Connect with us

Alappuzha

പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ എത്തിക്കാൻ ഇനി കുടുംബശ്രീയും

Published

|

Last Updated

ആലപ്പുഴ | പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ എത്തിക്കാൻ കുടുംബശ്രീ അടക്കമുള്ളവയുടെ സഹായം തേടണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് അഞ്ച് ലക്ഷത്തിലധികം വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയെങ്കിലും പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് ഇപ്പോഴും ഒരു വിഭാഗത്തിന് ആശങ്കയുണ്ട്.

ഇത് അകറ്റുന്നതിനും കൂടുതൽ കുട്ടികളെ ഇവിടേക്ക് എത്തിക്കുന്നതിനുമാണ് കുടുംബശ്രീ അടക്കമുള്ളവയുടെ സഹായം തേടാൻ വിദ്യാഭ്യാസ വകുപ്പ് പദ്ധതി തയ്യാറാക്കുന്നത്.പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ പഠനത്തിനായി വിടാൻ രക്ഷകർത്താക്കളിൽ അനുകൂലമായ മനോഭാവം രൂപപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും കുറെ അധികം വിദ്യാലയങ്ങൾ മതിയായ എണ്ണം കുട്ടികളില്ലാത്തവയാണ്. ഇവിടങ്ങളിൽ ആവശ്യത്തിന് കുട്ടികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയും എൻറോൾ ചെയ്യപ്പെട്ട് പഠനത്തുടർച്ച ഉറപ്പാക്കാൻ കഴിയാത്ത കുട്ടികളെ തിരികെയെത്തിക്കാനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സമഗ്രമമായ വിദ്യാഭ്യാസ പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.
കുടുംബശ്രീ അടക്കമുള്ള സംവിധാനമുപയോഗിച്ച് പ്രാദേശിക വിദ്യാഭ്യാസ സദസ്സുകൾ, പഞ്ചായത്ത് സെമിനാറുകൾ എന്നിവ സംഘടിപ്പിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. അധ്യാപക സംഘടനകൾ ,വിദ്യാർഥി പ്രസ്ഥാനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, യുവജനസംഘടനകൾ, സാംസ്‌കാരിക സംഘടനകൾ, ക്ലബ്ബുകൾ, ഗ്രന്ഥശാലകൾ, വനിതാ പ്രസ്ഥാനങ്ങൾ, പരിസ്ഥിതി സംഘടനകൾ, വ്യാപാരി വ്യവസായ മേഖലയിലുള്ളവർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ പിന്തുണയും തേടണമെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ച മാർഗരേഖയിൽ പറയുന്നു. സ്‌കൂൾ പരിധിയിൽ എത്ര കുട്ടികൾ ഉണ്ടെന്നും അവരെ സംബന്ധിച്ച് വ്യക്തിപരവും കുടുംബപരവുമായ വിവരങ്ങൾ ശേഖരിക്കണം. അടുത്ത അധ്യയന വർഷത്തേക്ക് പുതുതായി എൻറോൾ ചെയ്യേണ്ട വിദ്യാർഥികളെ ലക്ഷ്യമിട്ടു കൊണ്ടുള്ള വിപുലമായ പ്രവർത്തനങ്ങളും സ്‌കൂളുകൾ ആലോചിക്കണമെന്ന് മാർഗരേഖയിൽ പറയുന്നു.പരിധിയിലുള്ള മുഴുവൻ വിദ്യാർഥികളും പൊതുവിദ്യാലത്തിൽ എത്തുന്നുവെന്ന് ഉറപ്പുവരുത്തണം. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള പദ്ധതി പ്രവർത്തനങ്ങൾ ഇപ്പോൾ ആരംഭിച്ച് അടുത്ത അധ്യയന വർഷം ആറാം പ്രവൃത്തിദിനം വരെ നീളുന്നതാകണം. മതിയായ എണ്ണം കുട്ടികളില്ലാത്ത സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷം കൂടുതൽ കുട്ടികളെ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടു കൂടിയാണ് പുതിയ പദ്ധതി.

സംഘം ചേർന്നും കൂട്ടായി അന്വേഷിച്ചുമാണ് അറിവ് നേടുന്നത്. ഈ പ്രക്രിയക്ക് വേണ്ട കൂട്ടങ്ങൾ രൂപപ്പെടുത്താൻ ആവശ്യമായ കുട്ടികൾ ഒരു ക്ലാസിൽ 15 എണ്ണമാണെന്ന് വിദ്യാഭ്യാസ വകുപ്പ് നിഷ്‌കർഷിക്കുന്നു. 2018-19ൽ മതിയായ എണ്ണം കുട്ടികളില്ലാത്ത 203 വിദ്യാലയങ്ങൾ ഏറ്റെടുത്തതിൽ 169ലും ഈ അധ്യയന വർഷം വിദ്യാർഥികൾ വർധിച്ചു. സംഘടിതമായ ഇടപെടലിലൂടെ കുട്ടികളുടെ എണ്ണം കൊണ്ട് പരിമിതി നേരിടുന്ന മുഴുവൻ പൊതുവിദ്യാലയങ്ങളും മെച്ചപ്പെടുത്താനാകും. ഈ സാഹചര്യത്തിലാണ് കൂടുതൽ വിദ്യാർഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിക്കാനുള്ള വിപുലമായ പദ്ധതികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ചിട്ടുള്ളത്. പദ്ധതി നിർവഹണം ഏകോപിപ്പിക്കാനുള്ള ചുമതല സമഗ്രശിക്ഷാ കേരളത്തിനായിരിക്കും. സ്‌കൂൾ തല പദ്ധതിയുടെ നിർവഹണ നേതൃത്വം സമഗ്ര ശിക്ഷക്കായിരിക്കും. ഡി ഡി ഇ, ഡി ഇ ഒമാർ, എ ഇ ഒമാർ എന്നിവരുമായി അതതു തലങ്ങളിൽ ബന്ധപ്പെട്ട് വേണം നിർവഹണം നടത്തേണ്ടതെന്നും നിഷ്‌കർഷിക്കുന്നു. മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലങ്ങൾക്കും കുട്ടികളുടെ കൊഴിഞ്ഞുപോക്കുള്ള വിദ്യാലയങ്ങൾക്കും പ്രത്യേക പരിഗണന നൽകണമെന്നും ഈ ആവശ്യത്തിനായി ഒരു മാർഗരേഖ മിഷൻ ടീം വികസിപ്പിച്ച് നൽകണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മിഷൻ യോഗത്തിന്റെ തീരുമാന പ്രകാരമാണ് പദ്ധതി തയ്യാറാക്കിയത്.

Latest