Connect with us

Ramzan

ഉറക്കം അനുഗ്രഹമാണ്

Published

|

Last Updated

“ഇപ്പോൾ എങ്ങനെയുണ്ട്” “ഒന്ന് ഉറങ്ങിക്കിട്ടിയാൽ മതി. വേറെ യാതൊരു പ്രശ്‌നവും ഇപ്പോഴില്ല. നിങ്ങളതിനു വേണ്ടി പ്രാർഥിക്കണം.” വിതുമ്പിക്കൊണ്ടയാൾ പറഞ്ഞു.
രോഗശയ്യയിൽ കിടക്കുന്നയാളോട് വിവരങ്ങളന്വേഷിച്ചപ്പോൾ കിട്ടിയ മറുപടിയാണിത്. ഇത് കേട്ടപ്പോഴാണ് ഉറങ്ങാൻ കഴിയുന്നതിന്റെ മഹാ ഭാഗ്യത്തെക്കുറിച്ച് ആലോചിച്ചത്.
ഉറക്കം ദൈവിക അനുഗ്രഹമാണ്. ശരീരത്തിന് അന്നപാനീയങ്ങൾ എത്രത്തോളം ആവശ്യമാണോ അതുപോലെത്തന്നെ ഉറക്കവും അത്യാവശ്യമാണ്. ഭക്ഷണം കൂടുന്നതും കുറയുന്നതും ശരീരത്തെ ബാധിക്കുന്നത് പോലെ, ഉറക്കം കൂടുന്നതും കുറയുന്നതും ശരീരത്തെ ബാധിക്കും. മനസ്സിനും ശരീരത്തിനും അനിവാര്യമായ ഒരു ജീവൽ പ്രക്രിയയാണ് ഉറക്കം. ക്ഷീണിച്ച ശരീരത്തിന് ഊർജവും ഉന്മേഷവും നൽകുന്നതും ആഘാതമേറ്റ മനസ്സിനെ കരകയറ്റുന്നതും ഉറക്കമാണ്. ഇങ്ങനെ ഉറക്കം മനുഷ്യ ശരീരത്തിന് നിർബന്ധമായതു കൊണ്ടുതന്നെ എല്ലാ വർഷവും ഉറക്കത്തിനായി ഒരു ദിനം ആചരിച്ചു വരുന്നുണ്ട്. രാത്രിയുടെയും പകലിന്റെയും സമാന ദൈർഘ്യത്തെ സൂചിപ്പിക്കുന്ന ദിവസമായ “സ്പ്രീംഗ് വെർനൽ ഇക്വനോക്‌സി”ന്റെ തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയാണ് “ലോക ഉറക്ക ദിനം” ആചരിച്ചു വരുന്നത്. മാർച്ച് 15 നായിരുന്നു ഈ വർഷം ഉറക്ക ദിനം ആചരിച്ചത്. 2020 ൽ മാർച്ച് 13 നാണ് ഈ ദിവസം ആചരിക്കുക.

ദിവസവും അഞ്ച് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് ശാസ്ത്രം പറയുന്നത്. അപ്പോഴാണ് പകലിൽ ശരീരത്തിന് പ്രവർത്തിക്കാനാവശ്യമായ ഊർജോത്പാദനം ക്രിയാത്മകമായി നടക്കുകയുള്ളൂ. ഉറക്കം എട്ട് മണിക്കൂറിലേറെ കൂടിയാലും അഞ്ച് മണിക്കൂറിലേറെ കുറഞ്ഞാലും ശാരീരികവും മാനസികവുമായ നിരവധി പ്രശ്‌നങ്ങൾക്കിടയാക്കുമെന്ന് ശാസ്ത്രം പറയുന്നു. വിഷാദ രോഗം, ഓർമക്കുറവ്, അമിത വണ്ണം, ഹൃദ്രോഗം എന്നിവക്ക് ഉറക്ക കുറവ് കാരണമാകും.
അതുകൊണ്ടുതന്നെ ഉറക്കത്തെക്കുറിച്ച് ഖുർആൻ പറയുന്നു: നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കിയിരിക്കുന്നു (സൂറത്തുന്നബഅ് 9). ക്ഷീണം മാറ്റി ഉൻ‌മേഷം കൈവരിക്കുന്നതിനാണ് വിശ്രമം. ഉറക്കത്തെ പ്രതിഫലം ലഭിക്കുന്ന പ്രവർത്തനമാക്കി മാറ്റാൻ നാം ശ്രദ്ധിക്കണം. അതിന് നബി (സ) ചില ദിക്‌റുകളും ദുആകളും നിർദേശിച്ചിട്ടുണ്ട്. അതോടൊപ്പം എങ്ങനെയാണ് കിടക്കേണ്ടതെന്നും നബി (സ) ജീവിതത്തിലൂടെ പഠിപ്പിക്കുന്നുണ്ട്. വലതു ഭാഗത്തേക്ക് ചരിഞ്ഞാണ് കിടക്കേണ്ടത്. ഹുദൈഫ (റ) വിൽ നിന്നുള്ള നിവേദനം: നബി (സ) കിടന്നുറങ്ങാൻ ഒരുങ്ങുമ്പോൾ വലതു കൈ കവിളിന്റെ താഴെ വെച്ച് “അല്ലാഹുവേ ഞാൻ ജീവിക്കുന്നതും മരിക്കുന്നതും നിന്റെ നാമത്തിലാണ്” എന്ന് പ്രാർഥിക്കാറുണ്ടായിരുന്നു. ഉണർന്നാൽ “ഉറക്കിൽ നിന്നുണർത്തിയ അല്ലാഹുവിനാണ് സർവസ്തുതിയും അവനിലേക്കാണ് മടക്കവും” എന്നും ദുആ ചെയ്യുമായിരുന്നു (ബുഖാരി). പുരുഷൻ കമഴ്ന്ന് കിടക്കരുതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. യഈഷ് (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: എന്റെ പിതാവ് പറഞ്ഞു: ഒരിക്കൽ ഞാൻ പള്ളിയിൽ കമഴ്ന്ന് കിടക്കുമ്പോൾ എന്നെ കാലുകൊണ്ട് തട്ടിവിളിച്ച് ഒരാൾ പറഞ്ഞു. ഇത് അല്ലാഹുവിന് കോപമുള്ള കിടത്തമാണ്. ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ നബി(സ)ആയിരുന്നു അത്. (അബൂദാവൂദ് 5040).

കിടന്നുറങ്ങാൻ പോകുമ്പോൾ വുളൂ ചെയ്യൽ സുന്നത്താണ്. ഫാതിഹ, അഹദ്, ഫലഖ്, നാസ് എന്നീ സൂറത്തുകൾ ഓതലും ശേഷം കൈയിൽ മന്ത്രിച്ച് ശരീരം മുഴുവനായി തടവലും നബി (സ) പതിവാക്കിയിരുന്നു. സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ എന്നീ ദിക്‌റുകളും 33 തവണ വീതം ചൊല്ലണം. ഇങ്ങനെ ചെയ്ത് ഒരാൾ ഉറക്കത്തിൽ മരണപ്പെട്ടാൽ ശഹീദിന്റെ പ്രതിഫലം ലഭിക്കുമെന്നും ദോഷങ്ങളെല്ലാം പൊറുക്കപ്പെടുമെന്നും ഹദീസുകൾ വ്യക്തമാക്കുന്നു. ഇശാഅ് നിസ്‌കാരത്തിന് ശേഷം അനാവശ്യമായി സംസാരിച്ചിരിക്കുന്നത് കറാഹത്താണ്. വേഗം ഉറക്കിലേക്ക് നീങ്ങുകയാണ് വേണ്ടത്. രാവിലെ നേരത്തെ എഴുന്നേൽക്കുന്നതിനും പ്രഭാത കൃത്യങ്ങൾ കൂടുതൽ ഊർജസ്വലതയോടെ ചെയ്യുന്നതിനുമാണിത്. ഈ ശീലം വളർത്തിയെടുക്കാൻ നാം പരിശ്രമിക്കണം.

സബ് എഡിറ്റർ, സിറാജ്

Latest