Connect with us

Editorial

നിയമസഭയെ അമ്പരപ്പിച്ച് ഗവര്‍ണര്‍

Published

|

Last Updated

പൗരത്വ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാറുമായി നിരന്തരം ഏറ്റുമുട്ടുകയും തന്റെ പദവിക്കു നിരക്കാത്ത പ്രസ്താവനകള്‍ നടത്തുകയും ചെയ്ത ഗവര്‍ണര്‍ മാന്യമായ നിലപാടാണ് ഇന്നലെ ബജറ്റിന്റെ മുന്നോടിയായുള്ള നയപ്രസംഗത്തില്‍ നിയമസഭയില്‍ പ്രകടിപ്പിച്ചത്. വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ, പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങളുള്‍പ്പെടെ സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗവും അദ്ദേഹം വായിക്കുകയുണ്ടായി. ഇത് ഭരണപക്ഷത്തും പ്രതിപക്ഷത്തും അമ്പരപ്പുളവാക്കി. ഇതോടെ കുറച്ചു നാളുകളായി തുടരുന്ന സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള സംഘര്‍ഷത്തിനു അയവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭരണഘടനയുടെ 176 (1) വകുപ്പു പ്രകാരം സര്‍ക്കാറിന്റെ നയവും പരിപാടികളുമാണ് സഭയില്‍ പ്രഖ്യാപിക്കേണ്ടത്. ഇതല്ലാത്ത സര്‍ക്കാറിന്റെ കാഴ്ചപ്പാടുകള്‍ ഗവര്‍ണര്‍ക്കു തന്റെ വിവേചനാധികാരം ഉപയോഗിച്ച് നയപ്രസംഗത്തില്‍ നിന്ന് ഒഴിവാക്കാവുന്നതാണ്. ഇതടിസ്ഥാനത്തില്‍ പൗരത്വ പ്രശ്‌നവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് വായിക്കാന്‍ നിയമപരമായി തനിക്കു ബാധ്യതയില്ലെന്നു ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍, പൗരത്വ നിയമം കേരളത്തിന്റെ പൊതു സുരക്ഷിതത്വത്തെ സാരമായി ബാധിക്കുന്നതായതിനാല്‍ അതിനെതിരായ സമര പരിപാടികള്‍ സര്‍ക്കാറിന്റെ മുഖ്യ നയപരിപാടികളിലൊന്നായി മാറിയിട്ടുണ്ട്. അത് കേവല കാഴ്ചപ്പാടായി കാണാനാകില്ലെന്ന് സര്‍ക്കാര്‍ ഇതിനു മറുപടിയും നല്‍കി. മന്ത്രിസഭയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. മന്ത്രിസഭ അംഗീകരിച്ച പ്രസംഗം ഒന്നും കൂട്ടിച്ചേര്‍ക്കാതെയോ കുറക്കാതെയോ വായിക്കണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. പൗരത്വ നിയമം സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പ്രതിഫലിപ്പിക്കുക മാത്രമാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ അതുള്‍പ്പെടുത്തിയതിന്റെ ലക്ഷ്യമെന്നും, കേന്ദ്രവുമായോ ഗവര്‍ണറുമായോ ഏറ്റുമുട്ടലിന്റെ ഭാഗമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെയാണ് ഗവര്‍ണറുടെ നിലപാടില്‍ അയവു വന്നത്. എങ്കിലും മുഖ്യമന്ത്രിയെ ബഹുമാനിച്ചാണ് എതിര്‍പ്പുള്ള ഭാഗം വായിക്കുന്നതെന്നും ഇത് സര്‍ക്കാറിന്റെ നയമല്ല, കാഴ്ചപ്പാടാണെന്നും ഗവര്‍ണര്‍ പറഞ്ഞു വെച്ചു.
ഗവര്‍ണര്‍- സര്‍ക്കാര്‍ ഭിന്നത പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഗവര്‍ണറെ കൊണ്ട് നയപ്രഖ്യാപനം മുഴുവന്‍ വായിപ്പിക്കാന്‍ സാധിച്ചത് സര്‍ക്കാറിന് വലിയ ആശ്വാസമാണ്. ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ കേന്ദ്രത്തോടാവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കുന്നതിനു അനുവാദം തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിയമസഭയുടെ ഭാഗമാണ് ഗവര്‍ണര്‍ എന്നിരിക്കെ, നിയമസഭാ നടപടികളെ വെല്ലുവിളിക്കുകയും സഭയുടെ അന്തസ്സിനു കോട്ടം വരുത്തുന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ഗവര്‍ണറെ വെച്ചുപൊറുപ്പിക്കാനാകില്ലെന്നാണ് നോട്ടീസില്‍ പറയുന്നത്. ഗവര്‍ണര്‍ പ്രസംഗം പൂര്‍ണമായി വായിച്ചതോടെ പ്രതിസന്ധിയില്‍ നിന്ന് ഭരണപക്ഷം രക്ഷപ്പെട്ടു. സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ നല്ല ബന്ധം ഭരണത്തിന്റെ സുഗമമായ പ്രയാണത്തിനു അനിവാര്യമാണ്. പൗരത്വത്തിന്റെ പേരില്‍ ഗവര്‍ണറുമായി സര്‍ക്കാര്‍ ശക്തമായ ഏറ്റുമുട്ടല്‍ നടത്തിയെങ്കിലും ഗവര്‍ണര്‍ പത്തിമടക്കുകയും സര്‍ക്കാറുമായി ഇനി ഒരു ഏറ്റുമുട്ടലിനില്ലെന്നു തുറന്നു പറയുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നും സംയമനം ആവശ്യമാണ്.

ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയത്തിനു പിന്നില്‍ മറ്റൊരു രാഷ്ട്രീയ താത്പര്യം കൂടിയുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ തുടക്കത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു പ്രതിഷേധം ആരംഭിച്ചെങ്കിലും കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നം കാരണം പ്രതിപക്ഷം പിന്നീട് വിട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ സ്വന്തമായി നടത്തിയ പ്രക്ഷോഭങ്ങള്‍ വേണ്ടത്ര ജനശ്രദ്ധയാകര്‍ഷിച്ചതുമില്ല. ജനുവരി 26ന് ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യ ശൃംഖലയില്‍ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെ യു ഡി എഫ് അണികളും പ്രാദേശിക നേതാക്കളും പങ്കെടുത്തതും മുന്നണിക്ക് നാണക്കേടായി. ഇതില്‍ നിന്ന് മുഖം രക്ഷിക്കാന്‍ ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും പ്രതിഷേധ പ്രകടനങ്ങള്‍ അവര്‍ക്കാവശ്യമായിരുന്നു. എന്നാല്‍ ഈ ലക്ഷ്യത്തില്‍ നിയമ സഭയില്‍ ഇന്നലെ അവര്‍ നടത്തിയ പ്രതിഷേധം, നയപ്രഖ്യാപനത്തിനായി ഗവര്‍ണര്‍ നിയമസഭയില്‍ എത്തിയാല്‍ സ്വീകരിക്കേണ്ട പ്രോട്ടോക്കോളുകളുടെ നഗ്നമായ ലംഘനമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിനായി വരുമ്പോള്‍, അദ്ദേഹത്തിന് മാര്‍ഗതടസ്സം സൃഷ്ടിച്ച് പ്രതിപക്ഷം വഴിയില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. ഗവര്‍ണറെ തിരിച്ചു വിളിക്കുക എന്ന ബാനറുമായി രൂക്ഷമായ മുദ്രാവാക്യങ്ങളോടെ പ്രതിപക്ഷം നിലയുറപ്പിച്ചപ്പോള്‍ ഗവര്‍ണര്‍ക്ക് മുന്നോട്ടു കടക്കാനായില്ല. മാര്‍ഗതടസ്സം ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും സ്പീക്കറും ആവശ്യപ്പെട്ടിട്ടും വഴങ്ങാത്തതിനെ തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡ് എത്തി ഇവരെ മാറ്റിയാണ് ഗവര്‍ണര്‍ക്കു വഴിയൊരുക്കിയത്. ഗവര്‍ണര്‍ ഭരണഘടനാപരമായ ഒരു ബാധ്യത നിര്‍വഹിക്കാനായി നിയമസഭയിലെത്തുമ്പോള്‍ മാര്‍ഗതടസ്സം സൃഷ്ടിക്കല്‍ ഒരു പാര്‍ട്ടിക്കും ഭൂഷണമല്ല. പ്രതിപക്ഷത്തിന്റെ ഈ പ്രതിഷേധം വെളുക്കാന്‍ തേച്ചത് പാണ്ടായ അനുഭവമാണുണ്ടാക്കിയത്. പൗരത്വ വിഷയത്തില്‍ യോജിച്ച നിലപാടില്ലായ്മയും പ്രക്ഷോഭ രംഗത്ത് ശരിയായ ആസൂത്രണത്തിന്റെ അഭാവവും പ്രകടമാണ് അവരുടെ പക്ഷത്ത്. ഇനിയെങ്കിലും അത് തിരുത്തി കേരളീയ സമൂഹത്തിന്റെ വികാരവും മനോഗതിയും വായിച്ചറിഞ്ഞ് ഭരണപക്ഷവുമായി ചേര്‍ന്നുള്ള പ്രതിഷേധത്തിനു മുന്നോട്ട് വരേണ്ടതാണ് യു ഡി എഫ്. രാജ്യത്തിന്റെ മതേതര സ്വഭാവം കടുത്ത ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ കുടുസ്സായ കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ മാറ്റിവെക്കാനുള്ള വിവേകം നേതൃത്വം പ്രകടിപ്പിക്കേണ്ടതുണ്ട്.

Latest