Covid19
ലോക്ക് ഡൗണ്‍: ഏപ്രില്‍ 14ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കും
ന്യൂഡല്‍ഹി | കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കും. 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിക്കുന്ന അവസരത്തില്‍ തുടര്‍ നടപടികള്‍ അദ്ദേഹം വിശദീകരിക്കുമെന്നാണ് സൂചന. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി പ്രധാന മന്ത്രി നടത്തുന്ന കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും തീരുമാനമെടുക്കുക.
നിലവിലെ സാഹചര്യത്തില്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാനാണ് സാധ്യത. സാമൂഹിക അകലം പാലിച്ച്, ഇളവുകള്‍ നല്കി അവശ്യ മേഖലകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാണ് നീക്കം. ആഭ്യന്തര യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടര്‍ന്നേക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുതന്നെ കിടക്കും. വിമാന സര്‍വീസ് കര്‍ശന നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചേക്കും.
അതിനിടെ, ഒഡീഷ, പഞ്ചാബ് സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിക്കഴിഞ്ഞിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളും ഇതേ നിലപാട് സ്വീകരിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.