National
ആന്ധ്രാപ്രദേശിൽ മാസ്‌ക് ധരിക്കാൻ ഓർമിപ്പിച്ച ഭിന്നശേഷിക്കാരിയായ കീഴ്ജീവനക്കാരിക്ക് ക്രൂരമർദനം

ഹൈദരാബാദ് | മാസ്‌ക് ധരിക്കാൻ ഓർമിപ്പിച്ച ഭിന്നശേഷിക്കാരിയായ കീഴ്ജീവനക്കാരിയെ ആന്ധ്രാ ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥൻ ക്രൂരമായി മർദിച്ചു. നെല്ലൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ഓഫീസിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ഭാസ്‌കർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസമയം മറ്റ് ജീവനക്കാരും ഓഫീസിനുള്ളിൽ ഉണ്ടായിരുന്നു.
ആന്ധ്രപ്രദേശ് ടൂറിസം വകുപ്പിന് കീഴിലുള്ള നെല്ലൂരിലെ ഹോട്ടലിന്റെ ഡെപ്യൂട്ടി മാനേജരാണ് ഭാസ്‌കർ. മാസ്‌ക് ധരിക്കാൻ വനിതാ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടതിനെത്തുടർന്ന് ദേഷ്യം വന്ന ഭാസ്‌കർ സ്ത്രീയെ അവരുടെ മുടിയിൽ പിടിച്ച് വലിച്ച് ക്യാബിനുള്ളിൽ നിന്ന് പുറത്തേക്കിട്ട ശേഷം കൈയിൽ കിട്ടിയ ഇരുമ്പുദണ്ഡ് കൊണ്ട് നിർത്താതെ ആക്രമിക്കുകയായിരുന്നു.
ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയതിന്റെ ഭാഗമായി നിശ്ചിത ശതമാനം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തനം പുനരാരംഭിച്ച സർക്കാർ ഓഫീസുകളിൽ മാസ്‌ക് ധരിക്കലും സാനിറ്റൈസർ ഉപയോഗവും നിർബന്ധമാക്കിയിരുന്നു. മർദനത്തിനിരയായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആന്ധ്രപ്രദേശ് ടൂറിസം മന്ത്രി അവന്തി ശ്രീനിവാസ് അറിയിച്ചു. ഭാസ്‌കറിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനും ഉത്തരവിട്ടു.
ശനിയാഴ്ച എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. നിലവിലെ പ്രോട്ടോക്കോൾ പ്രകാരം വൈദ്യപരിശോധനയും കൊവിഡ് പരിശോധനയും നടത്തിയതായി നെല്ലൂർ എസ് പി പറഞ്ഞു. 354, 355, 324 വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Unacceptable! woman employee was attacked inside the office by a senior officer for reminding him about his missing #FaceMask. The shocking incident was recorded on CCTV camera, shows man thrashing the differently-abled woman contract worker in Nellore Govt office #AndhraPradesh pic.twitter.com/3ulxmHsHNK
— Aashish (@Ashi_IndiaToday) June 30, 2020