Covid19
ഇന്ന് നാടണഞ്ഞത് ഐ സി എഫിന്റെ അഞ്ച് ചാര്‍ട്ടേഡ് വിമാനങ്ങള്‍

ജിദ്ദ | വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെയും വഹിച്ച് ഇന്ന് കേരളത്തിലെത്തിയത് ഐ സി എഫ് ചാര്‍ട്ടര്‍ ചെയ്ത അഞ്ച് വിമാനങ്ങള്‍. സഊദി അറേബ്യയിലെ റിയാദില്‍ നിന്നും ദമാമില്‍ നിന്നും കോഴിക്കോട്ടേക്ക് രണ്ട് വിമാനങ്ങളും മസ്‌കത്തില്‍ നിന്ന് രണ്ടും ബഹ്‌റൈനില്‍ നിന്ന് ഒരു വിമാനവുമാണ് എത്തിയത്. മര്‍കസ് അലുംനൈ ചാര്‍ട്ടര്‍ ചെയ്ത മറ്റൊരു വിമാനവും ഇന്ന് ജിദ്ദയില്‍ നിന്ന് കണ്ണൂരിലെത്തി.
സഊദിയില്‍ നിന്ന് പുറപ്പെട്ട ഐ സി എഫ് ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ മൊത്തം 345 യാത്രക്കാരാണുണ്ടായിരുന്നത്. ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്നാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. കൊവിഡ് കാരണം പ്രയാസത്തിലായ എല്ലാവര്‍ക്കും ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍, വൈദ്യ സഹായങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളാണ് മുഴുവന്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും ഐ സി എഫിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. നാട്ടില്‍ നിന്ന് ജീവന്‍ രക്ഷാമരുന്നുകള്‍ അടക്കം എത്തിച്ചു നല്‍കുന്നുമുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പുറപ്പെടും.