Connect with us

Editorial

രാഹുല്‍ പടിയിറങ്ങുമ്പോള്‍

Published

|

Last Updated

സമ്മര്‍ദ തന്ത്രങ്ങള്‍ക്കൊന്നും വഴങ്ങാന്‍ സന്നദ്ധനല്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള തന്റെ രാജിക്കാര്യം മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും രാജിക്കത്ത് ട്വിറ്ററില്‍ പോസ്റ്റുകയും ചെയ്തിരിക്കുന്നു രാഹുല്‍ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിയധ്യക്ഷ സ്ഥാനമൊഴിയുന്നതായി മെയ് 25ന് രാഹുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ അറിയിച്ചിരുന്നുവെങ്കിലും നേതൃത്വം അതംഗീകരിച്ചിരുന്നില്ല.

കോണ്‍ഗ്രസ് ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും നിരന്തരം രാഹുലിനെ നേരിട്ടു കണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്ത് ധര്‍ണ നടത്തിയും രാഹുലിനെ രാജി തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ ഈ പ്രതിസന്ധി കാലത്ത് രാഹുല്‍ സ്ഥാനമൊഴിയുന്നത് നല്ല സന്ദേശമാകില്ലെന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ സമ്മര്‍ദങ്ങളൊന്നും രാഹുലിനെ സ്വാധീനിച്ചില്ല. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അദ്ദേഹം. താത്കാലിക അധ്യക്ഷനായി മോത്തിലാല്‍ വോറ നിയമിതനാകുകയും ചെയ്തു.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഒട്ടേറെപ്പേരില്‍ ആരോപിക്കാന്‍ സാധിക്കുമെങ്കിലും പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ വീഴ്ചകളെ അവഗണിച്ച് മറ്റുള്ളവരില്‍ കുറ്റം ചുമത്തുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം തന്റെ രാജിക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നത്. പുതിയൊരാള്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ഭാവിവളര്‍ച്ചക്ക് അത്യാവശ്യമാണെന്ന് അഭിപ്രായപ്പെട്ട രാഹുല്‍, പാര്‍ട്ടിയുടെ ആശയങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം ഇനിയും ശക്തമായി തുടരുമെന്നും പാര്‍ട്ടിക്ക് തന്റെ സേവനങ്ങളോ അഭിപ്രായങ്ങളോ ഉപദേശമോ ആവശ്യമുള്ളപ്പോഴെല്ലാം അതുമുണ്ടാകുമെന്നും വ്യക്തമാക്കി.

2017 ഡിസംബറില്‍ പ്രസിഡന്റ് പദമേല്‍ക്കുമ്പോള്‍ രാഹുല്‍ പക്വതയാര്‍ന്ന ഒരു നേതാവായി വളര്‍ന്നിട്ടുണ്ടോ എന്ന് സന്ദേഹം പ്രകടിപ്പിച്ചിരുന്നു ചിലര്‍. നിലവിലെ അദ്ദേഹത്തിന്റെ നയനിലപാടുകള്‍ അവര്‍ക്കുള്ള മറുപടി കൂടിയാണ്. തിരഞ്ഞെടുപ്പില്‍ പരാജയങ്ങള്‍ നേരിടുമ്പോള്‍ രാജി പ്രഖ്യാപിക്കുന്ന പതിവ് സാധാരണമാണെങ്കിലും അണികളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നുമുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് പിന്നീട് തീരുമാനം മാറ്റുകയാണ് സാധാരണ കണ്ടുവരാറുള്ളത്. രാജിപ്രഖ്യാപനം ഒരു നാടകം മാത്രമായിരിക്കും മിക്കപ്പോഴും. എന്നാല്‍ എല്ലാ ഭാഗത്തു നിന്നും ശക്തമായ സമ്മര്‍ദമുണ്ടായിട്ടും രാഹുല്‍ അധികാരത്തില്‍ തുടരാന്‍ വിസമ്മതിച്ചത് പക്വതയും നിശ്ചയ ദാര്‍ഢ്യവുമുള്ള ഒരു നേതാവായി അദ്ദേഹം വളര്‍ന്നു കഴിഞ്ഞതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. അധികാരം മാത്രം ലാക്കാക്കിയുള്ള രാഷ്ട്രീയ പോരാട്ടമായിരുന്നില്ല തന്റേതെന്നും രാജിക്കത്തില്‍ അദ്ദേഹം പറയുന്നുണ്ട്. അധികാര പദവികള്‍ക്കപ്പുറം ആദര്‍ശ ത്തില്‍ ഊന്നിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അനിവാര്യത അദ്ദേഹം ഊന്നിപ്പറയുകയുമുണ്ടായി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉദ്ദേശിച്ച വിജയം നേടാന്‍ സാധിച്ചില്ലെന്നാണ് രാജിക്ക് പറയുന്ന പ്രത്യക്ഷ കാരണമെങ്കിലും മോദി സര്‍ക്കാറിനും ബി ജെ പിക്കുമെതിരായ പോരാട്ടത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതു കൂടിയാണ് രാഹുലിനെ നിരാശനാക്കിയതെന്നാണ് രാജിക്കത്തിലെ വരികള്‍ സൂചിപ്പിക്കുന്നത്. ചില ഘട്ടത്തില്‍ താന്‍ ഒറ്റപ്പെട്ടതു പോലെ അനുഭവപ്പെട്ടുവെന്ന കത്തിലെ പരാമര്‍ശത്തില്‍ നിന്ന് ഇത് വായിച്ചെടുക്കാകുന്നതാണ്. തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതു പോലെ മറ്റു പല നേതാക്കളും ഏറ്റെടുക്കേണ്ടതുണ്ടെന്നും രാഹുല്‍ ഉണര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗഹ്‌ലോത്, കമല്‍നാഥ് തുടങ്ങിയവര്‍ക്കെതിരെ പ്രവര്‍ത്തക സമിതിയില്‍ അദ്ദേഹം തുറന്നടിക്കുകയും ചെയ്തിരുന്നു.

രാഹുലിന് പകരം ഇനിയാര് എന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ അലട്ടുന്ന മുഖ്യ പ്രശ്‌നം. കാലാവധി തീരുന്നതിന് മുമ്പ് പാര്‍ട്ടി അധ്യക്ഷന്‍ സ്ഥാനമൊഴിഞ്ഞാല്‍ മുതിര്‍ന്ന ജന. സെക്രട്ടറി പദവി ഏറ്റെടുക്കണമെന്നാണ് പാര്‍ട്ടി ഭരണഘടന നിര്‍ദേശിക്കുന്നതെങ്കിലും രാഹുലിന് പകരക്കാരനെ കണ്ടെത്തുന്നതില്‍ ഈ കീഴ്‌വഴക്കം മാറ്റിവെച്ച് എത്രയും പെട്ടെന്ന് പ്രവര്‍ത്തക സമിതി വിളിച്ചു ചേര്‍ത്ത് പുതിയ നേതാവിനെ കണ്ടെത്താനാണ് നീക്കം. ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ളയാളായിരിക്കണം പുതിയ പ്രസിഡന്റെന്ന് രാഹുല്‍ പ്രത്യേകം നിര്‍ദേശിച്ച സ്ഥിതിക്ക് അതൊരു ശ്രമകരമായ ദൗത്യമാണ്. അങ്ങനെയൊരാളെ കണ്ടെത്തിയാല്‍ തന്നെ അദ്ദേഹത്തിന് നെഹ്‌റു കുടുംബത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കാനോ ആ സ്വാധീന വലയത്തിനപ്പുറം പോകാനോ സാധിക്കുകയുമില്ല. നെഹ്‌റു കുടുംബമല്ലാതെ പാര്‍ട്ടിയെ ഒരുമിച്ചു മുന്നോട്ടു നയിച്ച ചരിത്രമില്ല. ദളിത് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നീ പേരുകളാണ് നിലവില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുള്ളതെന്നാണ് വിവരം.

ഇരുവരും നെഹ്‌റു കുടുംബവുമായി അടുപ്പമുള്ളവരാണ്.
നേതൃത്വത്തില്‍ ആര് വന്നാലും ഭാരിച്ച ഉത്തരവാദിത്തമാണ് മുന്നിലുള്ളത്. പൊതു തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട നേതാക്കളെയും അണികളെയുമാണ് പുതിയ അധ്യക്ഷന് തെളിക്കാനുള്ളത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിലെ അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ച് പാര്‍ട്ടി എം എല്‍ എമാരെ വശത്താക്കി ഭരണം അട്ടിമറിക്കാന്‍ ബി ജെ പി നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇവരെ മറുകണ്ടം ചാടാതെ പിടിച്ചു നിര്‍ത്തേണ്ടതുമുണ്ട്. മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ഡല്‍ഹി തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ നില മെച്ചപ്പെടുത്തേണ്ടതും അനിവാര്യമാണ്.

Latest