National
ബിഹാറില്‍ ഇടിമിന്നലേറ്റ് 83 മരണം
പാറ്റ്ന | ബിഹാറില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് 83 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും വ്യാപക നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ 23 ജില്ലകളിലാണ് ഇടിമിന്നല്‍ ദുരന്തം വിതച്ചത്.
ഗോപാല്‍ഗഞ്ച് ജില്ലയിലാണ് കൂടുതല്‍ പേര് മരിച്ചത്. 13 പേരാണ് ഇവിടെ മരിച്ചത്. നവാഡയിലും മധുബാനിയിലും എട്ട് വീതവും സിവാനിലും ഭഗല്പൂരിലും ആറ് വീതവും ഈസ്റ്റ് ചമ്പാരന്‍, ദര്‍ഭംഗ, ബങ്ക എന്നിവിടങ്ങളില്‍ അഞ്ച് വീതവും ഖഗാരിയ, ഔറംഗാബാദ് എന്നിവിടങ്ങളില്‍ മൂന്ന് വീതവും വെസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച്, ജിഹാനാബാദ്, ജമൂയ്, പുര്‍ണിയ, സുപൗല്‍, ബക്സാര്‍, കൈമൂര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും സമസ്തിപൂര്‍, ശിയോഹര്‍, സരന്‍, സീത്മഠി, മധേപുര എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും ഇടിമിന്നലേറ്റ് മരിച്ചു.
പരുക്കേറ്റ് 20 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വീടുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും മറ്റും നാശമുണ്ടായി. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.