Connect with us

Alappuzha

ഉപതിരഞ്ഞെടുപ്പ്: അങ്കച്ചൂടിൽ അരൂർ

Published

|

Last Updated

മനു സി പുളിക്കൽ, ഷാനിമോൾ ഉസ്്മാൻ, അഡ്വ. പ്രകാശ് ബാബു

ആലപ്പുഴ: ജില്ലയുടെ വടക്കേ അറ്റമായ അരൂരിന്റെ ഊര് മാത്രമേ ആലപ്പുഴയിലുള്ളൂ. സമുദ്രോത്്പന്ന കയറ്റുമതി കേന്ദ്രമെന്ന നിലയിലും തൊഴിലിടമെന്ന നിലയിലും അരൂരിന്റെ ബന്ധം കൂടുതലും വ്യവസായ തലസ്ഥാനമായ കൊച്ചിയുമായാണ്.

വേമ്പനാട് കായലിലെ മൂന്ന് നെടുനീളൻ പാലങ്ങൾ കൊണ്ട് കൊച്ചിയുമായി വേർതിരിച്ചിട്ടുണ്ടെങ്കിലും അരൂരിന്റെ ഊര് കൊച്ചിയുമായി ലയിച്ചതാണ്. എന്തിനേറെ സ്വന്തം ജില്ലയിലെ വാർത്തകളേക്കാൾ അരൂരുകാർക്ക് അറിയാൻ താത്്പര്യം കൊച്ചിയുടെ വർത്തമാനങ്ങളാണ്. ഇത് കണ്ടറിഞ്ഞ് പല പത്രങ്ങളും കൊച്ചി പ്രാദേശിക പേജുകളാണ് അരൂരിലേക്ക് നൽകുന്നത്.

അരൂർ- ഇടക്കൊച്ചി, അരൂർ- കുമ്പളം പാലങ്ങളാണ് വ്യവസായ നഗരവുമായി അരൂരിനെ ഇത്രമേൽ അടുപ്പിച്ചത്. ഈ രണ്ട് പാലങ്ങൾക്കിടയിലായി റെയിൽവേയുടെ നെടുനീളൻ പാലം കൂടിയെത്തിയതോടെ അരൂരിന്റെ വികസനവും വേഗത്തിലായി. കൊച്ചിയിലെ പല വ്യവസായങ്ങളും അരൂരിലേക്ക് പറിച്ചുനട്ടു. പലതും ഇപ്പോഴും ഈ മേഖലയിലേക്കെത്തിക്കൊണ്ടിരിക്കുന്നു.
തിരഞ്ഞെടുപ്പ് ചരിത്രത്തിൽ അരൂരിനുള്ള പ്രാധാന്യം പക്ഷേ, പുന്നപ്ര- വയലാറിന്റെ വിപ്ലവ മണ്ണുമായി ചേർന്നു കിടക്കുന്നു. മണ്ഡലം രൂപവത്കൃതമായ ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ അധികവും വിപ്ലവ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കമ്യൂണിസ്റ്റ് തറവാട്ടിൽ നിന്നുള്ളവരെയാണ് ജയിപ്പിച്ചിട്ടുള്ളത്. വിപ്ലവ തറവാട്ടിലെ വീരാങ്കന കെ ആർ ഗൗരിയമ്മയുടെ തട്ടകമായി അറിയപ്പെട്ടിരുന്ന അരൂർ, അവർ മുന്നണി വിട്ടപ്പോഴും ഒപ്പം നിർത്തി. എന്നാൽ ഗൗരിയമ്മക്കെതിരെ സ്വന്തം പാളയത്തിൽ തന്നെ പടയുണ്ടായതോടെ വീണ്ടും അരൂർ ചുവക്കുകയായിരുന്നു. എ എം ആരിഫിലൂടെ ഒന്നര പതിറ്റാണ്ടായി ഇത് നിലനിർത്തിപ്പോരുന്നു.

ലോക്്സഭാ തിരഞ്ഞെടുപ്പിൽ ആരിഫ് തിരഞ്ഞെടുക്കപ്പെട്ടതോടെ അരൂരിൽ ആദ്യത്തെ ഉപ തിരഞ്ഞെടുപ്പ് എത്തി. ഏറെ രാഷ്ട്രീയ പാരമ്പര്യമുള്ള മണ്ഡലത്തിന് ഉപ തിരഞ്ഞെടുപ്പ് പുതിയ അനുഭവമാണ്. ആദ്യമായെത്തിയ ഉപ തിരഞ്ഞെടുപ്പിനെ ആഘോഷമാക്കുകയാണ് മുന്നണികൾ.

മണ്ഡലത്തിൽ ഇതുവരെ നടന്ന 15 തിരഞ്ഞെടുപ്പുകളിൽ പത്തിലും അരൂർ ഇടത്തേക്കാണ് ചാഞ്ഞത്. ആദ്യത്തെ രണ്ട് തിരഞ്ഞെടുപ്പുകളിൽ മാത്രമാണ് നിയമസഭയിൽ ഇവിടെ നിന്നുള്ള കോൺഗ്രസ് പതാക പാറിയത്. പിന്നീട് രണ്ട് തവണ യു ഡി എഫിലായിരുന്ന ഗൗരിയമ്മയിലൂടെയും മറ്റൊരു തവണ കോൺഗ്രസിന്റെ പിന്തുണയോടെ ഗൗരിയമ്മയെ തോൽപ്പിച്ച സി പി ഐയിലെ പി എസ് ശ്രീനിവാസനിലൂടെയുമാണ് അരൂർ വലത്തോട്ട് ചാഞ്ഞത്. മറ്റു തിരഞ്ഞെടുപ്പുകളിലൊന്നും യു ഡി എഫിനെ ഒപ്പം നിർത്താൻ മണ്ഡലം ഒരുക്കമായിരുന്നില്ല.

മണ്ഡല പുനർനിർണയം വന്നതോടെ അരൂർ കൂടുതൽ ഇടത്തോട്ടടുക്കുന്നതായാണ് ഓരോ തിരഞ്ഞെടുപ്പിലും ആരിഫിന്റെ ഭൂരിപക്ഷം വർധിച്ചു വന്നതിലൂടെ പ്രകടമായത്. 1965ലെ തിരഞ്ഞെടുപ്പിലാണ് ചേർത്തലയിൽ നിന്ന് കെ ആർ ഗൗരിയമ്മ അരൂരിലെത്തുന്നത്. അന്നു മുതൽ 11 തിരഞ്ഞെടുപ്പുകളിൽ ഗൗരിയമ്മ അരൂരിൽ മത്സരിച്ചപ്പോൾ ഒമ്പത് തവണയും വിജയം കണ്ടു.
1977ൽ സി പി എമ്മും സി പി ഐയും നേർക്കുനേർ പോരാടിയപ്പോൾ അരൂർ ഗൗരിയമ്മയെ കൈവിട്ടു. 2006 ൽ ജെ എസ് എസ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ സ്വന്തം മുന്നണിയിൽ നിന്നുള്ളവർ തന്നെ കാലുവാരിയതോടെ അരൂർ കൈയൊഴിയാൻ ഗൗരിയമ്മയും തീരുമാനിക്കുകയായിരുന്നു.

മണ്ഡലത്തിന് വേറെയും പ്രത്യേകതയുണ്ട്. മണ്ഡലം രൂപവത്കരിക്കപ്പെട്ട ശേഷം ആകെ നാല് പേർ മാത്രമേ ഇവിടെ നിന്ന് നിയമസഭയിലേക്കെത്തിയിട്ടുള്ളു. ഇതിൽ ഒമ്പത് തവണയും ഇരു മുന്നണികളിലായി കെ ആർ ഗൗരിയമ്മയായിരുന്നു. കോൺഗ്രസിൽ നിന്ന് പി എസ് കാർത്തികേയൻ രണ്ട് തവണയും സി പി ഐയിൽ നിന്ന് പി എസ് ശ്രീനിവാസൻ ഒരുതവണയും സി പി എമ്മിൽ നിന്ന് എ എം ആരിഫ് മൂന്ന് തവണയുമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്.

നിരവധി എം എൽ എമാരെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾക്ക് ഏറെ പഴി കേൾക്കേണ്ടി വന്നിരുന്നു. ഇതിൽ സി പി എമ്മിന് അരൂരിൽ മാത്രമേ എം എൽ എയെ നഷ്ടപ്പെട്ടുള്ളൂ. അതുകൊണ്ട് തന്നെ അരൂരിൽ ഇടതു മുന്നണിക്കിത് അഭിമാന പോരാട്ടമാണ്.

ചുവപ്പ് കോട്ടയിൽ വിള്ളൽ വീഴ്ത്താൻ ലോക്്സഭാ തിരഞ്ഞെടുപ്പിലെ ആരിഫിന്റെ എതിരാളി ഷാനിമോൾ ഉസ്്മാനെ തന്നെ പടക്കളത്തിലിറക്കിയിരിക്കുകയാണ് കോൺഗ്രസ്. ആരിഫിന്റെ വൻ ഭൂരിപക്ഷത്തെ ലോക്്സഭാ തിരഞ്ഞെടുപ്പിൽ അട്ടിമറിച്ചതാണ് ഷാനിമോളെ അവസാന നിമിഷം രംഗത്തിറക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അരൂരിൽ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ആരിഫിന് മുന്നിലെത്താനായിരുന്നില്ല. ഷാനിമോൾ മണ്ഡലത്തിൽ 648 വോട്ടിന്റെ ലീഡ് നേടുകയും ചെയ്തു.

അരൂരിൽ ഷാനിമോൾക്ക് 65,340 വോട്ട് ലഭിച്ചപ്പോൾ ആരിഫിന് കിട്ടിയത് 64,662 വോട്ട്. മൊത്തം ലീഡ് പലവട്ടം മാറിമറിഞ്ഞെങ്കിലും അരൂരിൽ അതുണ്ടായില്ല. ചെറിയ തോതിലെങ്കിലും ഷാനിമോളായിരുന്നു മുന്നിൽ.
2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 38,519 വോട്ടിന്റെ ഭൂരിപക്ഷം നൽകിയാണ് അരൂർ ആരിഫിനെ ജയിപ്പിച്ചത്.

തൊട്ടു മുമ്പത്തെ തിരഞ്ഞെടുപ്പിൽ ലഭിച്ചതിന്റെ ഇരട്ടിയോളം ഭൂരിപക്ഷം 2016ൽ ആരിഫിന് ലഭിച്ചു. അതാണ് ലോക്്സഭാ തിരഞ്ഞെടുപ്പിൽ തകിടം മറിഞ്ഞത്.എന്നാൽ ലോക്്സഭാ തിരഞ്ഞെടുപ്പിൽ എല്ലാകാലത്തും ഇത് തന്നെയാണ് സ്ഥിതിയെന്ന മറുപടിയാണ് ആരിഫിനും മുന്നണിക്കും പറയാനുള്ളത്. അതിന്റെ പേരിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം തങ്ങളെ കൈവിടില്ലെന്ന ഉറച്ച വിശ്വാസമാണ് സി പി എമ്മിനും ഇടതു മുന്നണിക്കും.
യുവ രക്തത്തെയാണ് മണ്ഡലം നിലനിർത്താൻ സി പി എം രംഗത്തിറക്കിയിരിക്കുന്നത്. ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ മനു സി പുളിക്കലാണ് സി പി എം സ്ഥാനാർഥി.
യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബുവാണ് ബി ജെ പി സ്ഥാനാർഥി. ലോക്്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ട് മത്സരിച്ചിരുന്നു.
മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ കോടംതുരുത്ത്, പെരുമ്പളം, എഴുപുന്ന എന്നീ മൂന്നിടത്ത് മാത്രമാണ് യു ഡി എഫിന് ഭരണമുള്ളത്. ശേഷിക്കുന്ന ഏഴ് പഞ്ചായത്തുകളും എൽ ഡി എഫിനൊപ്പം. അരൂർ, അരൂക്കുറ്റി, ചേന്നംപള്ളിപ്പുറം, പാണാവള്ളി, തുറവൂർ, കുത്തിയതോട്, തൈക്കാട്ടുശേരി എന്നിവയാണ് അവ.