Connect with us

Articles

മലപ്പുറമെന്ന് കേട്ടാല്‍ തിളയ്ക്കണം ചോര...

Published

|

Last Updated

വര്‍ഗീയ വിദ്വേഷം പടര്‍ത്തി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള തത്രപ്പാടിലാണ് ആര്‍ എസ് എസും സംഘ്പരിവാര്‍ പ്രഭൃതികളും. തങ്ങളുടെ ആശയം നട്ടുമുളപ്പിക്കാന്‍ ലഭിക്കുന്ന ഏതവസരവും ഹിന്ദുത്വവാദികള്‍ പാഴാക്കാറില്ല. 94 വര്‍ഷങ്ങള്‍ക്ക് മുമ്പ് നാഗ്പൂരിലെ സംഘബില്‍ഡിംഗ് റോഡിലെ ഹെഡ്‌ഗേവാര്‍ ഭവനില്‍ രൂപവത്കൃതമായതു മുതല്‍ ഇന്നേ വരെയുള്ള ആര്‍ എസ് എസിന്റെ വികാസപരിണാമങ്ങളെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്നത് നുണപ്രചാരണങ്ങളിലാണ്. അതിന്റെ ഏറ്റവും പുതിയ വേര്‍ഷനുകളാണ് കേരളത്തിനെതിരെയും വിശിഷ്യാ മലപ്പുറത്തിനെതിരെയും അടുത്ത ദിവസങ്ങളിലായി സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നു കൊണ്ടിരിക്കുന്ന ആരോപണങ്ങള്‍.

വീഴ്ചകള്‍ മറച്ചുവെക്കാന്‍ തീവ്ര വലതുപക്ഷം എപ്പോഴും ആയുധമാക്കാറുള്ളത് അപര വിദ്വേഷത്തെയാണ്. ജൂതവെറിയില്‍ കുരുത്ത ഫാസിസവും മുസ്്ലിം വിരുദ്ധതയിലൂന്നിയ സംഘ്പരിവാരവും അതിന്റെ വ്യത്യസ്ത വകഭേദങ്ങള്‍ മാത്രമാണ്. സാമ്പത്തിക പ്രതിസന്ധിയും കുടിയേറ്റ തൊഴിലാളി പ്രശ്‌നവും ക്ഷതമേല്‍പ്പിച്ച മോദി പ്രഭാവത്തിന് തിളക്കം വര്‍ധിപ്പിക്കാനാണ് ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരെ തന്നെ ഇത്തരം വ്യാജോക്തികളുമായി രംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് വേണം കരുതാന്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വിലാസത്തിലായിരുന്നു ആദ്യ വെടി. ഏഴ് നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പഴയങ്ങാടി പള്ളി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ് എന്ന ഗീബല്‍സിയന്‍ നുണപ്രഖ്യാപനമായിരുന്നു അത്. രണ്ടാമത്തേത് മുന്‍ കേന്ദ്ര മന്ത്രിയും യു പിയിലെ സുല്‍ത്താന്‍പൂര്‍ എം പിയുമായ മേനകാ ഗാന്ധിയുടെ വകയും. അതിലുപരി അപകടകരമാണ് ഈ പ്രസ്താവനകള്‍ ഏറ്റുപിടിച്ച് സംഘ്പരിവാര്‍ അക്കൗണ്ടുകള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുകയും ട്വിറ്ററടക്കമുള്ള നവമാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അടിസ്ഥാനരഹിതമായ പോസ്റ്റുകള്‍.

അജിത് ഡോവലിന്റെയും മേനകാ ഗാന്ധിയുടെയും വാദങ്ങള്‍ക്ക് സാമ്യതകളേറെയുണ്ട്. വിഷയ സംബന്ധിയായ പ്രാഥമിക അന്വേഷണങ്ങള്‍ക്ക് പോലും ശ്രമിക്കാതെയാണ് ഇരുവരും കുപ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. “ഒരിക്കല്‍ സുബ്രഹ്മണ്യ ക്ഷേത്രമായിരുന്ന ഈ ചരിത്ര സൗധം ഇപ്പോള്‍ പഴയങ്ങാടി പള്ളി എന്ന പേരിലാണ് അറിയപ്പെടുന്നത്” എന്നായിരുന്നു പോസ്റ്ററിലെ ഡോവലിന്റെ കണ്ടെത്തല്‍. താഴെ കൊണ്ടോട്ടി, മലപ്പുറം, കേരള എന്നും നല്‍കിയിരിക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന ഏറെ പ്രാധാന്യമുള്ള ഒരു പദവിയിലിരിക്കുന്ന ഒരാള്‍ക്ക് വന്നുഭവിച്ച നിലവാരത്തകര്‍ച്ചയുടെ പ്രതീകമായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്. ആരോപണം പഴയങ്ങാടി പള്ളിയെ കുറിച്ചാണെങ്കിലും നല്‍കിയിരിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടില്‍ കൊണ്ടോട്ടിയില്‍ ജീവിച്ച മുഹമ്മദ് ശാ തങ്ങളുടെ സ്മാരകത്തിന്റെ ചിത്രമാണ്.

കേരളം, മലപ്പുറം എന്നീ സ്ഥലനാമങ്ങളോടും ഇവിടുത്തെ സാമുദായിക ഐക്യത്തോടും സംഘ്പരിവാര്‍ പുലര്‍ത്തുന്ന ഈര്‍ഷ്യതയുടെ നേര്‍സാക്ഷ്യമാണ് കൊണ്ടോട്ടിയെന്ന ഉള്‍നാടിന്റെ ചരിത്രത്തില്‍ വിഷം കലക്കാനുള്ള ഈ ശ്രമം. വനം വെട്ടിത്തെളിച്ച് ഹൈന്ദവ സഹോദരങ്ങളുടെ സഹകരണത്തോടെയാണ് പതിനാലാം നൂറ്റാണ്ടില്‍ കൊണ്ടോട്ടി പഴയങ്ങാടി പള്ളി നിര്‍മിക്കപ്പെടുന്നത്. പതിനെട്ടാം നൂറ്റാണ്ടുവരെ ഹിന്ദു നാടുവാഴികളും ശേഷം ബ്രിട്ടീഷുകാരുമാണ് കൊണ്ടോട്ടി ഭരിച്ചിരുന്നത്. അവരെല്ലാം നിസ്സംശയം മുസ്്ലിംകളുടെ ആരാധനാലയമായി അംഗീകരിച്ച വിശുദ്ധ ഭവനമാണത്. മധ്യകാല കേരളത്തില്‍ നിലവിലുണ്ടായിരുന്ന മുസ്‌ലിം ആരാധനാലയങ്ങളുടെ വാസ്തു ശിൽപ്പ മാതൃകയിലാണ് പള്ളിയുടെ ഘടന. പ്രാദേശികമായി നാളിതുവരെ മറ്റൊരു മതസ്ഥരും പള്ളിക്ക് അവകാശമുന്നയിച്ചിട്ടില്ല. പക്ഷേ, വര്‍ഗീയ ഭ്രമം ബാധിച്ചവര്‍ക്ക് അവയൊന്നും പരിഗണനാ വിഷയമല്ല. നിക്ഷിപ്ത താത്പര്യങ്ങളാണ് അവരെ നയിക്കുന്നത്. ഉത്തരേന്ത്യയില്‍ രാഷ്ട്രീയ അപ്രമാദിത്വം നേടിയെടുക്കാന്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ പ്രായോഗികവത്കരിക്കാന്‍ അവര്‍ കേരളത്തില്‍ ഇടം തേടുകയാണ്.

മലപ്പുറം രാജ്യത്തെ ഏറ്റവും അരക്ഷിതമായ ജില്ലയാണ്, മൃഗങ്ങള്‍ക്കെതിരെയുള്ള അക്രമ പരമ്പരകള്‍ അവിടെ സാധാരണമാണ്, കേരളത്തില്‍ നൂറ് കണക്കിന് ആനകളെയാണ് ഓരോ വര്‍ഷവും കൊന്നു തള്ളുന്നത് തുടങ്ങിയ മേനകാ ഗാന്ധിയുടെ പരാമര്‍ശങ്ങളും യാഥാര്‍ഥ്യത്തിന് നിരക്കാത്തതും ന്യൂനപക്ഷങ്ങളോടുള്ള ശത്രുത നിറഞ്ഞതുമാണ്. മുസ്്ലിം ഭൂരിപക്ഷ പ്രദേശത്താണ് ആന ചരിഞ്ഞതെന്നും ഹിന്ദുക്കള്‍ വിശുദ്ധ മൃഗമായി കാണുന്ന ആനയെ മുസ്്ലിംകളാണ് പടക്കം വെച്ച് കൊന്നതെന്നും അതേ തുടര്‍ന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ അരങ്ങേറുന്ന നാട് എന്നാണല്ലോ മേനകാ ഗാന്ധി മലപ്പുറത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. നിസ്സാരമായി കാണേണ്ട കേവലം വാചോടാപങ്ങള്‍ മാത്രമല്ല ഇത്. പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളില്‍ അരങ്ങേറിയ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലേക്കാണ് ഇത്തരം മലപ്പുറം വിരുദ്ധതയുടെ വംശാവലി ചെന്നു ചേരുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രത്തിന്റെ ഭാഗമായി ബ്രിട്ടീഷ് കോടതികളും പോലീസും സൃഷ്ടിച്ച അപവാദങ്ങളാണ് ഇവക്കാധാരം. 1921ലെ മലബാര്‍ സമരകാലത്ത് തീവ്രഹിന്ദുത്വ വാദികള്‍ ഉത്തരേന്ത്യയിലുടനീളം വര്‍ഗീയത വളര്‍ത്താന്‍ മലബാര്‍ വിരുദ്ധ പ്രചാരണങ്ങള്‍ ശക്തമാക്കി. മതഭ്രാന്തന്മാരായ മാപ്പിളമാര്‍ ഹിന്ദുക്കളെ പീഡിപ്പിക്കുന്നുവെന്നായിരുന്നു അന്നത്തെ മുറവിളി. ആര്‍ എസ് എസിന്റെ രൂപവത്കരണ കാരണങ്ങളിലൊന്ന് മലപ്പുറത്തെ കരിവാരിത്തേച്ചുള്ള ലഘുലേഖകളും പത്രവാര്‍ത്തകളുമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. പല അക്രമങ്ങളും അതേ തുടര്‍ന്ന് സംഭവിച്ചു. പ്രിന്റ് മീഡിയയെ മാത്രം ആശ്രയിച്ചിരുന്ന ഒരു കാലത്ത് അപവാദങ്ങള്‍ക്ക് ഇത്രത്തോളം പ്രഹര ശേഷിയുണ്ടായിരുന്നെങ്കില്‍ ട്വിറ്ററും വാട്‌സ് ആപ്പും ഫേസ്ബുക്കുമെല്ലാം വാഴുന്ന സമകാലത്ത് ഹിന്ദി ബെല്‍റ്റിലെ ന്യൂനപക്ഷങ്ങളെയും വരും കാലത്തെ കേരളീയ സാമൂഹികാന്തരീക്ഷത്തെയും ഇവ എത്ര കണ്ട് മലീമസമാക്കുമെന്നത് അതീവ ഗൗരവമായ പ്രതിസന്ധിയാണ്.

വ്യാജ പ്രചാരണങ്ങള്‍ക്ക് ഔദ്യോഗികമായ മറുപടികള്‍ വരാറുണ്ടെങ്കിലും അവക്ക് ദീര്‍ഘായുസ്സുണ്ടാകാറില്ല. ആന കൊല്ലപ്പെട്ടത് പാലക്കാടാണ് എന്നും മരണ കാരണം പടക്ക പ്രയോഗമല്ല എന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടും സംഘികളുടെ മലപ്പുറം വിരുദ്ധ ക്യാമ്പയിന്‍ അവസാനിച്ചിട്ടില്ല, അവസാനിക്കുകയുമില്ല. സംഘികളുടെ ലക്ഷ്യം ആനയുടെ സുരക്ഷയല്ല, ന്യൂനപക്ഷ ശത്രുതയാണ്. നുണപ്രയോഗങ്ങള്‍ ആവര്‍ത്തിച്ച് അവക്ക് അവര്‍ സത്യത്തിന്റെ പരിവേഷം നല്‍കും. 2017ല്‍ ആരംഭിച്ച അത്തരമൊരു കിംവദന്തി ഇപ്പോഴും നിലനില്‍ക്കുന്നത് അതിന് തെളിവാണ്. മലപ്പുറത്ത് മുസ്്ലിംകള്‍ക്കല്ലാതെ ഭൂമി വാങ്ങാന്‍ കഴിയില്ല എന്ന ഫെയ്ക്ക് ന്യൂസായിരുന്നു അത്. “ഞാന്‍ മലപ്പുറത്തുകാരിയാണ്. ഞാനും കുടുംബവും ഇവിടെ നൂറ്റാണ്ടുകളായി ഭൂമി കൈവശം വെക്കുന്നവരാണ്. നിങ്ങള്‍ വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം” എന്ന് അന്നത്തെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന നിരുപമാ റാവു ട്വിറ്ററില്‍ കുറിച്ചിട്ടും കള്ളപ്രചാരണങ്ങള്‍ക്ക് ഇതുവരെ അറുതിയുണ്ടായിട്ടില്ല.

മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കുപ്രസിദ്ധമാണ് കേരളവും മലപ്പുറവും എന്നാണ് മറ്റൊരു പ്രചാരണം. എന്നാല്‍ പാര്‍ലിമെന്റ് റെക്കോര്‍ഡുകള്‍ പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷം ഇന്ത്യയില്‍ ആകെ കൊല്ലപ്പെട്ട ആനകളുടെ എണ്ണം അഞ്ഞൂറ്റിപ്പത്താണ്. അവയില്‍ കേരളത്തില്‍ നിന്ന് നാല്‍പ്പത്തി രണ്ടെണ്ണം മാത്രമേയുള്ളൂ. താരതമ്യേന ആനകളുടെ എണ്ണം കൂടുതലുള്ള ഒരു സംസ്ഥാനത്തെ കണക്കാണിത്. മേനകാ ഗാന്ധിയുടെ വാക്കുകളെ നിഷ്പ്രഭമാക്കുന്നതാണ് ഈ സ്ഥിതിവിവരക്കണക്ക് എന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകും. എന്നാല്‍ ഒരു ആനയുടെ കൊലപാതകത്തിന്റെ പേരില്‍ കേരളത്തോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സംഘ്പരിവാര്‍ അനുകൂലികളുടെ അപവാദ പ്രചാരണങ്ങള്‍ കേവലം കൊട്ടിഘോഷങ്ങളല്ല, ഭരണ കൂട പിന്തുണയുള്ളവയാണ് എന്ന തിരിച്ചറിവാണ് നമുക്കീ നടപടി നല്‍കുന്നത്.
ക്രിയാത്മകവും ധൈഷണികവുമായ പ്രതിരോധ ശ്രമങ്ങളാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യം. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ഹിന്ദുത്വ വാദികള്‍ അപവാദങ്ങള്‍ പരത്തുന്നത്, ട്വിറ്ററാണ് അവരുടെ മാധ്യമം. അത്തരം പോസ്റ്റുകള്‍ക്ക് ഫേസ്ബുക്കില്‍ മലയാളത്തില്‍ മറുപടി പറഞ്ഞത് കൊണ്ടായില്ല. ഭരണ, പ്രതിപക്ഷ ഭേദമന്യേ മലയാളികളുടെ പ്രബുദ്ധതയും നമുക്ക് തുണയാകില്ല. ഇന്ത്യന്‍ ഭൂപടത്തിലെ രണ്ട് ശതമാനം വിസ്തൃതിയുള്ള പ്രദേശം മാത്രമാണ് കേരളം. യാഥാര്‍ഥ്യം ഒരിടത്തൊതുങ്ങുമ്പോള്‍ നുണകള്‍ ഭൂരിപക്ഷ മനസ്സുകളില്‍ അലയൊലികള്‍ സൃഷ്ടിക്കും. അക്കങ്ങളുടെ മേനിപറച്ചില്‍ കൂടിയാണല്ലോ ജനാധിപത്യം. അവിടെ അതിജയിക്കണമെങ്കില്‍ അല്‍പ്പം വിയര്‍ക്കേണ്ടി വരും. കൃത്യമായ ആസൂത്രണത്തോടെ, ഒത്തൊരുമിച്ച് നീങ്ങിയാലേ നമുക്കീ സത്യവും അസത്യവും തമ്മിലുള്ള മത്സരത്തില്‍ ജയിക്കാനാകൂ. ഇല്ലെങ്കില്‍ സത്യം വീഴും, നുണകള്‍ വാഴും.

Latest