Connect with us

Alappuzha

ഉപതിരഞ്ഞെടുപ്പ് പ്രചാരണം: വിഷയ ദാരിദ്ര്യത്തിൽ മുന്നണികൾ

Published

|

Last Updated

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നിച്ചെത്തിയ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നണികൾക്ക് വിഷയ ദാരിദ്യം. ഇടത് -വലത് എൻ ഡി എ മുന്നണികളാണ് അങ്കത്തട്ടിലുള്ളത്. ഭരണ നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയാക്കാനാണ് എൽ ഡി എഫ് ശ്രമിക്കുന്നത്. പാലാ ഉപതിരഞ്ഞെടുപ്പ് ഫലവും ഇവർക്ക് പ്രതീക്ഷ നൽകുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ഉന്നയിച്ച വിഷയങ്ങൾ തന്നെ വീണ്ടും ഉപയോഗിക്കാനാണ് യു ഡി എഫിന്റെയും ബി ജെ പിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ശബരിമലയും വോട്ടുമറിക്കൽ ആരോപണവും പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണ വിഷയങ്ങളാകുന്നത്.
സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങളും നിസ്സഹകരണവും വിമത നീക്കവും തുടരുന്നതോടൊപ്പം പുതിയ പ്രചാരണ വിഷയങ്ങൾ കൊണ്ടുവരാനാകാത്തതും യു ഡി എഫിനെ കുഴക്കുന്നുണ്ട്. ശബരിമല യുവതീ പ്രവേശം വീണ്ടും ചർച്ചയാക്കുന്നതിലും ബി ജെ പി-സി പി എം വോട്ടുമറിക്കൽ ആരോപണത്തിൽ പ്രചാരണം തളച്ചിടുന്നതിലും ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. എന്നാൽ ശബരിമല വിഷയം സാധ്യതയുള്ള മണ്ഡലങ്ങളിലേക്ക് ചുരുക്കണമെന്ന ആവശ്യവും ശക്തമാണ്. മഞ്ചേശ്വരത്തെ എൽ ഡി എഫ് സ്ഥാനാർഥി ശങ്കർ റൈയുടെ പരാമർശം ഉയർത്തിയ വിവാദം കത്തിച്ചുനിർത്തണമെന്നാണ് ഈ വിഭാഗത്തിന്റെ അഭിപ്രായം.

താൻ ഒരു വിശ്വാസി ആണെന്നും ആചാര സംരക്ഷണം വേണമെന്നുമുള്ള റൈയുടെ നിലപാട് സി പി എമ്മിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്ന രീതിയിൽ പ്രചാരണം നടത്തണമെന്നാണ് ഇവരുടെ വാദം. ഇത് വോട്ടിന് വേണ്ടി നടത്തുന്ന നാടകമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവും കെ പി സി സി അധ്യക്ഷനും പരസ്യമായി രംഗത്ത് വന്നത് ഇതിന്റെ ഭാഗമായാണെന്ന് വ്യക്തമാണ്. നിലവിൽ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുപ്പ് വരെ ലൈവായി നിലനിർത്താൻ കഴിയുന്നവയല്ലെന്നും പുതിയ പ്രചാരണ വിഷയങ്ങളും തന്ത്രങ്ങളും ആവിഷ്‌കരിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്. പ്രധാന എതിരാളികളായ എൽ ഡി എഫിനെ നേരിടാൻ സർക്കാറിനെതിരെയുള്ള ആരോപണങ്ങൾ കൊണ്ടുവരണമെന്നാണ് അണികൾക്കിടയിലുള്ള പൊതുവികാരം. ഇക്കാര്യം പല നേതാക്കളും പരസ്യമായി വ്യക്തമാക്കിയിട്ടുമുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്ന കിഫ്ബി, കിയാൽ സി എ ജി ഓഡിറ്റുമായി ബന്ധപ്പെട്ട വിവാദവും വേണ്ടവിധം ജനങ്ങളിലെത്തിയില്ലെന്ന വിലയിരുത്തലാണുള്ളത്. ആരോപണങ്ങൾ ഉന്നയിച്ച ശേഷം ഇതിനെ കാര്യമായി പിന്തുടരുന്നില്ലെന്നും അണികൾക്കിടയിൽ ആക്ഷേപമുണ്ട്. കിഫ്ബി വിവാദത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാത്തത് പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയും തർക്കങ്ങളും മൂലം ബി ജെ പിയും പ്രചാരണ രംഗത്ത് സജീവമായിട്ടില്ല. ബി ജെ പിക്കും ശബരിമലക്കപ്പുറം ഒരു വിഷയവുമില്ലാത്ത അവസ്ഥയാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest