Connect with us

Gulf

ഇറാന്‍-അമേരിക്ക സംഘര്‍ഷം; ആഗോള എണ്ണവില വീണ്ടും ഉയര്‍ന്നു

Published

|

Last Updated

ബഹ്റൈന്‍ | ഇറാഖില്‍ യു എസ് സേന നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ തലവന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അറബ് മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള എണ്ണ വില വീണ്ടും ഉയര്‍ന്നു. അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ക്രൂഡിന്റെ വില 2.4 ശതമാനം ഉയര്‍ന്ന് ബാരലിന് 70.24 ഡോളറിലെത്തി. ആറുമാസത്തിന് ശേഷം ആദ്യമായാണ് ക്രൂഡിന്റെ വില ഉയരുന്നത്. അതേസമയം, യു എസ് ഓയില്‍ ഫ്യൂച്ചേഴ്സിന് 2.1 ശതമാനം ഉയര്‍ന്ന് ബാരലിന് 64.36 ഡോളറിലെത്തിയിട്ടുണ്ട്.

ആക്രമണം തുടങ്ങിയ വെള്ളിയാഴ്ച എണ്ണ വില മൂന്ന് ശതമാനത്തിലധികമാണ് ഉയര്‍ന്നത്. ലോകത്തെ പ്രധാന എണ്ണ ഉത്പാദന രാജ്യങ്ങളുടെയും വിതരണ റൂട്ടുകളുടെയും ആസ്ഥാനം മിഡില്‍ ഈസ്റ്റില്‍ ആയതിനാല്‍ ഇറാന്‍ കമാന്‍ഡറുടെ കൊലപാതകം കൂടുതല്‍ സംഘര്‍ഷാവസ്ഥക്ക് ഇടയാക്കിയിരിക്കുകയാണ്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇറാഖില്‍ നിന്ന് പൗരന്മാരോട് സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ അമേരിക്ക ആവശ്യപ്പെട്ടതോടെ ഇറാഖിലെ തെക്കന്‍ എണ്ണപ്പാടങ്ങളിലെ ഡസന്‍ കണക്കിന് തൊഴിലാളികളാണ് രാജ്യം വിട്ടുപോയിരിക്കുന്നത്. അമേരിക്കന്‍ എംബസി ഇറാഖിലെ മുഴുവന്‍ യു എസ് പൗരന്മാരോടും ഉടന്‍ രാജ്യം വിടണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍, എണ്ണപ്പാടങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് രാജ്യത്തെ എണ്ണ ഉത്പാദനത്തെ ബാധിക്കില്ലെന്ന് ഇറാഖ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രധാന എണ്ണ വിതരണ ചാനല്‍ കടന്നുപോവുന്നത് ഒമാന്‍-ഇറാന്‍ ഉള്‍ക്കടലിന്റെ ഇടയില്‍ വരുന്ന ഇടുങ്ങിയതും തന്ത്രപ്രധാനവുമായ ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള പെട്രോളിയത്തിന്റെയും മറ്റ് കയറ്റുമതി ഉത്പന്നങ്ങളും രാജ്യങ്ങള്‍ക്ക് സമുദ്രത്തിലേക്ക് വഴിതുറക്കുന്ന ഏക കടല്‍മാര്‍ഗമാണിത്. കൂടാതെ, പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ- വാതക കയറ്റുമതിയില്‍ 40 ശതമാനവും ഹോര്‍മുസ് ജലപാതയിലൂടെയാണ് കടന്നുപോവുന്നത്. സുപ്രധാന ജലപാതയിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം സംഘര്‍ഷത്തെ തുടര്‍ന്ന് അപകടത്തിലായിരിക്കുകയാണെന്ന് റാപ്പിഡന്‍ എനര്‍ജി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ക്ക് ഇപ്പോള്‍ വലിയ ആക്രമണ സാധ്യതയാണുള്ളതെന്നും റാപിഡ് എനര്‍ജി കമ്പനി അറിയിച്ചു.

ലോകത്തിലെ ജലപാതയിലൂടെയുള്ള എണ്ണ ചരക്കുനീക്കത്തിന്റെ 40 ശതമാനവും ഹോര്‍മുസ് വഴിയാണ് നടക്കുന്നത്. അതിനാല്‍ മേഖലയിലെ സംഘര്‍ഷം ലോകത്തെ മുഴുവന്‍ ചരക്ക് നീക്കങ്ങളെയും ബാധിക്കാന്‍ സാധ്യത കൂടുതലാണ്. പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനെ ആക്രമിച്ചാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ കേന്ദ്രങ്ങള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതിനാല്‍ മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ഒഴിവാക്കുന്നതിനാണ് ലോക രാജ്യങ്ങള്‍ ശ്രമിക്കുന്നത്.
റഷ്യയുടെ എണ്ണ ഉത്പാദനം റെക്കോര്‍ഡിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ റെക്കോഡിലേക്കാണ് ഉത്പാദനം ഉയര്‍ന്നിരിക്കുന്നത്. അതേസമയം, ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറച്ചിട്ടുണ്ട്.

ഒപെക് രാജ്യങ്ങളിലെ ഡിസംബറിലെ ഉത്പാദനം 29.55 എം ബി ഡി ആയി കുറഞ്ഞിട്ടുണ്ട്. ഇത് നവംബറിലേക്കാള്‍ 90,000 ബി പി ഡി കുറവാണ് കാണിക്കുന്നത്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ എണ്ണ സ്റ്റോക്കുകളുടെ വില വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ബി പി 2.7 ശതമാനവും റോയല്‍ ഡച്ച് ഷെല്‍ 1.9 ശതമാനവും വില ഉയര്‍ന്നിട്ടുണ്ട്. യു എസ് എണ്ണക്കമ്പനികളായ എക്‌സോണ്‍ മൊബിലിന്റെ ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ സംഘഷങ്ങളുടെ ആശങ്കകളാണ് ഇതിനു കാരണം. ആഗോള ഓഹരികളില്‍ തിങ്കളാഴ്ചയും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ദക്ഷിണ കൊറിയയുടെ കോസ്പിക്ക് (കോസ്പി) 0.8 ശതമാനം നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ ഹോങ്കോങ് സൂചിക (എച്ച് എസ് ഐ) 0.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ചൈനയിലെ ഷാങ്ഹായ് കോമ്പോസിറ്റ് (എസ് എച്ച് കോംപി) 0.4 ശതമാനവും ജപ്പാനില്‍ പുതുവത്സര അവധിക്ക് ശേഷം ആരംഭിച്ച ഈ വര്‍ഷത്തെ ആദ്യ വ്യാപാര ദിനത്തില്‍ (എന്‍ 225) 2.1 ശതമാനവും ഇടിഞ്ഞു. അതേസമയം, തിങ്കളാഴ്ച ചൈന പുറത്തിറക്കിയ സേവന മേഖലയെക്കുറിച്ച് സ്വകാര്യമേഖലയില്‍ സര്‍വേയില്‍ ഡിസംബറിലെ ഓഹരി സൂചികയിലെ വളര്‍ച്ച മന്ദഗതിയാണ് സൂചിപ്പിക്കുന്നത്. അതേസമയം, യു എസ് ഫ്യൂച്ചേഴ്‌സ് തിങ്കളാഴ്ച 0.5 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.