Kerala
മദ്രാസ് ഐ ഐ ടിയിലെ മലയാളി വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍
ചെന്നൈ: മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി) യിലെ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാനവിക-സാമൂഹിക ശാസ്ത്ര വിഭാഗത്തിലെ ആദ്യ വര്‍ഷ ഇന്റഗ്രേറ്റഡ് ഡിഗ്രി വിദ്യാര്‍ഥിയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍, മൃതദേഹത്തിനു സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
2018 ഡിസംബറിനു ശേഷം സ്ഥാപനത്തിലെ അഞ്ചാമത്തെ ആത്മഹത്യാ സംഭവമാണിത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 22ന് കേരളത്തിലെ പാലക്കാട് സ്വദേശിയും അവസാന വര്‍ഷ സമുദ്ര എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ ഷഹല്‍ കോര്‍മാത്ത് ജീവനൊടുക്കിയിരുന്നു. ഈ വര്‍ഷം ജനുവരി ആദ്യത്തില്‍ ഉത്തര്‍പ്രദേശുകാരനും ആദ്യ വര്‍ഷ എം ടെക് വിദ്യാര്‍ഥിയുമായ ഗോപാല്‍ ബാബുവിനെ മുറിയില്‍ ആത്മഹത്യ ചെയ്തു. ഝാര്‍ഖണ്ഡ് സ്വദേശിനിയും പി എച്ച് ഡി വിദ്യാര്‍ഥിനിയുമായ രഞ്ജന കുമാരിയും അടുത്തിടെ ആത്മഹത്യ ചെയ്തു. 2018 ഡിസംബറില്‍ സ്ഥാപനത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അദിഥി സിംഹ കാമ്പസിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കി.