Connect with us

National

ഡല്‍ഹി അക്രമം; പ്രകോപനമുണ്ടാക്കിയ ബി ജെ പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ 27 പേര്‍ കൊല്ലപ്പെടാനിടയായ അക്രമ സംഭവങ്ങളില്‍ ബി ജെ പി നേതാക്കള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ പ്രകോപനപരമായി പ്രസംഗിച്ച ബി ജെ പി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ, അഭയ് വര്‍മ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് ഉത്തരവിട്ടിട്ടുള്ളത്. കലാപവുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ച കോടതി ഈ നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ കണ്ട ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ നിഷ്‌ക്രിയരായി നോക്കിനിന്ന ഡല്‍ഹി പോലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അക്രമികള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു.
കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറലിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. അക്രമികള്‍ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നു ചോദിച്ച കോടതി കേസെടുക്കാന്‍ എത്ര വീടുകള്‍ കത്തിച്ചാമ്പലാകണമെന്ന് ചോദിച്ചു. നഗരം കത്തിമയര്‍ന്നിട്ടാണോ കേസെടുക്കുന്നതെന്നും കോടതി ചോദിച്ചു. വിഷയത്തില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ. സുബൈദ ബീഗമാണ് അമിക്കസ് ക്യൂറി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

രാജ്യത്ത് 1984ലെ സിഖ് വിരുദ്ധ കലാപത്തിന് സമാനമായ സാഹചര്യമുണ്ടാക്കരുത്. ജനങ്ങള്‍ സുരക്ഷിതരാണെന്ന ബോധ്യം ഉണ്ടാക്കണമെന്നും കോടതി കേന്ദ്ര സര്‍ക്കാറിനോടും പോലീസിനോടും ആവശ്യപ്പെട്ടു. സെഡ് കാറ്റഗറി സുരക്ഷയുള്ള ആളുകള്‍ പ്രശ്‌ന ബാധിത പ്രദേശങ്ങളിലെത്തി നിയമപരമായി നടപടികള്‍ കൈക്കൊള്ളണം. അക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ രണ്ടാഴ്ച കോടതികള്‍ രാത്രിയിലും പ്രവര്‍ത്തിക്കണം. അക്രമത്തിലെ ഇരകള്‍ക്ക് അര്‍ഹമായ വൈദ്യസഹായവും അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണം. വീട് നഷ്ടപ്പെട്ടവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ സൗകര്യങ്ങളോടും കൂടി തമാസ സൗകര്യം ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു.

കേസ് മാറ്റണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ക്ഷോഭിച്ചു. ഇത് അടിയന്തര വിഷയമല്ലേയെന്നും അക്രമത്തിന്റെ ദൃശ്യങ്ങള്‍ കണ്ടില്ലേയെന്നും കോടതി ചോദിച്ചു. നിരവധി വീടുകളാണ് അഗ്നിക്കിരയായത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ നിങ്ങള്‍ കണ്ടില്ലേ?. പിന്നെ എന്തുകൊണ്ട് അടിയന്തരമായി പരിഗണിക്കാതിരിക്കണമെന്നും കോടതി ചോദിച്ചു.

 

Latest