Connect with us

Kerala

സംസ്ഥാനത്ത് ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിലവില്‍ വന്നു

Published

|

Last Updated

തൃശ്ശൂര്‍ | രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഇന്ന് മുതല്‍ ഫാസ്ടാഗ് നിലവില്‍ വന്നു. കേരളത്തില്‍ പാലിയേക്കര അടക്കമുള്ള ടോള്‍ പ്ലാസകളില്‍ രാവിലെ 10 മണി മുതല്‍ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. പാലിയേക്കരയില്‍നിലവില്‍ 12 ടോള്‍ ബൂത്തുകളാണുള്ളത്. നിലവില്‍ ആറ് ടോള്‍ ബൂത്തുകള്‍ ഫാസ്ടാഗ് സംവിധാനമുള്ള വാഹനങ്ങള്‍ക്കും ആറ് ബൂത്തുകള്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കുമായി നീക്കിവെച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഫാസ്ടാഗ് സംവിധാനമില്ലാത്ത ബൂത്തുകളുടെ എണ്ണം രണ്ടാക്കി കുറക്കും.

കേരളത്തില്‍ 40 ശതമാനം വാഹനങ്ങള്‍ മാത്രമേ ഫാസ്ടാഗ് സംവിധാനത്തിലേയ്ക്ക് കടന്നിട്ടുള്ളൂ. ഇത്രയും വാഹനങ്ങള്‍ക്കുവേണ്ടിയാണ് 10 ടോള്‍ബൂത്തുകള്‍ ഇവിടെ നീക്കിവെച്ചിരിക്കുന്നത്. ബാക്കിയുള്ള 60 ശതമാനത്തിന് രണ്ടു ടോള്‍ ബൂത്തുകള്‍ മാത്രമാണ് ഉണ്ടാവുക. ഇത് വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നാണ് ആശങ്ക.

കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഫാസ്ടാഗ് നടപ്പാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഭൂരിഭാഗം വാഹനങ്ങള്‍ ഫാസ്ടാഗിലേക്ക് മാറാത്തത് കാരണം ഇത് നടപ്പാക്കാനായില്ല.
തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ കൂടാതെ വാളയാര്‍ പാമ്പന്‍പള്ളം ടോള്‍, അരൂര്‍ കുമ്പളം ടോള്‍, കൊച്ചി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡിലെ പൊന്നാരിമംഗലം ടോള്‍ പ്ലാസ എന്നിവിടങ്ങളിലാണ് ഫാസ്ടാഗ് നടപ്പാക്കുന്നത്.