Connect with us

Eranakulam

അഞ്ചുനാട്ടിൽ ആപ്പിൾ വസന്തം

Published

|

Last Updated

കോതമംഗലം: വിനോദ സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കിയിരിക്കുകയാണ് അഞ്ചുനാടൻ മലനിരകളിലെ ആപ്പിൾ മരങ്ങൾ. സാധാരണ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ആപ്പിൾ പാകമാകുന്നത്. എന്നാൽ ഇത്തവണ അത് വൈകുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണിതെന്നാണ് കരുതുന്നത്.

മറയൂർ, കാന്തല്ലൂർ മേഖലകളിലെ വിവിധ തോട്ടങ്ങളിലാണ് ആപ്പിളുകൾ ഇപ്പോൾ ഭാഗികമായി പാകമായിരിക്കുന്നത്. ആഗസ്റ്റ് പകുതിയാകുമ്പോൾ പൂർണ വളർച്ച എത്തി വിളവെടുപ്പ് നടത്താനാകും. മറയൂർ, കാന്തല്ലൂർ മേഖലയിലെ നാച്ചി വയൽ, പെരുമല, ഗുഹനാഥപുരം, കുളച്ചിവയൽ, പയസ് നഗർ പ്രദേശങ്ങളിലാണ് വ്യാപകമായി ആപ്പിൾ കൃഷി ചെയ്തുവരുന്നത്. ജാല ഗോൾഡ്, റെഡ് ബിലീഷ്, റെഡ് ചീഫ്, മഹാരാജാ തുടങ്ങിയ ഇനം ആപ്പിളുകളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്. വിപണന സാധ്യത മുന്നിൽ കണ്ടല്ല മേഖലയിൽ ആപ്പിൾ കൃഷി നടത്തുന്നത്. ചെറുകിട നാമമാത്ര കർഷകരും അല്ലാത്തവരും സ്വന്തം ആവശ്യത്തിനും വിനോദ സഞ്ചാരികളെ ആകർഷിക്കാനും മറ്റുമായാണ് ആപ്പിൾ മരങ്ങൾ നട്ടുപരിപാലിക്കുന്നത്.

നല്ല രീതിയിൽ കൃത്യമായ പരിപാലനം നൽകിയാൽ വളർച്ചയെത്തിയ ഒരു ആപ്പിൾ മരത്തിൽ നിന്ന് 30 മുതൽ 50 എണ്ണം വരെ ഫലം ലഭിക്കും. ആപ്പിൾ കൃഷിയിലെ വിനോദസഞ്ചാര രംഗത്തെ ഉൾപ്പെടെയുള്ള സാധ്യതകൾ മനസ്സിലാക്കിയ കാന്തല്ലൂരിലെ ചില കർഷകരാണ് 15 വർഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചത്. ഇത് വൻ വിജയമായതോടെ ഒട്ടേറെ കർഷകരാണ് ഇപ്പോൾ ആപ്പിൾ കൃഷി ചെയ്തുവരുന്നത്.

ഇവിടെ വിളയുന്ന ആപ്പിളുകൾക്ക് പുറത്ത് എത്തിച്ചുള്ള വിപണ സാധ്യത കുറവാണ്.  എന്നാൽ മേഖലയിലെത്തുന്ന വിനോദ സഞ്ചാരികൾ ഇവ ധാരാളമായി വാങ്ങുന്നുണ്ട്. കേരളത്തിൽ പ്രധാനമായും ആപ്പിൾ എത്തുന്നത് ഷിംല, കശ്മീർ, ഉത്തരാഞ്ചൽ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ്. ഇവിടങ്ങളിൽ നിന്നെത്തുന്ന ആപ്പിളുകൾ വിളയുന്പോൾ തന്നെ കിടനാശിനി പ്രയോഗം നടത്തുന്നവയാണെന്ന് പറയപ്പെടുന്നു. എന്നാൽ അഞ്ചുനാടൻ മേഖലയിൽ ആപ്പിൾ കൃഷി വാണിജ്യ അടിസ്ഥാനത്തിൽ അല്ലാത്തതിനാൽ ജൈവവളമല്ലാതെ മറ്റ് വളങ്ങളൊ കീടനാശിനികളോ ഉപയോഗിക്കുന്നില്ല. അതിനാൽ മേഖലയിൽ ഉത്പാദിപ്പിക്കുന്ന ആപ്പിൾ സഞ്ചാരികൾ തന്നെ നല്ല വിലക്ക് വാങ്ങി കൊണ്ടുപോകുന്നുണ്ട്. ഈ സാധ്യത കണ്ടറിഞ്ഞ് കൂടുതൽ ആളുകൾ ഈ കൃഷിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയിട്ടുണ്ട്.

അഞ്ചുനാടൻ മലനിരകളിൽ ആപ്പിൾ കൃഷിയുടെ സാധ്യതകൾ കണ്ടറിഞ്ഞ് ഇവിടങ്ങളിൽ കൃഷി വ്യാപിപ്പിക്കുന്നതിന് കൃഷി വകുപ്പിന്റെ ഇടപെടൽ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.