Connect with us

National

എൻ പി ആർ ആദ്യപടി തന്നെ; രേഖകൾ സത്യം പറയുന്നു

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്ത് പൗരത്വ പട്ടിക(എൻ ആർ സി) നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായല്ല ജനസംഖ്യാ പട്ടിക (എൻ പി ആർ) നടപ്പാക്കുന്നതെന്ന കേന്ദ്ര സർക്കാർ വാദം പച്ചക്കള്ളമാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. എൻ ആർ സിയും എൻ പി ആറും തമ്മിൽ ബന്ധമില്ലെന്നും എൻ പി ആർ വിവരങ്ങൾ എൻ ആർ സിക്കായി ഉപയോഗിക്കില്ലെന്നും വാർത്താ ഏജൻസിയായ എ എൻ ഐക്ക് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ രേഖകൾ പറയുന്നത് ഇവ രണ്ടും കൃത്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്.

ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചുരുങ്ങിയത് എട്ടോ ഒന്പതോ തവണയെങ്കിലും കേന്ദ്ര സർക്കാർ ഔദ്യോഗികമായി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടുകൾ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. 2017 -18ലെ കേന്ദ്ര സർക്കാർ വാർഷിക റിപ്പോർട്ടിന്റെ 268ാം പേജിലാണ് എൻ പി ആറിനെ കുറിച്ച് ഉപതലക്കെട്ടോടെ വിശദീകരിക്കുന്നത്. എൻ ആർസിയുടെ ആദ്യ പടിയാണ് എൻ പി ആർ എന്ന് ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1955ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും വിശദീകരിക്കുന്നു. 2018- 19ലെ വാർഷിക റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു. ഈ റിപ്പോർട്ടിൽ 273ാം പേജിലാണ് എൻ പി ആർ സംബന്ധിച്ച് വിശാംദശങ്ങൾ തുടങ്ങുന്നത്. എൻ ആർ സി തയ്യാറാക്കുന്നതിന്റെ ആദ്യ പടിയാണ് എൻ പി ആർ എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന കിരൺ റിജിജു പാർലിമെന്റിൽ രേഖാമൂലം നൽകിയ മറുപടികളും കേന്ദ്ര സർക്കാറിന്റെ വാദം പൊളിച്ചടുക്കുന്നു. 2014 ജൂലൈ എട്ടിന് കിരൺ റിജിജു കോൺഗ്രസ് എം പി രാജീവ് സതവിന്റെ ചോദ്യത്തിന് മറുപടി നൽകിയത് ഇങ്ങനെയാണ്- “എൻ പി ആർ പൂർത്തിയാക്കി വ്യക്തമായ നിഗമനത്തിലെത്തുകയും അതിന്റെ അടിസ്ഥാനത്തിൽ എൻ ആർ സി നടപ്പാക്കുകയും ചെയ്യും”. 2014 ജൂലൈ 15നും 22നും 23നും മന്ത്രി ഇതുതന്നെ ആവർത്തിച്ചു. എൻ ആർ സിയിലേക്കുള്ള ആദ്യപടിയാണ് എൻ പി ആർ എന്ന് 2014 നവംബർ 29ന് രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിൽ കിരൺ റിജിജു വ്യക്തമാക്കുന്നുണ്ട്.

സാധാരണ താമസക്കാരന്റെ പൗരത്വ നില പരിശോധിക്കുന്ന എൻ ആർ സി നിർമിക്കുന്നതിലേക്കുള്ള ആദ്യ പടിയാണ് എൻ പി ആർ എന്ന് 2015ൽ കേന്ദ്ര സഹമന്ത്രിയായിരുന്ന ഹരിഭായ് പാർഥിഭായ് ചൗധരി പറഞ്ഞിട്ടുണ്ട്. ഇതേ വർഷം മെയിൽ കിരൺ റിജിജു തന്റെ മുൻ നിലപാടുകൾക്ക് മാറ്റമില്ലെന്ന് വ്യക്തമാക്കി പാർലിമെന്റിൽ വീണ്ടും പ്രസ്താവന നടത്തി. “രാജ്യത്തെ സാധാരണ താമസക്കാരുടെ വിശദാംശങ്ങൾ അടങ്ങിയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. 1995ലെ പൗരത്വ നിയമത്തിലെ വ്യവസ്ഥകൾ, 2003ലെ പൗരത്വ ചട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവ തയ്യാറാക്കുന്നത്. ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ ഭാഗമാണ് ഇത്”- 2016 നവംബർ 11ന് കിരൺ റിജിജു രാജ്യസഭയിൽ ഒരു ചോദ്യത്തിന് നൽകിയ മറുപടിയാണിത്.

പൗരത്വ ഭേദഗതി നിയമത്തിന് ശേഷം ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള കേന്ദ്ര നീക്കം പ്രതിഷേധക്കൊടുങ്കാറ്റിൽ പാളിയതോടെയാണ് എൻ ആർ പിയും എൻ ആർ സിയും തമ്മിൽ ബന്ധമില്ലെന്ന് കേന്ദ്രം വിശദീകരിക്കുന്നത്. നിലവിൽ അസമിൽ എൻ പി ആർ ഇല്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അസമിൽ എൻ ആർ സി നടപ്പാക്കുന്നതിന്റെ ഭാഗമായി എൻ പി ആർ നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് അസമിൽ ഇപ്പോൾ ഇത് ഉപേക്ഷിച്ചത്. അസമിൽ എത്ര പേർ പുറത്തുപോയി എന്ന് കണക്കാക്കിയത് എൻ പി ആറും എൻ ആർ സിയും തമ്മിലുള്ള അന്തരമായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് മറുപടിയായി കേന്ദ്ര സർക്കാറിന്റെ തന്നെ ഫയലുകളാണ് തിരിച്ചടിയാകുന്നത്.

Latest