Connect with us

Articles

പ്രാര്‍ഥനയുടെയും പ്രതീക്ഷയുടെയും റമസാന്‍

Published

|

Last Updated

വിശുദ്ധ റമസാന്‍ നമ്മിലേക്ക് സമാഗതമായിരിക്കുന്നു. അല്ലാഹുവിന് സ്തുതികള്‍. ഈ റമസാന്‍ നേരത്തേ നമ്മള്‍ ശീലിച്ചു പോന്ന റമസാന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. കൊറോണ വൈറസ് ഉണ്ടാക്കിയ കെടുതി കാരണം ലോകമാകെ മനുഷ്യര്‍ വീടുകളിലേക്കും താമസ സ്ഥലങ്ങളിലേക്കും ചുരുങ്ങേണ്ടി വന്നിരിക്കുന്നു. സമൂഹമായി നിര്‍വഹിക്കേണ്ട ആരാധനകളും കര്‍മങ്ങളും ഇപ്പോള്‍ അസാധ്യമാണ്. അതിനാല്‍ തന്നെ ഈ റമസാനെ നാം അഭിമുഖീകരിക്കേണ്ടത് വളരെ ശ്രദ്ധയോടെയും ജാഗ്രതയോടെയുമാണ്.

റമസാന്റെ സവിശേഷതകളെ കുറിച്ച് നബി (സ) ധാരാളമായി വിവരിച്ചിട്ടുണ്ട്. അതിലേറ്റവും പ്രധാനമാണ്, ഒരാള്‍ വിശ്വാസത്തോടെയും പ്രതിഫലം ആഗ്രഹിച്ചും നോമ്പനുഷ്ഠിച്ചാല്‍ അന്ന് വരെയുള്ള അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും എന്നുള്ളത്. മറ്റൊരു ഹദീസില്‍ റസൂല്‍(സ) പറഞ്ഞത്, റമസാന്‍ ആഗതമായാല്‍ സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും പിശാചിനെ ബന്ധിക്കുകയും ചെയ്യും എന്നാണ്. അഥവാ, ഈ മാസം നന്മയുടെയും വിമോചനത്തിന്റെതുമാണ്. ദുഷിപ്പുകളില്‍ നിന്ന് മനുഷ്യനെ മുക്തനാക്കാനായി അല്ലാഹു സജ്ജീകരിച്ചതാണ്.

കൊറോണ കാലം ഒരര്‍ഥത്തില്‍ വിശ്വാസികള്‍ക്ക് അവരുടെ സ്വത്വത്തിലേക്കു തിരികെയെത്താന്‍ കാരണമായിട്ടുണ്ട്. ഭൗതികമായ പലതരം സുഖാഡംബരങ്ങളില്‍ നിന്ന് എല്ലാവര്‍ക്കും മുക്തരായി നില്‍ക്കേണ്ടി വന്നിരിക്കുന്നു. നാം അബലരാണ്, കണ്ണുകള്‍ക്ക് കാണാനാകാത്ത ചെറിയൊരു വൈറസാണ് ലോകത്തിന്റെ മുഴുവന്‍ ഗതിവിഗതികളെ സ്തംഭിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്. ഈ കാലം, നമ്മെ ഒറ്റപ്പെടലുകളെ ഓര്‍മിപ്പിക്കുന്നു. മരണത്തെയും അതിനു ശേഷമുള്ള ജീവിതത്തെയും ഓര്‍മിപ്പിക്കുന്നു. ആത്മീയമായി ചിട്ടയുള്ള ജീവിതം നയിക്കാനുള്ള ആലോചനകള്‍ ഹൃദയത്തിലേക്ക് നല്‍കുന്നു. അതിനാല്‍, മുമ്പുള്ള റമസാനുകളെക്കാള്‍ ഏറെ പ്രാധാന്യത്തോടെ ഈ റമസാന്‍ മാസത്തെ നാം കാണണം. ഒരര്‍ഥത്തില്‍, തിരക്കുകളില്‍ നിന്നുള്ള ഈ വിട്ടുനില്‍ക്കല്‍ റമസാനില്‍ അനുഗ്രഹമാണ്. മറ്റെല്ലാ ചിന്തകളും മാറ്റിവെച്ച് അല്ലാഹുവിലേക്ക് അടുക്കാന്‍ സാധിക്കുന്നു.

അല്ലാഹുവിന്റെ ഭവനങ്ങളില്‍ പോയി നിസ്‌കരിക്കാനോ ഒരുമിച്ചുള്ള ഇഫ്താര്‍ സംഗമങ്ങള്‍ക്കോ നമുക്കിപ്പോള്‍ സാധ്യമല്ല. ജുമുഅയും പള്ളിയിലെ ജമാഅത്തും ഒക്കെ ഇല്ലാതാകുകയെന്നത് വലിയ നഷ്ടമാണ്. അല്ലാഹുവിന്റെ വിധികളെ തടുക്കാന്‍ നമുക്കാകില്ലല്ലോ. എന്നാല്‍, മനമുരുകിയുള്ള പ്രാര്‍ഥനകളിലൂടെ ഈ മഹാമാരിയില്‍ നിന്ന് രക്ഷ തരാന്‍ അല്ലാഹുവിനോട് നമുക്ക് തേടാം.
നമ്മുടെ വീടായിരിക്കുന്നു റമസാന്‍ രാപകലുകളിലെ പൂര്‍ണമായ വ്യവഹാര കേന്ദ്രം. അതിനാല്‍, ആ വീട്ടിലേക്ക് റഹ്മത്തിന്റെ മലക്കുകള്‍ ധാരാളമായി കടന്നുവരുന്ന സ്ഥിതിയുണ്ടാകണം. റമസാനിലെ സുന്നത്തായ അമലുകളില്‍ ഒന്നുപോലും നഷ്ടപ്പെടില്ലെന്നു നാം ഉറപ്പുവരുത്തണം. തറാവീഹ് എല്ലാവരും നിസ്‌കരിക്കണം. വീട്ടിലെ അംഗങ്ങള്‍ ചേര്‍ന്ന് ജമാഅത്തായി അത് നിര്‍വഹിക്കണം. ഫര്‍ള് നിസ്‌കാരങ്ങളും അപ്രകാരം തന്നെ വീട്ടില്‍ വെച്ച് ജമാഅത്തുകളായി നിര്‍വഹിക്കാനാകണം. എല്ലാ നിസ്‌കാരങ്ങള്‍ക്ക് ശേഷവും അല്ലാഹുവിനോട് മനമുരുകി പ്രാര്‍ഥിക്കണം; വേദനാജനകമായ ഈ കാലം പെട്ടെന്ന് കഴിഞ്ഞുപോകാന്‍.

ഖുര്‍ആനിന്റെ മാസമാണിത്. ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനും നാം പ്രത്യേക സമയം കണ്ടെത്തുക. ഒഴിവു സമയം ആയതിനാല്‍ ധാരാളമായി ഓതാന്‍ സമയം ലഭിക്കും. എത്രയോ ആലിമുകള്‍ ഓണ്‍ലൈനില്‍ ഖുര്‍ആന്‍ ക്ലാസുകള്‍ നടത്തുന്നുണ്ട്. അത്തരം അറിവുകള്‍ നാം കരസ്ഥമാക്കുക. കുട്ടികള്‍ക്ക് നന്നായി ഖുര്‍ആന്‍ ഓതാന്‍ പഠിപ്പിക്കണം. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ആവിഷ്‌കരിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഒരു മാസമായി ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ ഡിജിറ്റല്‍ സഹായത്തോടെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അത്തരം വേദികള്‍ അവര്‍ക്കായി നാം ഉപയോഗപ്പെടുത്തണം.

റമസാനിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അമലാണ് സ്വദഖ. പാവങ്ങളെ നാം സഹായിക്കണം. വിഷമകരമായ ഈയവസ്ഥയില്‍ നിത്യേന തൊഴില്‍ ചെയ്തു ജീവിക്കുന്ന ആയിരങ്ങള്‍ കഷ്ടപ്പെടുന്നവരുണ്ടാകും. നമ്മുടെ കുടുംബങ്ങളില്‍ പ്രയാസപ്പെടുന്നവരുണ്ടാകും. അവരെയൊക്കെ നാം സഹായിക്കണം. കേരളം കൊറോണയെ അതിജയിക്കുന്ന പ്രക്രിയയില്‍ ലോകമാകെ പ്രശംസിക്കപ്പെടുന്ന തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രോഗികളെ സഹായിക്കാനും പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യം എത്തിക്കാനും മറ്റുമായും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച ദുരിതാശ്വാസ നിധിയിലേക്കും നമ്മുടെ സംഭാവനകള്‍ എത്തണം. ഏറ്റവും നല്ല ധര്‍മിഷ്ഠനായിരുന്ന റസൂല്‍ റമസാന്‍ ആകുമ്പോള്‍ അധികരിച്ചു കൊടുക്കുമായിരുന്നു.

നോമ്പ് തുറകള്‍ നമ്മുടെ വീടിനകത്തേക്ക് ലഘുവാക്കുന്നതിനോടൊപ്പം, നമ്മുടെ അയല്‍പക്കത്തൊക്കെയുള്ളവര്‍ക്ക് നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ എത്തിക്കണം. നമ്മേക്കാള്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കും സാമാന്യം നന്നായി നോമ്പ്തുറയും അത്താഴവും ഒക്കെ സാധ്യമാകണം.

വിശ്വാസിയുടെ ഭാവി പ്രവചനാതീതമാണ്. എപ്പോഴാണ് നമ്മുടെ അന്ത്യം എന്നതെല്ലാം അല്ലാഹുവിന്റെ നിശ്ചയമാണല്ലോ. അതിനാല്‍, നമുക്ക് മുമ്പിലുള്ള സുവര്‍ണ നാളുകളെ പരമാവധി പ്രയോജനപ്പെടുത്തണം. ഖബറെന്ന വീടിന്റെ ഒറ്റപ്പെടലില്‍ സാന്ത്വനവും ആശ്വാസവും ആകുന്നത്, അല്ലാഹുവിനെ ധ്യാനിച്ച് നാം ചെയ്ത പ്രവര്‍ത്തനങ്ങളാണ്. ദുനിയാവ് നല്‍കുന്ന സൗകര്യങ്ങള്‍ അനേകമാണിപ്പോള്‍. സമയം തീര്‍ക്കാന്‍ എത്രയോ വഴികള്‍. അത്തരം, നൈമിഷിക ആഹ്ലാദങ്ങളില്‍ ആകരുത് നമ്മുടെ ശ്രദ്ധ. ആഖിറത്തിലേക്ക് നമുക്ക് സമ്പാദ്യം വര്‍ധിപ്പിക്കണം. അതിന് ഈ 30 ദിനരാത്രങ്ങള്‍ നാം സദാ ജാഗരൂകരാകണം.

---- facebook comment plugin here -----

Latest