Connect with us

Editorial

പ്രധാനമന്ത്രിക്ക് രക്ഷപ്പെടാൻ വളഞ്ഞ വഴി

Published

|

Last Updated

ലോക്പാലിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണ് കേന്ദ്ര പേഴ്‌സനൽ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ അതിന്റെ ചട്ടങ്ങളിൽ പലതും. പ്രധാനമന്ത്രിക്കും മുൻ പ്രധാനമന്ത്രിമാർക്കുമെതിരായ അഴിമതി ആരോപണങ്ങൾ ലോക്പാൽ ബഞ്ച് തള്ളുകയാണെങ്കിൽ അതിന്റെ കാരണം വിശദീകരിക്കേണ്ടതില്ലെന്നതാണ് അതിലൊന്ന്. ഇവർക്കെതിരായ പരാതിയിൽ കഴമ്പുണ്ടെങ്കിൽ ലോക്പാൽ വാദം കേൾക്കുന്നത് രഹസ്യമായായിരിക്കണമെന്നും പരാതികളുമായി ബന്ധപ്പെട്ട ലോക്പാലിന്റെ നടപടികളൊന്നും പരസ്യപ്പെടുത്തേണ്ടതില്ലെന്നും ചട്ടങ്ങളിലുണ്ട്.
സർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ, പൊതുപ്രവർത്തകർക്കുമെതിരെ ഉയരുന്ന അഴിമതിയാരോപണങ്ങൾ പരിശോധിക്കുകയും ആവശ്യമെങ്കിൽ സി ബി ഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ കൊണ്ടു അന്വേഷിപ്പിക്കുകയുമാണ് ലോക്പാലിന്റെ ചുമതല. ഭരണ തലത്തിലെയും ഉദ്യോഗസ്ഥതലത്തിലെയും അഴിമതി തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിക്കപ്പെട്ടത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കിൽ അതിന്റെ നടപടികളത്രയും സുതാര്യമായിരിക്കണം. പൊതുസമൂഹത്തിന് അതറിയാനും ആരോപണങ്ങൾ തള്ളാനുള്ള കാരണങ്ങൾ മനസ്സിലാക്കാനും സാധ്യമാകണം. പൊതുജനങ്ങളെ അതൊന്നും അറിയിക്കില്ലെന്ന നിലപാട് ഭരണഘടനക്കും ജനാധിപത്യത്തിന്റെ അന്തസ്സത്തക്കും നിരക്കാത്തതും അറിയാനുള്ള പൊതുജനാവകാശത്തിനെതിരായ വെല്ലുവിളിയുമാണ്.

ഒരു ജനാധിപത്യ സംവിധാനത്തിൽ പൊതുഅധികാര സ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഒരു വിവരവും പൊതുനികുതിദായകരായ പൊതുസമൂഹത്തിൽ നിന്നു മറച്ചു വെക്കാവതല്ല. ജനാധിപത്യ ഭരണക്രമത്തിലെ യജമാനന്മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന പൊതുജനത്തിനു അവ അറിയാനും ലഭിക്കാനും അവകാശമുണ്ട്. ജനാധിപത്യത്തിന്റെ താക്കോൽ സർക്കാർ ജനങ്ങളെ ഏൽപ്പിക്കുന്ന പ്രക്രിയയാണ് വിവരാവകാശ നിയമമെന്നാണ് അന്നത്തെ കേന്ദ്ര സഹമന്ത്രി സുരേഷ് പച്ചൗരി ലോക്‌സഭയിൽ വിശേഷിപ്പിച്ചത്. യു പി എ ഭരണ കാലത്താണ് ലോക്പാൽ ബിൽ കൊണ്ടു വന്നത്. അന്ന് പ്രധാനമന്ത്രിയെ ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതിനോട് സർക്കാറിനും കോൺഗ്രസിനും വിയോജിപ്പായിരുന്നു. പ്രതിപക്ഷത്തിന്റെ വിശിഷ്യാ ഇടതുപക്ഷത്തിന്റെയും അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങളുടെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് പ്രധാനമന്ത്രിയെ അതിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ സർക്കാർ നിർബന്ധിതമായത്.

[irp]

രാജവാഴ്ചയല്ല ജനാധിപത്യ ഭരണമാണ് രാജ്യത്ത് നടക്കുന്നത്. ജനങ്ങളാണ് പ്രധാനമന്ത്രിയടക്കം ഭരണകർത്താക്കളെ തിരഞ്ഞെടുത്തയക്കുന്നത്. ഒരു ജനാധിപത്യ മതേതരത്വ പരിസരത്തിൽ പൊതുഭരണ മേഖലയിൽ ഒരാളുടെ പ്രാതിനിധ്യമെന്നത് ജനങ്ങൾക്ക് സമാധാനപരമായ ജീവിതം സമ്മാനിക്കാനുള്ള ഔദ്യോഗിക വഴിയാണ്. അതിലപ്പുറം സ്വയം രാജകീയമായി ജീവിക്കാനുള്ള കുറുക്കുവഴിയായി അതിനെ കാണരുത്. ഭരണ കാര്യങ്ങളിൽ ജനങ്ങളുടെ മുമ്പിൽ ഒളിച്ചു വെക്കാൻ ഒന്നുമുണ്ടാകരുത്. അപ്പോൾ മാത്രമേ തന്നിൽ വിശ്വാസമർപ്പിച്ച സമൂഹത്തോടുള്ള ബാധ്യത നിറവേറ്റപ്പെടുകയുള്ളൂ. നേരും നെറിയുമുള്ള സുതാര്യമായ ഭരണമെങ്കിൽ അങ്ങനെ ഒളിച്ചു വെക്കാനൊന്നും ഉണ്ടാകുകയില്ല. അധികാരം കൈയിൽ വരുമ്പോൾ ജനങ്ങളെ കബളിപ്പിക്കുന്നതും അവരിൽ നിന്നു ഒളിച്ചോടുന്നതും സത്യസന്ധനായ ഒരു പൊതുപ്രവർത്തകന് യോജിച്ചതല്ല. രാഷ്ട്രീയ ജീവിതത്തിൽ അധികാരതലങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോഴേക്കും സാമൂഹികതയിൽ നിന്നകലുന്നവരും അഹങ്കാരവും ദുരഭിമാനവും പേറി ജനങ്ങളിൽ നിന്നും അകൽച്ച പാലിക്കുന്നവരുമായി ജനപ്രതിനിധികൾ മാറരുത്.
ജനപ്രതിനിധികൾക്ക് നമ്മുടെ ഭരണവ്യവസ്ഥ ചില സംരക്ഷണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് സഭക്കുള്ളിൽ മാത്രമാണെന്നു 2014 ഫെബ്രുവരിയിൽ മധ്യപ്രദേശ് ലോകായുക്ത കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയതാണ്. സഭക്ക് പുറത്ത് ഇവർ സാധാരണ പൗരന്മാർ മാത്രമാണെന്നും സഭാ നടപടികൾ സുഗമമായി നടക്കുന്നതിനാണ് സഭക്കുള്ളിൽ പ്രത്യേക പരിരക്ഷ നൽകുന്നതെന്നും സഭക്ക് പുറത്ത് സാധാരണ ജനങ്ങൾ നേരിടുന്ന എല്ലാ നിയമപരമായ നടപടികൾക്കും ജനപ്രതിനിധികൾ വിധേയരാകണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു ജനപ്രതിനിധി-അത് പ്രധാനമന്ത്രിയായാൽ പോലും- അഴിമതിയാരോപണം നേരിട്ടാൽ അതിന്റെ അന്വേഷണ ഘട്ടത്തിലോ വിചാരണാവേളയിലോ അദ്ദേഹം പ്രത്യേക പരിരക്ഷ അർഹിക്കുന്നില്ലെന്നതാണ് ഈ വിധിപ്രസ്താവത്തിന്റെ അന്തസ്സത്ത.

[irp]

വോട്ട് ചെയ്യാനല്ലാതെ സർക്കാറിന്റെ പ്രവർത്തനം വിലയിരുത്താൻ നേരത്തേ ജനത്തിന് അവകാശമില്ലായിരുന്നു. എന്നാൽ അറിയാനുള്ള അവകാശം നിയമമായി വന്നതോടെ ഏതു പൗരനും എപ്പോൾ വേണമെങ്കിലും ഭരണത്തിൽ ഇടപെടാമെന്ന സ്ഥിതിയായെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ജനാധിപത്യം ഉറപ്പ് നൽകുന്ന ഈ അവകാശത്തെ തകിടം മറിക്കുകയാണ് ഇപ്പോൾ ഭരണകർത്താക്കൾ. സുപ്രീം കോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മാതൃകയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ഥാപനമെന്നാണ് ലോക്പാലിനെക്കുറിച്ചു അവകാശമുന്നയിക്കുന്നത്. അതേസമയം പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ്, രാഷ്ട്രപതി നിർദേശിക്കുന്ന ഒരു അഭിഭാഷകൻ എന്നിവരടങ്ങുന്നതാണ് ലോക്പാൽ നിയമന സമിതി. വ്യക്തമായും സർക്കാറിന് മേൽക്കൈയുള്ളതാണിത്. ഫലത്തിൽ അഞ്ചിൽ നാല് പേരും സർക്കാറിന്റെ ആളുകൾ. പ്രധാനമന്ത്രിക്കെതിരായ പരാതികൾ പരിഗണിക്കുന്നത് ലോക്പാലിന്റെ ഫുൾബഞ്ചായിരിക്കണമെന്നു കൂടി അതിന്റെ ചട്ടങ്ങളിൽ പറയുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പ്രധാനമന്ത്രിക്കെതിരായി ഉന്നയിക്കപ്പെടുന്ന ഒരു അഴിമതിയാരോപണത്തിൽ സത്യസന്ധവും നീതിപൂർവകവുമായ ഒരു സമീപനം പ്രതീക്ഷിക്കാനാകുമോ? പരാതി തള്ളുന്നതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്തേണ്ടതില്ലെന്നിരിക്കെ വിശേഷിച്ചും? ലോക്പാൽ ചട്ടങ്ങളിൽ ഈയൊരു വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം അതിന്റെ പരിധിയിൽ നിന്നു പ്രധാനമന്ത്രിയെയും മുൻ പ്രധാനമന്ത്രിമാരെയും ഒഴിവാക്കിയതിനു തുല്യമായി വേണം ഈ വ്യവസ്ഥയെ കാണാൻ.

Latest