Connect with us

Covid19

കാസര്‍കോട്ട് നിയന്ത്രണങ്ങള്‍ ശക്തം; തെരുവിലിറങ്ങുന്നവരെ വിരട്ടിയോടിച്ച് പോലീസ്

Published

|

Last Updated

കാസര്‍ഗോഡ് | സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി. റോഡില്‍ ഇറങ്ങുന്നവരെ വിരട്ടിയോടിച്ചും നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ തടഞ്ഞും പോലീസ് അതീവ ജാഗ്രതയാണ് പാലിക്കുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

കാസര്‍കോട് ജില്ലയില്‍ കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ തുറക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജാഗ്രതാതല സമിതികളും പ്രവര്‍ത്തിച്ചുവരുന്നു. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. വാഹന പരിശോധന കര്‍ശനമാക്കും. ആശുപത്രിയിലേക്കാണെങ്കിലും രേഖകള്‍ കാണിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

കാസര്‍കോട് ജില്ലയില്‍ ഇതുവരെ 19 കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഞായറാഴ്ച രാത്രി ഒന്‍പത് മുതലയാണ് ജില്ലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. നിരോധനാജ്ഞയുടെ ഭാഗമായി ജില്ലയിലെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളും നിര്‍ത്തലാക്കിയിട്ടുണ്ട്.

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ 31 പഞ്ചായത്തുകളിലും മൂന്ന് മുന്‍സിപ്പാലിറ്റികളിലുമായി 41 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഐസലേഷന്‍ സെല്ലുകള്‍ ആരംഭിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

ജില്ലയില്‍ 762 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 41 പേര്‍ ആശുപത്രികളിലും 721 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരുകയാണ്.

Latest