Covid19
സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കൊവിഡ് ; 16 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ 10, പാലക്കാട് 4, കാസര്‍കോട് 3, മലപ്പുറം, കൊല്ലം ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. 16 പേര് രോഗമുക്തി നേടി.
കണ്ണൂരില്‍ രോഗം സ്ഥീരീകരിച്ച പത്ത് പേരില്‍ ഒമ്പത് പേര് വിദേശത്തുനിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, മലപ്പുറം , കൊല്ലം എന്നീ ജില്ലകളില്‍ രോഗം ബാധിച്ചവര്‍ തമിഴ്നാട്ടില്‍നിന്നും എത്തിയവരാണെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അതിര്‍ത്തികളില്‍ നിയന്ത്രണം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 426 ആയി. 117 പേര് ചികില്‍സയിലുണ്ട്. 36,667 പേര് നിരീക്ഷണത്തിലാണ്. 36,335 പേര് വീടുകളിലും 332 പേര് ആശുപത്രികളിലും നീരീക്ഷണത്തില്‍. ഇന്ന് 102 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 20,252 സാംപിള്‍ പരിശോധനക്ക് അയച്ചു. 19,442 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
ഇന്ന് 16 പേര്‍ക്കാണ് രോഗം ഭേദമായത്. കണ്ണൂര്‍ 7, കാസര്‍കോട് 4, കോഴിക്കോട് 4, തിരുവനന്തപുരം 1. ഇപ്പോള്‍ കൂടുതല്‍ കോവിഡ് രോഗികളുള്ളത് കണ്ണൂരിലാണ്. ഇതുവരെ 104 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു വീട്ടില്‍ സമ്പര്‍ക്കം വഴി 10 പേര്‍ക്ക് രോഗം വന്നു. അതിനാലാണ് ജില്ലയില്‍ വലിയ തോതില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
രോഗലക്ഷണമില്ലെങ്കിലും മാര്‍ച്ച് 12നും ഏപ്രില്‍ 22നും ഇടയില്‍ നാട്ടിലെത്തിയ പ്രവാസികളെയും അവരുടെ ഹൈറിസ്ക് കോണ്ടാക്ടുകളിലുള്ള മുഴുവന്‍ പേരുടെയും സാംപിള്‍ പരിശോധിക്കും. 53 പേരാണ് ഇപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം ചികിത്സയിലുള്ളത്. പോസിറ്റീവ് കേസുകള്‍ കൂടിയതിനാല്‍ ലോക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുന്നു എന്നുറപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധനയും ഏര്‍പ്പെടുത്തി. ജില്ലയില്‍ റോഡിലിറങ്ങുന്ന എല്ലാ വാഹനവും ഒരു പോലീസ് പരിശോധനയ്ക്ക് എങ്കിലും വിധേയമാകും എന്ന്ഉറപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു