Connect with us

Editorial

കൊറോണ പ്രതിസന്ധി പ്രവാസ ലോകത്തും

Published

|

Last Updated

കൊറോണ രോഗ ബാധിതരെയും രോഗസാധ്യതയുള്ളവരെയും ചികിത്സിക്കാനും കൊറോണ ഭീതിയില്‍ ജീവിതം വഴിമുട്ടിയവരെ സഹായിക്കാനും കേരളത്തില്‍ വിപുലമായ സൗകര്യങ്ങളുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പുറമെ സന്നദ്ധ സംഘടനകളും ഈ രംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്തു വരുന്നു. എന്നാല്‍ കൊവിഡ് 19 വൈറസ് പടര്‍ന്നു പിടിച്ച വിദേശ രാജ്യങ്ങളിലെ കേരളീയരായ നമ്മുടെ സഹോദരങ്ങളുടെ കാര്യം ആശങ്കയിലാണ് പൊതുവെ. രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ വേണ്ടത്ര സുരക്ഷാ സജ്ജീകരണങ്ങളില്ലാതെയാണ് പല പ്രവാസികളും ജോലി ചെയ്യുന്നത്. വിശാലതയില്ലാത്ത റൂമുകളില്‍ എട്ടും പത്തും പേരാണ് ഒന്നിച്ചു താമസിക്കുന്നത്. താമസ സ്ഥലങ്ങളിലെന്ന പോലെ ലേബര്‍ ക്യാമ്പുകളിലും രോഗപ്രതിരോധത്തിന് നിര്‍ദേശിക്കപ്പെടുന്ന സാമൂഹിക അകലം പാലിക്കാനുള്ള സൗകര്യങ്ങളില്ല. ലേബര്‍ ക്യാമ്പുകളില്‍ പലരും ഭക്ഷണം കിട്ടാതെ വിഷമിക്കുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചതിനാല്‍ നാട്ടിലേക്ക് മടങ്ങാനും നിര്‍വാഹമില്ല. ഭീതിയോടെയാണ് പ്രവാസികളില്‍ നല്ലൊരുപങ്കും ജീവിതം തള്ളി നീക്കുന്നത്. വീട്ടുകാരെക്കുറിച്ചോര്‍ത്തും അവരുടെ മനം വെന്തുരുകുന്നു.

നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍. മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതു പോലെ ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ പ്രവാസികള്‍ വിയര്‍പ്പൊഴിച്ചു അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് നാം കഞ്ഞി കുടിച്ചു കഴിഞ്ഞിരുന്നത്. അവരുടെ വിയര്‍പ്പിന്റെ കൂടി പിന്‍ബലമാണ് കേരളത്തിന്റെയും രാജ്യത്തിന്റെ തന്നെയും വളര്‍ച്ചക്ക് പിന്നില്‍. വികസിത കേരളത്തിന്റെ സൃഷ്ടിപ്പില്‍ പ്രവാസികളുടെ പങ്ക് അനിേഷധ്യമാണ്. കേരളം മഹാപ്രളയത്തെ അഭിമുഖീകരിച്ചപ്പോഴും മറ്റു പ്രതിസന്ധി ഘട്ടങ്ങളിലും അവരുടെ സഹായഹസ്തം നീണ്ടു. കോടികളാണ് ദിനംപ്രതി പ്രവാസികള്‍ നാട്ടിലേക്കയക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തില്‍ അവര്‍ക്ക് കൈത്താങ്ങാകേണ്ട ബാധ്യത സര്‍ക്കാറുകള്‍ക്കുണ്ട്. വിശിഷ്യാ കേന്ദ്ര സര്‍ക്കാറിന്. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരള മുസ്‌ലിം ജമാഅത്തും പ്രവാസികളുടെ സുരക്ഷ ഉറപ്പ് വരുത്താനാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശ കാര്യമന്ത്രിമാര്‍ക്കും നിവേദനം സമര്‍പ്പിച്ചു. സാമൂഹിക അകലം ഉറപ്പ് വരുത്തുന്നത് ഉള്‍പ്പെടെ അവരുടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗള്‍ഫ് നാടുകളിലും മറ്റും ഇന്ത്യക്കാര്‍ നടത്തി വരുന്ന സ്‌കൂളുകള്‍ ഉപയോഗപ്പെടുത്താവുന്നതാണെന്ന് നിവേദനത്തില്‍ മുസ്‌ലിം ജമാഅത്ത് ചൂണ്ടിക്കാട്ടുന്നു. അതാത് രാജ്യങ്ങളിലെ ഭരണ കൂടങ്ങളുടെ സഹകരണത്തോടെ ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

അതിനിടെ രാജ്യത്ത് കൊറോണ പിടിപെട്ടപ്പോള്‍ അതിന്റെ ഉത്തരവാദിത്വം പ്രവാസികളുടെ മേല്‍ കെട്ടിവെച്ച് അവരെ അകാരണമായി അധിക്ഷേപിക്കുന്നതില്‍ മനഃസുഖം കണ്ടെത്തുന്നു ചിലര്‍. രോഗ പ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ ചില പ്രവാസികളില്‍ നിന്നുണ്ടായ വീഴ്ചയുടെ പേരിലാണ്, രാജ്യത്ത് വൈറസുമായി എത്തുന്നത് പ്രവാസികളാണെന്ന പ്രചാരണം നടക്കുന്നത്. ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ടക്കാരായ ദമ്പതികളും കാസര്‍ക്കോട്ടെ ഒരു പ്രവാസിയും കാണിച്ച ഒറ്റപ്പെട്ട ചില ആരോഗ്യ നിയമ ലംഘനങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പ്രചാരണം. പ്രവാസികളില്‍ ബഹുഭൂരിഭാഗവും നിയമം കൃത്യമായി പാലിക്കുന്നവരും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നവരുമാണെന്ന വസ്തുത വിമര്‍ശകര്‍ കാണാതെ പോകുന്നു. വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങി ആംബുലന്‍സിലോ സ്വകാര്യ വാഹനങ്ങളിലോ നേരെ വീട്ടിലെത്തി അവിടെ 14 ദിവസത്തെ ക്വാറന്റൈന്‍ കാലം പൂര്‍ത്തിയാക്കിയ ശേഷമാണ് കൊറോണ പശ്ചാത്തലത്തില്‍ മിക്ക പ്രവാസികളും വീട്ടുകാരുമായി പോലും അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരില്‍ കൊവിഡ് 19 ബാധിച്ചവരുണ്ടാകാം. അതൊരു ചെറിയ ശതമാനം മാത്രമാണ്. ഈ രോഗം പടര്‍ന്നു പിടിച്ചശേഷം ആയിരക്കണക്കിനാളുകള്‍ വിദേശങ്ങളില്‍ നിന്ന് കേരളത്തിലെത്തിയിട്ടുണ്ട്. അവരില്‍ ചുരുക്കം പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ബഹുഭൂരിഭാഗത്തിന്റെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

നാടും വീടും കുടുംബ മിത്രാദികളെയും വിട്ട് മറുരാജ്യങ്ങളില്‍ കഷ്ടപ്പെട്ട് അധ്വാനിക്കാന്‍ ആഗ്രഹിക്കുന്നവരല്ല വിദേശ മലയാളികളൊന്നും. കുടുംബം പുലര്‍ത്താന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തത് കൊണ്ടാണ് മിക്കവരും വിമാനം കയറുന്നത്. നാട്ടില്‍ മാന്യമായ തൊഴിലും വേതനവും ലഭിച്ചാല്‍ ഇവിടെ തന്നെ തൊഴിലെടുത്തു ജീവിക്കാനാണ് അവര്‍ക്ക് താത്പര്യം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് സംഭവിച്ച പരാജയമാണ് അന്നം തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലായനം ചെയ്യാന്‍ അവരെ നിര്‍ബന്ധിതരാക്കിയത്. കൊറോണക്ക് പിന്നാലെ പ്രവാസികള്‍ക്ക് വരാന്‍ പോകുന്നത് കടുത്ത പ്രതിസന്ധിയാണെന്നാണ് ഗള്‍ഫ് നാടുകളില്‍ നിന്നും മറ്റും പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. രോഗപ്പകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ തൊഴിലാളികളെ പിരിച്ചു വിടാനും ശമ്പളം വെട്ടിക്കുറക്കാനും അനുമതി നല്‍കിക്കൊണ്ട് ചില രാജ്യങ്ങള്‍ ഉത്തരവിറക്കിയിട്ടുണ്ട്.

കൊറോണ സൃഷ്ടിച്ച ആഘാതങ്ങളില്‍ നിന്ന് കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ വഴിയൊരുക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്തി സ്വകാര്യ കമ്പനികള്‍ അധിക ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുകയോ പരസ്പര ധാരണയോടെ ശമ്പളം വെട്ടിക്കുറക്കുകയോ ചെയ്‌തേക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ ഉത്തരവില്‍ ഒഴിവാക്കുന്ന ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി തേടാന്‍ സാവകാശം നല്‍കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ മറ്റു സ്ഥാപനങ്ങളില്‍ അവര്‍ക്ക് ജോലി ലഭിക്കുക പ്രയാസമാണ്. ജോലി നഷ്ടപ്പെട്ട് ആയിരക്കണക്കിനു പ്രവാസികള്‍ നാടുകളിലേക്ക് മടങ്ങുകയെന്നതായിരിക്കും ഇതിന്റെ അനന്തരഫലം. അന്നേരവും അവരെ കൈനീട്ടി സ്വീകരിക്കാനുള്ള സന്മനസ്സും ഹൃദയവിശാലതയും കാണിക്കണം കേരളീയ സമൂഹവും ഭരണകൂടവും. കേരളം അവരുടെ കൂടി നാടാണ്. നമ്മുടേത് കൂടിയാണ് അവരുടെ ദുഃഖങ്ങളും സങ്കടങ്ങളും.

Latest