Connect with us

National

വിദേശ എംപിമാരുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം; മാഡി ശര്‍മയും കേന്ദ്ര സര്‍ക്കാറുമായുള്ള ബന്ധം സംശയത്തിന്റെ നിഴലില്‍

Published

|

Last Updated

ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയന്‍ എം പിമാരുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം സംഘടിപ്പിച്ച മാഡി ശര്‍മക്ക് ബി ജെ പിയുമായുള്ള ബന്ധം സംബന്ധിച്ച് വിവാദം പുകയുന്നു. അന്താരാഷ്ട്ര ബിസിനസ് ബ്രോക്കറെന്ന് സ്വയം വിശേഷിപ്പിക്കുന്ന മാഡി ശര്‍മയ്ക്ക് കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധമാണ് സംശയത്തിന്റെ നിഴലിലായിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളുമായി ചര്‍ച്ച നടത്താനും ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനും അവസരം ഒരുക്കാമെന്ന് എം പിമാരുടെ സംഘത്തിന് മാഡി ശര്‍മ ഉറപ്പുകൊടുത്ത ഇമെയില്‍ സന്ദേശം പുറത്തുവന്നു.

ഇന്ത്യന്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കു പോലും ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കാതിരുന്ന കേന്ദ്രസര്‍ക്കാര്‍, വിദേശസംഘത്തിന് അനുമതി നല്‍കിയത് എങ്ങിനെയെന്നത് സംബന്ധിച്ചും രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍ വിദേശപ്രതിനിധികള്‍ വ്യക്തിപരമായ രീതിയിലാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.

യൂറോപ്യന്‍ യൂണിയനിലെ പ്രമുഖരെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതായും ഇന്ത്യയിലെത്തിയാല്‍ അദ്ദേഹം ഉള്‍പ്പെടെയുള്ള പ്രധാനവ്യക്തികളെ കാണാനും ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കാമെന്നും മാഡി ഇ മെയിലില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രധാനമന്ത്രിക്കു വേണ്ടി യൂറോപ്യന്‍ യൂണിയന്‍ എം പിമാരെ ക്ഷണിക്കാന്‍ മാഡി ശര്‍മയെ ആര് ചുമതലപ്പെടുത്തിയെന്ന കാര്യം വ്യക്തമല്ല. വിദേശപ്രതിനിധികള്‍ പ്രധാനമന്ത്രിയെ കാണുമ്പോള്‍ മാഡി ശര്‍മയും ഒപ്പമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സര്‍ക്കാര്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്.

 

Latest