Connect with us

Articles

യു എ പി എ ഒരു രോഗലക്ഷണമാണ്

Published

|

Last Updated

മാവോയിസ്റ്റുകളാണ് ഇന്ത്യയിലെ കൊടും ഭീകരപ്രവര്‍ത്തകര്‍ എന്നതില്‍ ഇനി സംശയം വേണ്ട. കാരണം അമേരിക്ക അങ്ങനെ പ്രഖ്യാപിച്ചു കഴിഞ്ഞു. പുറമെ, കേരളത്തിന്റെ ചീഫ് സെക്രട്ടറി ടോം ജോസ് അത് ശരിവെച്ച് ടൈംസ് ഓഫ് ഇന്ത്യയില്‍ ലേഖനവും എഴുതി. കേരളസര്‍വീസ് ചട്ടങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കിന് പോലും സര്‍ക്കാര്‍ നയങ്ങളെ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ എഴുതാന്‍ അവകാശമില്ല. ഇതൊന്നും ഐ എ എസുകാര്‍ക്കും ഐ പി എസുകാര്‍ക്കും ബാധകമല്ല എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

കരിനിയമങ്ങള്‍ക്ക് തങ്ങള്‍ എതിരാണെന്ന് മാത്രമല്ല അത് ദുര്‍വിനിയോഗം ചെയ്യാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും കൈക്കൊള്ളും എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിനെ അവിശ്വസിക്കുന്നതിലര്‍ഥമില്ല.
നക്‌സല്‍ വിപ്ലവകാരികളെ നേരിടുന്ന കാര്യത്തില്‍ കേരളത്തിലെ പോലീസ് യജമാനന്മാര്‍ എക്കാലത്തും രാഷ്ട്രീയ നേതാക്കന്മാരുടെ തലക്ക് മുകളില്‍ കയറി നിന്നുകൊണ്ട് വീരശൂര പരാക്രമം കാട്ടി കേന്ദ്രം ഭരിക്കുന്നവരുടെ നല്ല പുസ്തകത്തില്‍ പേരു ചേര്‍ക്കാന്‍ അമിതോത്സാഹം കാട്ടിയിട്ടുണ്ട്. ഈ കാര്യത്തില്‍ അവര്‍ക്ക് കരുണാകരനെന്നോ ചെന്നിത്തലയെന്നോ പിണറായി വിജയനെന്നോ ഒന്നും പ്രശ്‌നമായിരുന്നില്ല. ആരുടെ മേലെങ്കിലും കൈത്തരിപ്പ് തീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്ത് പോലീസ് എന്ന ഭാവമാണ് നമ്മുടെ യുവ പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക്.

പോലീസിന്റെ യൂനിഫോം ധരിച്ചാല്‍ ഒരാള്‍ മനുഷ്യനല്ലാതാകുമോ എന്ന ചോദ്യം ഏറെ ഉന്നയിച്ചിട്ടുള്ളത് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാരാണ്. ഉരുട്ടല്‍, ഗരുഡന്‍തൂക്കം, സൂചിപ്രയോഗം, ഐസ് കട്ടയില്‍ കിടത്തല്‍, ഇല്ലാത്ത കസേരയില്‍ ഇരുത്തല്‍ ഇങ്ങനെ ശുദ്ധ സാഡിസ്റ്റുകള്‍ക്ക് മാത്രം അഭിരമിക്കാന്‍ കഴിയുന്ന ദ്രോഹമാണ് ഒരിക്കല്‍ ഇവിടെ പലര്‍ക്കും സഹിക്കേണ്ടി വന്നത്.
അട്ടപ്പാടിയിലെ വനമേഖലയില്‍ പോലീസുമായി നടന്നതായി പറയുന്ന ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ഇതോടെ ഇടതു സര്‍ക്കാറിന്റെ ഭരണകാലത്ത് കൊല്ലപ്പെട്ടത് ഏഴ് മാവോവാദികള്‍. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ തത്ക്ഷണം വെടിവെച്ചു കൊല്ലുന്നതാണോ അവരെ ജീവനോടെ പിടികൂടി വിചാരണ ചെയ്ത് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കുന്നതാണോ നല്ലതെന്ന കാര്യം ഇവിടുത്തെ പോലീസും അവരെ നയിക്കുന്നവരും ആലോചിക്കേണ്ടതാണ്. സംഭവസ്ഥലം സന്ദര്‍ശിച്ച ഭരണകക്ഷി നേതാക്കള്‍ പോലും പറയുന്നത് പോലീസിന്റെ ജീവന് ഹാനികരമായ യാതൊന്നും മാവോയിസ്റ്റുകള്‍ എന്ന് വിളിക്കുന്ന ഈ ചെറുപ്പക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ്.

ഭരണകൂടത്തിന്റെ ഭീകരമായ അടിച്ചമര്‍ത്തല്‍ കൊണ്ടു മാത്രം ഏതെങ്കിലും ഒരാശയത്തെയോ ആദര്‍ശത്തെയോ ഇല്ലായ്മ ചെയ്യുക സാധ്യമല്ല. മറിച്ച് അത്തരം സാഹചര്യങ്ങളില്‍ അതു തഴച്ചു വളരുക തന്നെ ചെയ്യും എന്നാണ് ചരിത്രം നല്‍കുന്ന പാഠം. മാര്‍ക്‌സും മാര്‍ക്‌സിസ്റ്റുകളും ഒരു കാലത്ത് ഭരണകൂടത്തിന്റെ നിരോധനത്തിന്റെയും വേട്ടയാടലിന്റെയും സുഖം അനുഭവിച്ചവരായിരുന്നു.

മാര്‍ക്‌സിന് ജന്മനാടുപേക്ഷിച്ച് ഇംഗ്ലണ്ടില്‍ അഭയം തേടേണ്ടി വന്നു. മാര്‍ക്‌സിസ്റ്റുകള്‍ ലോകവ്യാപകമായി വേട്ടയാടപ്പെട്ടിട്ടുണ്ട്. കേരളത്തിലും ഏറെക്കാലം ഭരണകൂട വേട്ടയാടലിനെ നേരിട്ടവരായിരുന്നു മാര്‍ക്‌സിസ്റ്റുകള്‍. കൈലി ഉടുത്തവരും മേല്‍മീശ വെച്ചവരും കമ്മ്യൂണിസ്റ്റുകളെന്ന് സംശയിച്ച് പോലീസിന്റെ മര്‍ദനം സഹിക്കേണ്ടി വരികയും വിചാരണ കൂടാതെ ജയിലില്‍ തള്ളപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും അറിയാത്തവരല്ല ഇപ്പോഴത്തെ കേരള ഭരണകൂടം. പിണറായി സര്‍ക്കാര്‍ ചെയ്യുന്ന പല നല്ല കാര്യങ്ങളുടെയും ശോഭ കെടുത്തിയേ അടങ്ങൂ എന്ന വാശിയോടെ ആരൊക്കെയോ കേരള പോലീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തം.

ഇപ്പോഴിതാ സി പി എം പ്രവര്‍ത്തകരായ രണ്ട് ചെറുപ്പക്കാരെ പോലീസ് യു എ പി എ എന്ന വലയില്‍ കുടുക്കിയിരിക്കുന്നു. മാവോയെ വായിക്കാത്ത മാര്‍ക്‌സിസ്റ്റുകാരുണ്ടായിരിക്കാം. എല്ലാ മാര്‍ക്‌സിസ്റ്റുകാരും അങ്ങനെ ആയിരിക്കണമെന്നില്ല. മാവോയും മാവോയിസ്റ്റുകളും തമ്മില്‍ എന്തു ബന്ധമാണുള്ളതെന്ന് വ്യക്തമല്ല. ഇസ്‌ലാം എന്തെന്നറിയാത്ത ഇസ്‌ലാമിസ്റ്റുകളും സലഫികളും ക്രിസ്തു ആരെന്നറിയാത്ത ക്രിസ്ത്യാനികളും ഹിന്ദു ദര്‍ശനം എന്തെന്നറിയാത്ത ഹിന്ദൂയിസ്റ്റുകളും അരങ്ങ് തകര്‍ത്താടുന്ന നാടാണ് നമ്മുടേത്. ആ നിലക്ക് എല്ലാ മാര്‍ക്‌സിസ്റ്റുകളും മാര്‍ക്‌സിസം പഠിച്ചിരിക്കണമെന്നോ എല്ലാ മാവോയിസ്റ്റുകളും മാവോയെ വായിച്ചിരിക്കണമെന്നോ ഒന്നും നിര്‍ബന്ധം പിടിക്കുന്നതില്‍ അര്‍ഥമില്ല.

മാവോയിസ്റ്റുകളുടെ ലഘുലേഖ കൈവശം വെച്ചതിന്റെ പേരിലോ മാവോയിസ്റ്റുകളായ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയതിന്റെ പേരിലോ യുവാക്കളെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്ത് കേസെടുക്കുന്നത് ഒരു രോഗമല്ല ഒരു രോഗലക്ഷണമാണ്. യു എ പി എയും പോട്ടയും ടാഡയും ഒക്കെ കേരളത്തില്‍ ഏറെയും ചുമത്തപ്പെട്ടത് നക്‌സലേറ്റ് മുദ്രകുത്തപ്പെട്ട തീവ്ര ഇടതുപക്ഷത്തിനെതിരെ ആയിരുന്നു. നടപ്പാക്കിയതോ, ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്ന വലതു പക്ഷവും. കരിനിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിന് അനുകൂലമായി പാര്‍ലിമെന്റില്‍ കൈപൊക്കിയവര്‍ തന്നെ, ഇപ്പോള്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെയും യു എ പി എയുടെ പിടിയിലകപ്പെട്ട മാര്‍ക്‌സിസ്റ്റു ചെറുപ്പക്കാരുടെയും രക്ഷകരായി രംഗത്ത് വന്നത് രസകരമായ ഒരു ചരിത്ര നിയോഗമായി കരുതാം.

അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ക്കുത്തരവാദികളായവരെ കര്‍ശനമായി ശിക്ഷിക്കണമെന്ന ആവശ്യവുമായി 1977 ഏപ്രില്‍ എട്ടിന് കാസര്‍കോട്ട് നിന്നാരംഭിച്ച വാഹനജാഥക്ക് നേതൃത്വം നല്‍കിയ അന്നത്തെ ഇടതുപക്ഷ കണ്‍വീനര്‍ വൈക്കം വിശ്വന്‍, ജാഥ സമാപിച്ചപ്പോള്‍ ഇപ്രകാരം പ്രസംഗിച്ചതായി ചെറിയാന്‍ ഫിലിപ്പ് “കാല്‍ നൂറ്റാണ്ട്” എന്ന ചരിത്ര ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആറ് രാജന്മാരുടെ കഥയേ ഈ ജാഥ നടത്തുന്നതിന് മുമ്പ് ഞങ്ങള്‍ക്കറിവുണ്ടായിരുന്നുള്ളൂ. ജാഥ സമാപിച്ചപ്പോള്‍ 61 രാജന്മാരുടെ കഥകള്‍ ഞങ്ങളറിഞ്ഞു. ആയിരത്തോളം കുടുംബങ്ങള്‍ പോലീസതിക്രമത്തിന്റെ ഫലമായി അനാഥമാക്കപ്പെട്ടത് ഞങ്ങളറിഞ്ഞു. ചെറിയാന്‍ ഫിലിപ്പ് തുടരുന്നു. ഒരു കാലഘട്ടത്തില്‍ അടിയന്തരാവസ്ഥയുടെ ശില്‍പ്പിയായ ഇന്ദിരാ ഗാന്ധി പോലും ഇവിടുന്ന് പോയ ഒരു നിവേദക സംഘത്തോട് ക്ഷോഭിച്ചുകൊണ്ട് ചോദിച്ചു, നിങ്ങളുടെ ഈ കരുണാകരന്‍ പോലീസിനെ കൊണ്ട് കളിക്കുകയാണോ? അതെ, അക്കാലത്ത് കരുണാകരന്‍ ഒരു കളി തന്നെ കളിച്ചു. (കാല്‍ നൂറ്റാണ്ട് പേജ് 365).

ശരിയായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ശരിയായ മാര്‍ഗം തന്നെ വേണമെന്ന ഗാന്ധിയന്‍ ദര്‍ശനങ്ങളിലേക്ക് ലോകം കൂടുതല്‍ അടുത്തു കൊണ്ടിരിക്കുകയാണ്. വ്യക്തികളുടെ ഭീകരപ്രവര്‍ത്തനം പോലെ തന്നെ അപലപിക്കപ്പെടേണ്ടതാണ് പോലീസിനെയോ സൈന്യത്തെയോ ഉപയോഗിച്ചുള്ള ഭീകരപ്രവര്‍ത്തനവും. ഉറയില്‍ നിന്നൂരിയ വാള്‍ അതിന്റെ ദാഹം തീര്‍ക്കാന്‍ വീണ്ടും വീണ്ടും രക്തത്തിനായി ദാഹിച്ചു കൊണ്ടിരിക്കും. അതിനാല്‍ വാള് ഉറയില്‍ തന്നെ സൂക്ഷിക്കുക. മനുഷ്യ ജീവന്റെ മഹത്വം ജനങ്ങളും ഭരണകൂടവും ഒരേപോലെ മനസ്സിലാക്കണം. അപ്പോഴാണ് ഒരു ഭരണകൂടം പരിഷ്‌കൃതമെന്ന പേരിനര്‍ഹത നേടുന്നത്. അപ്പോഴാണ് ജനങ്ങള്‍ക്കവരുടെ നഷ്ടപ്പെട്ട ആത്മാഭിമാനവും അന്തസ്സും വീണ്ടെടുക്കാനാകുക.

കെ സി വര്‍ഗ്ഗീസ്
• 9947500628