Connect with us

Kerala

ആശങ്ക വേണ്ട; എറണാകുളത്ത് നിപ സ്ഥിരീകരിച്ചിട്ടില്ല- ആരോഗ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം/ കോട്ടയം: എറണാകുളത്ത് നിപ സ്ഥിരീകരിച്ചു എന്ന രീതിയില്‍ നടക്കുന്ന പ്രചാരണത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ലക്ഷണം കണ്ടാല്‍ പരിശോധിക്കുന്നത് സാധാരണനടപടിക്രമം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ മാത്രമേ നാഷണല്‍ ലാബിലെ പരിശോധന ഫലം ലഭിക്കുകയുള്ളു. എന്നാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കാന്‍സര്‍ ചികിത്സക്കുള്ള നടപടിക്രമം അടുത്താഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
ചികിത്സ നിശ്ചയിക്കുന്നത് ഈ നടപടിക്രമങ്ങള്‍ പ്രകാരമായിരിക്കും. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്‍സര്‍ സ്ഥിരീകരിക്കാതെ യുവതിക്കു കീമോ തെറാപ്പി നല്‍കിയ സംഭവത്തെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. കാന്‍സര്‍ രോഗിയെന്ന് തെറ്റായി നിര്‍ണയിച്ച് ആലപ്പുഴ കുടശനാട് സ്വദേശി രജനിക്കാണ്‌
കീമോ നല്‍കിയത്. സംഭവത്തില്‍ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

സ്വകാര്യ ലാബില്‍ നിന്നുള്ള പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചികിത്സയെ തുടര്‍ന്ന് മുടികൊഴിഞ്ഞുപോകുന്നത് ഉള്‍പ്പടെയുള്ള പാര്‍ശ്വഫലങ്ങള്‍ യുവതിയെ ബാധിച്ചിരിക്കുകയാണ്. പിന്നീട് മെഡിക്കല്‍ കോളജ് ലാബിലും ആര്‍ സി സിയിലും നടത്തിയ പരിശോധനകളില്‍ രജനിക്ക് കാന്‍സര്‍ ഇല്ലെന്ന് തെളിയുകയായിരുന്നു.

മാറിടത്തില്‍ കണ്ടെത്തിയ മുഴ കാന്‍സറാണെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 28നാണ് രജനിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനക്കായി സ്വീകരിച്ച സാമ്പിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളജിലെ പതോളജി ലാബിലും മറ്റൊരെണ്ണം സ്വകാര്യ ലാബിലേക്കും അയക്കുകയായിരുന്നു. പിന്നീട് കാന്‍സറുണ്ടെന്ന് സ്ഥിരീകരിച്ച സ്വകാര്യ ലാബിലെ റിപ്പോര്‍ട്ട് പ്രകാരം കീമോ ഉള്‍പ്പടെയുള്ള ചികിത്സ തുടങ്ങുകയായിരുന്നു.

ആദ്യ കീമോക്കു ശേഷമാണ് കാന്‍സറില്ലെന്ന പതോളജി ലാബിലെ ഫലം ലഭിച്ചത്. തുടര്‍ന്ന് സ്വകാര്യ ലാബില്‍ നല്‍കിയ സാമ്പിളും വാങ്ങി പതോളജി ലാബില്‍ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. ഉറപ്പുവരുത്താന്‍ തിരുവനന്തപുരം ആര്‍ സി സിയിലേക്ക് സാമ്പിളുകള്‍ അയച്ചു പരിശോധിച്ചപ്പോഴും കാന്‍സര്‍ കണ്ടെത്താനായില്ല. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു തന്നെ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുകയായിരുന്നു.

സ്വകാര്യ ലാബിന്റെയും മെഡിക്കല്‍ കോളജിന്റെയും ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രജനിയും കുടുംബവും ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ, എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ സ്വകാര്യ ലാബിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

Latest