്ളികള്‍ക്കേ പ്രത്യേക സ്ഥാനമുള്ളൂ. ഇതില്‍ മസ്ജിദുല്‍ അഖ്സയുടെ നിയന്ത്രണം ഇന്നും ജൂതന്മാരുടെ കൈവശമാണ്. ഇതിനെതിരെയൊന്നും നാം കാണിക്കാത്ത വികാര പ്രകടനം ബാബരി മസ്ജിദിന്റെ വിഷയത്തില്‍ പുറത്തുവന്നത് ഫാസിസത്തിന്റെ കളിയായിരുന്നു എന്നുവേണം നാം വിശ്വസിക്കാന്‍. കാരണം ഈ വൈകാരികതയിലാണ് ആര്‍ എസ് എസ് വളരുന്നത്. ഈ അധ്യായം ഒരിക്കലും കൊട്ടിയടക്കാതെ സജീവമാക്കി നിര്‍ത്തി മുസ്‌ലിംകളെ ഇളക്കി നിര്‍ത്തേണ്ട ബാധ്യതയും ആര്‍ എസ് എസിന് മാത്രമാണ്. സ്വാഭാവികമായും സമൂഹം അതില്‍ വീണു. രാഷ്ട്രീയക്കാര്‍ വോട്ടിനു വേണ്ടി ഇരുപക്ഷത്തെയും വികാരത്തെ കത്തിക്കാനോ വികാരത്തിനൊപ്പം നില്‍ക്കാനോ ശ്രമിച്ചു. ഇനിയും സമുദായമേ നിങ്ങള്‍ക്കീ ഗതി വരരുതെന്ന് പറഞ്ഞു പഠിപ്പിക്കാന്‍ ആരുമില്ലാതെയായി. വൈകാരിക സിരകളിലേക്ക് എണ്ണയൊഴിച്ച് വോട്ടുപിടിക്കലായിരുന്നു കൂടുതല്‍ എളുപ്പം.

നേരത്തേ പറഞ്ഞതുപോലെ യൂറോപ്പില്‍ ഫാസിസവും നാസിസവും പ്രത്യക്ഷത്തില്‍ അസ്തമിച്ചിട്ടുപോലും മനസ്സുകളില്‍ നിന്ന് അവ അപ്രത്യക്ഷമാകാതെ, ന്യൂനപക്ഷത്തെ പുറത്താക്കുന്ന ഒരവസ്ഥയിലെത്തിച്ചെങ്കില്‍ തീര്‍ച്ചയായും മനസ്സുകളോട് പോരാടാന്‍ നാം പഠിക്കണം. അതിന് നമ്മുടെ തന്ത്രങ്ങള്‍ അടിമുടി മാറ്റണം. ഫാസിസത്തിന് ഇരയായ ജൂത സമൂഹം എത്രമാത്രം വളര്‍ന്നുവെന്നത് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വലിയ പാഠമാണ് നല്‍കുന്നത്. ഫാസിസ്റ്റ് വിരുദ്ധനായ ഓരോ മുസ്‌ലിമിന്റെ മനസ്സിലും ഈ ആവേശവും വികാരവുമാണ് വേണ്ടത്. അഥവാ വിചാരത്തിലൂന്നിയ വികാരം. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് ജന്മം നല്‍കിയതും വളര്‍ത്തുന്നതും ഫാസിസം തന്നെയാണ്. അതുകൊണ്ട് അടുത്ത 30 വര്‍ഷത്തിനുള്ളില്‍ മറ്റൊരു ബാബരി വരാതിരിക്കാന്‍ ചിന്താ ശേഷി നാം പ്രയോഗിക്കണം. ഭരണഘടനയും മാറിമാറിവന്ന സര്‍ക്കാറും പല ആനുകൂല്യവും നല്‍കിയിട്ടും ഒന്നും വേണ്ടതുപോലെ ഉപയോഗിക്കാന്‍ കഴിയാതെ പരിഭവപ്പെടുന്ന അവസ്ഥക്ക് ഒരു മാറ്റമാണ് വരേണ്ടത്. എങ്കില്‍ ന്യൂനപക്ഷമാണെങ്കില്‍ പോലും വിഷമിക്കേണ്ടി വരില്ല. അല്ലെങ്കില്‍ ഇന്ത്യയിലെ യഥാര്‍ഥ ഹിന്ദുക്കളെപ്പോലെ, മറ്റു മതങ്ങളെപ്പോലെ നാം മുസ്‌ലിംകള്‍ ഇനിയും വിഷമിക്കേണ്ടിവരും.

Latest