Editors Pick
കുട്ടികളിൽ നേത്രരോഗം കൂടുന്നു; മൊബൈലിലെ കളി കാര്യമാകും

കണ്ണൂർ: കുട്ടികൾക്ക് മൊബൈൽ ഫോൺ കൊടുത്തുള്ള സ്‌നേഹ പ്രകടനം വേണ്ട, അത് കുട്ടികളിൽ അന്ധത ഉൾപ്പെടെ കണ്ണിന് നേത്രരോഗങ്ങൾ വരുന്നതിനുള്ള കാരണമായി മാറാം. അധ്യാപകർ പറയുമ്പോൾ മാത്രമാണ് പല രക്ഷിതാക്കളും കുട്ടികളുടെ കാഴ്ചാ തകരാർ മനസ്സിലാക്കുന്നത്. ഇതിന് പ്രധാന കാരണക്കാരൻ മൊബൈൽ ഫോൺ തന്നെയാണെന്ന് നേത്ര ചികിത്സാ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
കരയുന്നത് ഒഴിവാക്കാൻ, പഠിക്കാൻ, അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിന് തുടങ്ങി പല കാരണങ്ങൾക്കും കുട്ടികളെ വിളിക്കുന്നതിനുള്ള ഒറ്റമൂലിയാണ് രക്ഷിതാക്കൾക്ക് മൊബൈൽ ഫോൺ. ഇത് കൊടുത്താൽ എത്ര വലിയ വില്ലന്മാരും പിന്നെ അച്ചടക്കമുള്ള കുട്ടികളായി വീട്ടിൽ അടങ്ങിയിരിക്കുമെന്നാണ് രക്ഷിതാക്കളെ അതിന് പ്രേരിപ്പിക്കുന്നത്. എന്നാൽ, ഈ സ്‌നേഹ പ്രകടനം ഭാവിയിൽ ആ കുട്ടികളോടുള്ള വലിയ ദ്രോഹമാണ് വരുത്തിവെക്കുന്നതെന്ന് നേത്ര ചികിത്സാ രംഗത്തെ വിദഗ്ധനും ഹൈദരാബാദ് എൽ വി പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്പാർട്ട്‌മെന്റ്ഓഫ് പീഡിയാട്രിക് ഒപ്താൽമോളജി ചീഫുമായ ഡോ രമേശ് കെക്കുന്നായ സിറാജിനോട് പറഞ്ഞു.
കുട്ടികളിൽ ഇപ്പോൾ വ്യാപകമായി കണ്ടുവരുന്ന കാഴ്ചക്കുറവിനും തിമിരത്തിനും കോങ്കണ്ണിനുമൊക്കെ മൊബൈൽ ഫോൺ ഉപയോഗം കാരണമായി മാറുന്നുണ്ട്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒരു കാരണവശാലും മൊബൈൽ ഫോൺ നൽകരുതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളിൽ മയോപിയ (ഹൃസ്വദൃഷ്ടി) കൂടുതലായി കണ്ടുവരുന്നതിന് പ്രധാന കാരണം മൊബൈൽ ഫോൺ തന്നെയാണ്. മുതിർന്നവരെ പേലെയല്ല കുട്ടികൾ. കണ്ണിനുള്ളിലെ പേശികളും മസിലുകളും വളർന്നുവരുന്നതേയുള്ളൂ . ഇലക്ട്രോമാഗ്‌നറ്റിക് തരംഗങ്ങളും ബ്രൈറ്റ് നിറങ്ങളുമെല്ലാം അവരുടെ കാഴ്ചയെ സാരമായി ബാധിക്കും.
ഇന്നത്തെ ക്ലാസ് മുറികളിൽ കണ്ണട വെച്ച കുട്ടികളുടെ എണ്ണം വർധിക്കാൻ കാരണമായതും അമിതമായ മൊബൈൽ ഫോൺ ഉപയോഗമാണ്. മൊബൈൽ ഫോൺ ഉപയോഗം രണ്ടുതരത്തിലാണ് കുട്ടികളെ ബാധിക്കുന്നത്. ഫോൺ ഉപയോഗിക്കുന്നത് കാരണം കാഴ്ച ശക്തി കുറയുന്നതിന് പുറമേ വീട്ടിനകത്ത് തന്നെ മുഴുവൻ സമയം ഇരിക്കുന്നത് കാരണം കണ്ണിന് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കപ്പെടുകയും ചെയ്യും.
കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ് സൂര്യപ്രകാശം ലഭിക്കുന്നതും പ്രകൃതിയോടുള്ള സഹവാസവുമെന്ന് ഡോ. രമേശ് കെക്കുന്നായ ചൂണ്ടിക്കാട്ടി. മാറിയ ഭക്ഷണ രീതിയും കാഴ്ച ശക്തി കുറയാനും മറ്റ് നേത്രരോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അമിതമായ മൊബൈൽ ഫോൺ ഉപയോഗം കണ്ണിനെ മാത്രമല്ല ബുദ്ധി വികാസത്തെയും സാരമായി ബാധിക്കുന്നുണ്ട്. കുട്ടി ജനിച്ച് മുപ്പത് ദിവസത്തിനകം കണ്ണ് പരിശോധന നടത്തിയാൽ 95 ശതമാനം കാഴ്ചക്കുറവും നേത്രരോഗങ്ങളും ചികിത്സിച്ച് ഭേദമാക്കാനും കഴിയും. എന്നാൽ, അത്തരത്തിലുള്ള പരിശോധന പലപ്പോഴും വേണ്ടരീതിയിൽ നടക്കുന്നില്ല. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ ഗർഭസ്ഥാവസ്ഥയിൽ തന്നെ കുട്ടികളുടെ നേത്ര രോഗങ്ങൾ കണ്ടെത്താൻ സംവിധാനമുണ്ട്. കുട്ടികളിൽ നേത്ര രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കുത്തിവെപ്പ് സമയത്തെങ്കിലും കണ്ണ് പരിശോധനയും നിർബന്ധമാക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഒരു വർഷമാകുമ്പോഴെങ്കിലും കണ്ണ് പരിശോധന നടത്തിയാൽ 90 ശതമാനം രോഗവും ചികിത്സിച്ച് ഭേദമാക്കാനാകും. കുത്തിവെപ്പ് സമയത്ത് കുട്ടികളുടെ കണ്ണ് പരിശോധനയും നടത്തണമെന്ന് ആരോഗ്യ വകുപ്പിന് നിർദേശം സമർപ്പിക്കുമെന്നും ഡോ. രമേശ് കെക്കുന്നായ പറഞ്ഞു.