Kerala
സംസ്ഥാനത്ത് കൊറോണ ഭീതി ഒഴിഞ്ഞു; കൊച്ചിയില്‍ മരിച്ച യുവാവിന് രോഗബാധയില്ല: മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം | സംസ്ഥാനത്ത് കൊറോണ ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. എന്നാല്‍ ലോകരാഷ്ട്രങ്ങളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ കൊറോണ മുക്തമായി സംസ്ഥാനത്തെ പ്രഖ്യാപിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളില്‍ അടക്കം നിരീക്ഷണം തുടരും.
കൊച്ചിയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച യുവാവിന് കൊറോണ ബാധയില്ല. ഇയാളുടെ ആന്തരിക സ്രവങ്ങള്‍ പരിശോധനക്കായി വീണ്ടും അയച്ചിട്ടുണ്ട്. എറണാകുളം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയവെയാണ് പയ്യന്നൂര്‍ സ്വദേശിയായ ഈ യുവാവ് മരിച്ചത്. മലേഷ്യയില്‍നിന്നെത്തിയ ഇയാളെ കൊറോണ സംശയത്തെത്തുടര്‍ന്നാണ് ഇവിടെ പ്രവേശിപ്പിച്ചിരുന്നത്.
ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ കൊറോണയില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ രണ്ടാമത്തെ പരിശോധനാ ഫലം കൂടി വരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കൊറോണക്ക് സമാനമായ രോഗലക്ഷണങ്ങള്‍ കാണിച്ചതാണ് അഭ്യൂഹങ്ങള്ക്കിടയാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു