Connect with us

Kerala

കൊവിഡ് പ്രതിരോധം; കൃത്യമായ ക്ലസ്റ്റര്‍ മാനേജ്‌മെന്റ് സ്ട്രാറ്റജിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കൃത്യമായ ക്ലസ്റ്റര്‍ മാനേജ്‌മെന്റ് സ്ട്രാറ്റജി സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കേസുകളും സമ്പര്‍ക്കങ്ങളും ഒരു പ്രദേശത്തെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്നു മനസിലാക്കി കണ്ടെയിന്‍മെന്റ് മേഖലകള്‍ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. കണ്ടെയിന്‍മെന്റ് മേഖലയിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു വരുന്നതിനും കഴിയാവുന്നതും ഒരു വഴി മാത്രം ഉപയോഗിക്കാവുന്ന രീതിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്.

ആരോഗ്യ പ്രവര്‍ത്തക സംഘം വീടുകള്‍ തോറും സന്ദര്‍ശനം നടത്തി ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങള്‍ ബാധിച്ചവരുണ്ടോയെന്നു കണ്ടെത്തും. അവര്‍ക്ക് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തും. ഇവരില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ ഇവര്‍ ആരൊക്കെയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടെന്ന് പരിശോധിക്കും. തീവ്രരോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ കുറഞ്ഞത് 10,000 പരിശോധനകള്‍ നടത്തും.

കണ്ടെയിന്‍മെന്റ് മേഖലകളില്‍ കേസുകളുടെ എണ്ണം പെരുകുന്ന സ്ഥിതിയുണ്ടായാല്‍ നേരിടാനുള്ള സര്‍ജ് പ്ലാനും തയാറാക്കിയിട്ടുണ്ട്. രോഗികളെ ആശുപത്രികളിലെത്തിക്കുക, ആശുപത്രികളില്‍ അവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയവ ഉള്‍പ്പെടുന്ന സമഗ്രമായ പദ്ധതിയാണിത്. ഇത്തരത്തിലുള്ള പരമാവധി മുന്‍കരുതലുകള്‍ അതാതു സമയത്ത് സ്വീകരിക്കുന്നുണ്ട്. എന്നാല്‍, ജനങ്ങള്‍ ആത്മാര്‍ഥമായി സഹകരിച്ചാല്‍ മാത്രമേ അത് കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest