Connect with us

Alappuzha

ദേശീയപാതാ വികസനത്തിൽ വീണ്ടും കുതിപ്പ്

Published

|

Last Updated

ആലപ്പുഴ | കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വീണ്ടും കുതിപ്പ്. ഇടക്കാലത്ത് മുടങ്ങിക്കിടന്ന ദേശീയപാത വികസന പദ്ധതികൾ സംസ്ഥാന സർക്കാറിന്റെ പ്രത്യേക താത്്പര്യപ്രകാരമാണ് ദേശീയപാത വികസന അതോറിറ്റി വേഗത്തിലാക്കുന്നത്.
കേരളത്തിലെ വിവിധ ദേശീയപാതകളിലായി ഒട്ടേറെ വികസന പദ്ധതികളാണ് ദേശീയപാതാ വികസന അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്.

എന്നാൽ പല കാരണങ്ങളാൽ വർഷങ്ങളായി പദ്ധതികൾ പലതും മുടങ്ങിക്കിടക്കുകയാണ്. റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിലെ പ്രതിസന്ധി തന്നെയായിരുന്നു പ്രധാന തടസ്സമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.
ദേശീയപാതാ വികസനത്തിന് ആവശ്യത്തിന് പണം നൽകാമെന്നേറ്റിരുന്ന കേന്ദ്ര സർക്കാർ, കേരളത്തിലെ പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കൽ അനിശ്ചിതമായി വൈകിയതോടെ നിലപാട് തിരുത്തുകയായിരുന്നു. ഭൂമി വില അടിക്കടി ഉയരുന്നതും സ്ഥലമേറ്റെടുക്കുന്നതിനെതിരെ ജനങ്ങൾ പ്രക്ഷോഭവുമായി രംഗത്ത് വരുന്നതും കാരണം ചില പദ്ധതികൾ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.
ദേശീയപാതാ വികസനം സമയബന്ധിതമായി നടപ്പാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട്, ദേശീയപാത വികസനത്തിന് സംസ്ഥാന സർക്കാറും പങ്കാളികളാകണമെന്നും ചെലവിന്റെ ഒരു ഭാഗം വഹിക്കണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം.
ഇത് കേരളത്തിന് ഇരുട്ടടിയായി. എങ്കിലും ദേശീയപാത വികസന പദ്ധതികളിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുകയായിരുന്നു.

സംസ്ഥാനത്തെ 500 കിലോമീറ്റർ രണ്ട് വരി പാതകളെ നാല് പാതകളാക്കി മാറ്റാൻ 48,000 കോടി രൂപ ആവശ്യമായി വരുമെന്ന് ദേശീയപാത വികസന അതോറിറ്റി വിലയിരുത്തുന്നു. അതിൽ പകുതിയും ഭൂമി ഏറ്റെടുക്കലിനായാണ് ഉപയോഗിക്കുക.
നാലോ ആറോ വരി പാതകൾ നിർമിക്കുന്നതിന് 1,176 ഹെക്ടർ അധിക ഭൂമി ഏറ്റെടുക്കാൻ ഏകദേശം 22,000 കോടി രൂപ ആവശ്യമാണെന്നാണ് എൻ എച്ച് ഐ അധികൃതർ കണക്കാക്കിയിട്ടുള്ളത്.

ഇതനുസരിച്ച് 5,200 കോടി സംസ്ഥാനം ദേശീയപാത അതോറിറ്റിക്ക് നൽകണം. ഇതിന്റെ ആദ്യ ഗഡുവായി 390 കോടി കേരള സർക്കാറിന്റെ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിംഗ് വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് കഴിഞ്ഞ ഡിസംബറിൽ ദേശീയപാത അതോറിറ്റിക്ക് നൽകി.
ഇതോടെയാണ് സംസ്ഥാനത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ജോലികൾ വേഗത്തിലാക്കാൻ ദേശീയ പാതാ അതോറിറ്റി തീരുമാനിച്ചത്.

Latest