Connect with us

Editorial

അതിരു വിടുകയാണ്‌ വിവാഹ 'റാഗിംഗ്'

Published

|

Last Updated

വിവാഹ ചടങ്ങിന് വരനോടൊപ്പമെത്തിയ സുഹൃത്തുക്കളുടെ അതിരുവിട്ട കോപ്രായങ്ങളില്‍ ഒരു വയോധികക്കും ഗര്‍ഭിണിക്കും പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംഭവം അടുത്ത ദിവസം കോഴിക്കോട് രാമനാട്ടുകരക്ക് സമീപം വൈദ്യരങ്ങാടിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. വധുവും കൂടെയുള്ളവരും വരന്റെ വീട്ടില്‍ എത്തിയപ്പോഴാണ് വരന്റെ സുഹൃത്തുക്കള്‍ പടക്കം പൊട്ടിച്ചും മറ്റും അഴിഞ്ഞാട്ടം തുടങ്ങിയത്. വരന്റെ വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധം യുവാക്കള്‍ നടത്തിയ പരാക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അവസാനം പോലീസിനെ വിളിക്കേണ്ടി വന്നു.

ഗുരുതരമായ സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണ് ഇന്ന് വിവാഹ റാഗിംഗ്. വരന്റെ സുഹൃത്തുക്കളുടെ പരിധിവിട്ട “തമാശ”കളില്‍ മാനസികനില പോലും തെറ്റി വിവാഹ ദിനം തന്നെ വിവാഹ മോചനത്തില്‍ എത്തുകയും വിവാഹച്ചടങ്ങ് കൂട്ടത്തല്ലില്‍ പര്യവസാനിക്കുകയും ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിവാഹ ദിനത്തില്‍ വരനെയും വധുവിനെയും കീറിയ ചെരുപ്പുകള്‍ ധരിപ്പിക്കുക, കണ്ടം വെച്ച പഴകിയ കുടചൂടി നടത്തിക്കുക, സൈക്കിള്‍ ചവിട്ടിപ്പിക്കുക, ഗുഡ്‌സ് വണ്ടിയിലും ജെ സി ബിയിലും ഇരുത്തുക, വഴിനീളെ പടക്കം പൊട്ടിക്കുക തുടങ്ങി ചെറിയ ചെറിയ തമാശകളില്‍ ആരംഭിച്ച വിവാഹ റാഗിംഗ് അസഹ്യമായ അഴിഞ്ഞാട്ടത്തിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. സന്തോഷം പെയ്യേണ്ട വിവാഹ വേദികളില്‍ കണ്ണീര്‍ വീഴാന്‍ ഇത് ഇടയാക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ ഇതിനിടെ കല്യാണത്തലേന്ന് നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് വരനെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകളോളം വരന്റെ വീട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവവുമുണ്ടായി. രാത്രി മണിയറയിലേക്ക് വെന്റിലേറ്ററിലൂടെ പടക്കം പൊട്ടിച്ചെറിയുകയും ഭയന്നു വിറച്ച വധൂവരന്മാര്‍ കിട്ടിയ വസ്ത്രവുമായി പുറത്തു കടന്നോടുന്ന രംഗം കൂട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

വരന്റെ യുവ സുഹൃത്തുക്കള്‍ നടത്തി വന്നിരുന്ന വിവാഹ റാഗിംഗ് ഇപ്പോള്‍ സ്ത്രീകള്‍ക്കിടയിലേക്കും പടര്‍ന്നിട്ടുണ്ട്. വരന്റെ വീട്ടിലേക്ക് ആദ്യമായി കടന്നുവരുന്ന മണവാട്ടിയെ മാന്യമായി സ്വീകരിക്കുന്നതിനു പകരം തേങ്ങ ഉടപ്പിച്ചും മണവാട്ടി വേഷത്തില്‍ തന്നെ പാത്രം കഴുകിച്ചും വസ്ത്രം അലക്കിപ്പിച്ചുമാണ് ചില വീടുകളില്‍ ബന്ധു സ്ത്രീകള്‍ സ്വീകരിക്കുന്നത്. ഇതിനിടെ ഒരു കല്യാണ വീട്ടില്‍ പട്ടുസാരിയും ആഭരണവും അണിഞ്ഞ നവവധുവിനെക്കൊണ്ട് തേങ്ങ അരപ്പിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു തേങ്ങ മുഴുവന്‍ അരപ്പിച്ച ശേഷമാണ് വരനും സംഘവും പെണ്ണിനെ മോചിതയാക്കുന്നത്. ആനന്ദദായകമായ ഒരു പുതിയ ജീവിതം സ്വപ്‌നം കണ്ട് ഭര്‍തൃവീട്ടിലേക്ക് വന്നുകയറിയ പെണ്‍കുട്ടി ആദ്യ ദിവസം ഒരു ആള്‍ക്കൂട്ടത്തിനു മുന്നില്‍ ഇത്തരം പീഡനം നേരിടേണ്ടി വരുമ്പോഴുണ്ടാകുന്ന മാനസിക പ്രയാസം ഊഹിക്കാകുന്നതേയുള്ളു.

കലാലയങ്ങളില്‍ നടന്നു വരുന്ന റാഗിംഗിന്റെ മറ്റൊരു രൂപമാണ് വിവാഹ റാഗിംഗ്. ഇതുസംബന്ധിച്ച് പോലീസ് സ്റ്റേഷനുകളില്‍ ധാരാളം പരാതികള്‍ എത്തിയതിനെ തുടര്‍ന്ന് ഇതിന് നിയന്ത്രണം വേണമെന്ന് പോലീസിന് മുന്നറിയിപ്പ് നല്‍കേണ്ടി വന്നു. പലപ്പോഴും വരന്‍ നേരത്തെ കാണിച്ച കോമാളിത്തരങ്ങള്‍ക്ക് പകരംവീട്ടലാണ് സുഹൃത്തുക്കളുടെ ഈ വിക്രിയകള്‍. കാസര്‍ക്കോട്ടെ ഒരു വിവാഹ ചടങ്ങില്‍ വരനെ സുഹൃത്തുക്കള്‍ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും കലവും കൊണ്ട് കഴുത്തില്‍ മാലയണിയിച്ച് ആനയിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍, വരന്‍ പല വിവാഹ ചടങ്ങുകളും ഈ വിധം അലങ്കോലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു കൂട്ടുകാരുടെ മറുപടി.

പുതിയൊരു ജീവിതത്തിന് നാന്ദി കുറിക്കുന്ന വിവാഹ ചടങ്ങിനെ പരിപാവനമായ ഒരു കര്‍മമായാണ് എല്ലാ മതങ്ങളും സമൂഹങ്ങളും കാണുന്നത്. ധാര്‍മികാന്തരീക്ഷത്തില്‍ ഊഷ്മളവും സന്തോഷകരവുമായി നടക്കേണ്ട ഈ മംഗള കര്‍മത്തെ, അതിന്റെ മഹത്വവും ലക്ഷ്യവും മറന്ന് വൃത്തികേടുകളും കോപ്രായങ്ങളും കൊണ്ട് മലിനപ്പെടുത്തുകയും അതിന്റെ ആഹ്ലാദ വേളകളെ തല്ലിക്കെടുത്തുകയുമാണ് റാഗിംഗുകാര്‍. അതിഥികളെ ക്ഷണിച്ചു വരുത്തി മാന്യമായി സ്വീകരിച്ച് അവരുടെ മനസും വയറും നിറച്ചു യാത്രയാക്കുന്നതിലൂടെ കുടുംബ നാഥന് കൈവരുന്ന സംതൃപ്തിയും സന്തോഷവും ഇല്ലാതാക്കുകയാണ് ഇവരുടെ പേക്കൂത്തുകള്‍. മാനുഷിക മൂല്യങ്ങളുടെ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട്‌,
നമ്മുടെ കുടുംബ സാമൂഹിക വ്യവസ്ഥിതിയെ അവഹേളിക്കുന്ന തരത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ സാംസ്‌കാരിക ജീര്‍ണതക്കെതിരെ നിയമ പാലകരും മഹല്ലു സംവിധാനങ്ങളും മത, സാമുദായിക നേതൃത്വങ്ങളും കൂട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്. കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നത് വരന്റെ സുഹൃത്തുക്കളാണെന്നതിനാല്‍ വീട്ടുകാര്‍ എതിരായൊന്നും പ്രതികരിക്കാതെ പരമാവധി ക്ഷമിക്കാന്‍ തയ്യാറാകുന്നതാണ് ഇത് ഇത്രയും രൂക്ഷത പ്രാപിക്കാന്‍ ഇടയാക്കുന്നത്. അതിനെതിരെ ശക്തിയായി പ്രതികരിക്കാന്‍ വീട്ടുകാരും ബന്ധുക്കളും ആര്‍ജവം കാണിക്കണം.

ഇക്കാര്യത്തില്‍ മഹല്ലു കമ്മിറ്റിയുടെ എല്ലാ വിധ പിന്തുണയും വീട്ടുകാര്‍ക്കുണ്ടാകണം. സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ മത, രാഷ്ട്രീയ യുവജന വിദ്യാര്‍ഥി സംഘടനകളുണ്ട് സംസ്ഥാനത്തുടനീളം. ഈ അനാചാരം തടയുന്നതില്‍ അവര്‍ക്കും നല്ല പങ്ക് വഹിക്കാനാകും. ഏതാനും ചില കൂട്ടുകാരുടെ വിക്രിയകള്‍ പുതുജീവിതം തുടങ്ങുന്ന യുവ മിഥുനങ്ങളുടെയും കുടുംബത്തിന്റെയും മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതിനെ പ്രതിരോധിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്.

Latest