Connect with us

Articles

കരുതല്‍ വേണം ഓണ്‍ലൈനിലും

Published

|

Last Updated

ലോകജനത നേരിടുന്ന കടുത്ത ആരോഗ്യ പ്രതിസന്ധിക്കിടെ തട്ടിപ്പു സംഘങ്ങള്‍ രംഗത്തെത്തിയിരിക്കുന്നു. മാല്‍വെയര്‍ ഇമെയിലുകളും വ്യാജ സംഭാവനാ അഭ്യര്‍ഥനകളുമായാണ് ഓണ്‍ലൈന്‍ മാഫിയ പുതിയ സാഹചര്യത്തെ മുതലെടുക്കുന്നത്. കൊറോണ വൈറസ് ഡിസീസ് (കൊവിഡ് 19) ലോകാരോഗ്യ സംഘടന ഔദ്യോഗികമായി മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ആഗോളതലത്തില്‍ ആശങ്കയുടെ വാര്‍ത്തകള്‍ മാത്രമാണ് ലഭിക്കുന്നത്. നഗരങ്ങള്‍ സമ്പൂര്‍ണമായി അടക്കുക, യാത്രാ നിരോധനം, വിപണിയിലെ പ്രതിസന്ധി എന്നിവ ഓരോ മണിക്കൂറുകളിലും വാര്‍ത്തകളില്‍ നിറയുകയാണ്.
ഉത്കണ്ഠയുടെ ഈ അവസ്ഥ ചൂഷണം ചെയ്ത് പണം സമ്പാദിക്കാനാണ് ഓണ്‍ലൈന്‍ സ്‌കാമര്‍മാരും രംഗത്തിറങ്ങിയിരിക്കുന്നത്. ഇതുവരെ 7,000ത്തിലധികം മരണങ്ങള്‍ക്ക് കാരണമായതും വ്യാപിച്ചു കൊണ്ടിരിക്കുന്നതുമായ രോഗത്തിന്റെ പശ്ചാത്തലത്തില്‍, ആളുകളുടെ ഭയവും അനുകമ്പയും മുതലാക്കുന്നതിനാണ് തട്ടിപ്പു സംഘങ്ങളുടെ ശ്രമം. ഇത് സംബന്ധമായി അന്താരാഷ്ട്ര തലത്തില്‍ നടന്ന സമഗ്രമായ പഠനം വിവിധ രൂപത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങളാണ് പങ്കുവെക്കുന്നത്.

വ്യാജ വാര്‍ത്തകള്‍

പുതിയ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കപ്പെടുന്നത് ലോകാരോഗ്യ സംഘടനയുടെ പേരിലാണ്. കൊറോണ വൈറസിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ എന്ന നിലയില്‍ ഫേക്ക് ലിങ്കുകള്‍ നിര്‍മിച്ച് ക്ലിക്കുചെയ്യാന്‍ ആളുകളോട് അഭ്യര്‍ഥിച്ച് തട്ടിപ്പ് നടത്തുകയാണ് രീതി. ഈ ലിങ്കുകള്‍ വ്യക്തിഗത വിവരങ്ങള്‍, ലോഗിന്‍, പാസ്‌വേർഡ് ക്രെഡന്‍ഷ്യലുകള്‍ തുടങ്ങിയവ ചോര്‍ത്താന്‍ ശക്തിയുള്ളവയാണ്.

ഇത്തരത്തില്‍ വ്യാജന്മാര്‍ തങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന നേരത്തേ മനസ്സിലാക്കിയതിനാല്‍ സംഘടനയുടെ ആശയവിനിമയ രീതി സംബന്ധിച്ച് ഔദ്യോഗിക വെബ്സൈറ്റില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഫീഷ്യല്‍ ഇ മെയിലുകള്‍ ഏത് രീതിയിലായിരിക്കുമെന്നതിന്റെ വിശദാംശങ്ങളും നല്‍കിയിട്ടുണ്ട്.

ചതികളില്‍
പെടാതിരിക്കാന്‍

ഇ മെയിലുകളിലെ ഏതെങ്കിലും ലിങ്കുകളില്‍ അസ്വാഭാവികത തോന്നിയാല്‍ അതില്‍ ക്ലിക്ക് ചെയ്യാതെ ബ്രൗസറില്‍ നേരിട്ട് വിലാസം ടൈപ്പു ചെയ്ത് പരിശോധിക്കുക എന്നതാണ് ചതികളില്‍ പെടാതിരിക്കാനുള്ള മാര്‍ഗം. ഉദാഹരണത്തിനു ലോകാരോഗ്യ സംഘടന tthps://www.who.int എന്ന വെബ് അഡ്രസല്ലാതെ മറ്റു ഡൊമെയ്നുകള്‍ ഉപയോഗിക്കുന്നില്ല. സംഘടനയുമായി ബന്ധപ്പെട്ട് വരുന്ന സന്ദേശങ്ങളുടെ യു ആര്‍ എല്‍ പരിശോധിക്കാനും ഓര്‍ഗനൈസേഷന്‍ ഉപദേശിക്കുന്നുണ്ട്. വ്യാജമെന്ന് തോന്നുന്ന ഏത് സന്ദേശം ലഭിച്ചാലും അതിന്റെ സത്യാവസ്ഥ അറിയാന്‍ യഥാര്‍ഥ സൈറ്റുകള്‍ സന്ദര്‍ശിക്കുക തന്നെയാണ് വേണ്ടത്.

സബ്സ്‌ക്രൈബ് ചെയ്യാതെ
മെയിലുകള്‍

ഏതെങ്കിലും ഒരു പ്രസ്ഥാനം/സ്ഥാപനം തങ്ങളുടെ സേവനവുമായി ബന്ധപ്പെട്ട് സബ്സ്‌ക്രൈബ് ചെയ്യാത്ത ആളുകള്‍ക്ക് ഇ മെയില്‍ അയക്കാന്‍ സാധ്യത കുറവാണ്. അതിനാല്‍ തന്നെ നിങ്ങള്‍ ആവശ്യപ്പെടാത്ത ഇ മെയിലുകളിലെ ലിങ്കുകള്‍ വിശ്വസനീയമായി പരിഗണിക്കരുത്.

വ്യാജ ചാരിറ്റി

ഇത്തരം വേളകളില്‍ സമൂഹത്തിന്റെ ദീനാനുകമ്പ ദുരുപയോഗപ്പെടുത്തുന്ന പ്രവണത വ്യാപകമാണ്. ഈ കൊറോണക്കാലത്ത് ഓണ്‍ലൈനില്‍ അതും നമ്മള്‍ കണ്ടതാണ്. ചൈനയിലെ രോഗികളായ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ശ്രമമായിരുന്നു അത്. യഥാര്‍ഥത്തില്‍ കൊറോണ രോഗത്തിനു വാക്‌സിനുകളൊന്നും ലഭ്യമല്ല. എന്നുമാത്രമല്ല വേഗത്തില്‍ ലഭ്യമാകുമെന്ന പ്രതീക്ഷ ഇതുവരെ സംജാതമായിട്ടുമില്ല. എന്നിട്ടും ധാരാളം ആളുകള്‍ ഇതിന്റെ പേരില്‍ തട്ടിപ്പിനു വിധേയരാക്കപ്പെട്ടു.

കൊവിഡ് 19ന് വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനു ധനസമാഹരണം നടത്തുന്ന മാല്‍ വെയറുകളും സജീവമായി. ഇ മെയിലുകള്‍ സ്വീകരിക്കുന്ന ആളുകളോട് വാലറ്റുകളിലേക്ക് ബിറ്റ്‌കോയിനുകള്‍ അയക്കാനാണ് ആവശ്യപ്പെട്ടത്. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന കുറ്റവാളികളുടെ കണ്ണികളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ഫേസ് മാസ്‌കുകള്‍ക്കുള്ള
ഓര്‍ഡറുകള്‍

കൊറോണ വൈറസില്‍ നിന്ന് സുരക്ഷിതമാകുന്നതിന് ഉപയോഗിക്കുന്ന ഫേസ് മാസ്‌കുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവയുടെ പരസ്യം നല്‍കി കബളിപ്പിക്കുന്ന രീതിയും വ്യാപകമായി വരുന്നുണ്ട്. പല സ്ഥലത്തും മാസ്‌കുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ആളുകള്‍ ഇത്തരം സൈറ്റുകളില്‍ കയറി ഓര്‍ഡര്‍ ചെയ്യുകയും വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് ഗൗരവകരമായ വിഷയം. തട്ടിപ്പുകാരിലേക്കാണ് ഈ വിവരങ്ങള്‍ എത്തുന്നതെന്ന് ഓര്‍ക്കുക.

ഫേസ് മാസ്‌കുകളുടെ
വില്‍പ്പന

ഹാന്‍ഡ് സാനിറ്റൈസര്‍, ഫേസ് മാസ്‌കുകള്‍ തുടങ്ങിയ പദങ്ങള്‍ക്കായുള്ള തിരയല്‍ ആണ് ഇപ്പോള്‍ ഗൂഗിള്‍ ട്രെന്‍ഡുകളില്‍ മുന്നിലുള്ളത്. അത് മനസ്സിലാക്കിയാണ് ഈ ഉത്പന്നങ്ങളുടെ പേരില്‍ ആളുകളെ ലക്ഷ്യമിട്ട് വ്യാജന്മാര്‍ രംഗത്തെത്തിയത്. ഫെബ്രുവരിയില്‍ മാത്രം വ്യാജ ഫേസ് മാസ്‌ക് വില്‍പ്പനക്കാര്‍ പത്ത് ലക്ഷം യു എസ് ഡോളറിന്റെ തട്ടിപ്പ് നടത്തിയതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്തരം സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യുന്നവര്‍ ആധികാരികതയെക്കുറിച്ച് അറിവുള്ളവരായിരിക്കുകയും ഒരു വിശ്വസനീയ വെന്റര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയുമാണ് വേണ്ടത്. വൈറസ് വ്യാപനത്തിന്റെ നിലവിലെ സാഹചര്യത്തെ എങ്ങനെ പ്രയോജനപ്പെടുത്താന്‍ സൈബര്‍ കുറ്റവാളികള്‍ ശ്രമിക്കുന്നു എന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവ.
ഇത്തരം അടിയന്തര സാഹചര്യങ്ങൾ കുറ്റവാളികള്‍ ആളുകളുടെ വികാരങ്ങള്‍ മുതലാക്കുന്ന സമയമാണ്. അതിനാല്‍ താഴെ കാര്യങ്ങള്‍ സദാ ഓര്‍മയില്‍ സൂക്ഷിക്കുക.

സന്ദേശം ആധികാരികമാണെന്ന് ഉറപ്പില്ലെങ്കില്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. നിങ്ങള്‍ ആവശ്യപ്പെടാത്ത അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ളതിലോ ഒരുവേള വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുള്ളതോ ആയ സന്ദേശങ്ങളില്‍ പോലും സംശയകരമായ ഏതെങ്കിലും അറ്റാച്ചുമെന്റുകള്‍ ഉണ്ടെങ്കില്‍ അവ ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുമ്പ് മുന്‍ കരുതല്‍ കാണിക്കുക. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്ന ആശയവിനിമയങ്ങള്‍ അവഗണിക്കുക. അയച്ചയാളെയോ അല്ലെങ്കില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന ഓര്‍ഗനൈസേഷനെയോ ബന്ധപ്പെട്ട് അയച്ച സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കുക. ഇതിനു സന്ദേശം ലഭിച്ചതില്‍ നിന്നും വ്യത്യസ്തമായ ഒരു മാര്‍ഗം ഉപയോഗിക്കണം. മെയില്‍ സന്ദേശമാണെങ്കില്‍ ഫോണ്‍ വഴി വ്യക്തത വരുത്താം, തിരിച്ചും. ചാരിറ്റികള്‍ക്കോ ക്രൗഡ് ഫണ്ടിംഗ് ക്യാന്പയിനുകള്‍ക്കോ പണം നല്‍കും മുമ്പ് ശ്രദ്ധിക്കുക. കമ്പ്യൂട്ടറുകളിലും മറ്റും ഫിഷിംഗ് പരിരക്ഷണം നല്‍കുന്ന മള്‍ട്ടി-ലേയേര്‍ഡ് സുരക്ഷാ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുക.

ശരീഫ് കാരശ്ശേരി
skarassery@gmail.com