Connect with us

Ongoing News

ഒട്ടിയ വയറുമായി പറന്നുപോകാം, പക്ഷികളെ പോലെ

Published

|

Last Updated

വെറും മൂന്നാഴ്ചത്തെ ലീവുണ്ടാക്കി നാട്ടിൽ വന്നതാണ് മായിൻക്ക. വൃക്കദീനം പിടിപെട്ട് കിടപ്പിലായ ഉപ്പയുടെ സ്ഥിതി വല്ലാതെ വഷളായതിനെ തുടർന്ന് എമർജൻസി ലീവുണ്ടാക്കിയാണ് നാടുപിടിച്ചത്. മംഗലാപുരം യൂനിറ്റിയിൽ രണ്ടാഴ്ച കിടത്തിചികിത്സ നടത്തിയപ്പോൾ ഉപ്പ പൂർവസ്ഥിതി പ്രാപിച്ചു. സ്വന്തമായി എണീച്ചു നടക്കാനും മുമ്പത്തേക്കാളേറെ ഭക്ഷണം കഴിക്കാനുമൊക്കെ തുടങ്ങിയപ്പോൾ സമാധാനമായി. ബേജാറടങ്ങിയ മനസ്സോടെ തിരിച്ചുപോകുമ്പോൾ ഉമ്മ പത്തിരിയും കരള് വരട്ടിയതും വെള്ളുള്ളിയച്ചാറും കെട്ടിക്കൊടുത്തിരുന്നു. ഷാർജ എയർപോർട്ടിൽ ഫ്‌ളൈറ്റ് കൃത്യ സമയത്ത് ലാൻഡ് ചെയ്‌തെങ്കിലും ക്ലിയറൻസ് കഴിയാൻ ഏറെ താമസം എടുത്തു, മുഷിപ്പായി. നന്നായി വിശക്കുന്നുണ്ട്. കൈയിലെ പത്തിരിപ്പൊതി പൂതിയുണർത്തുന്നുമുണ്ട്. ടാക്‌സി ഇറങ്ങി റൂമിലെത്തി എ സി ഓൺ ചെയ്തതേയുള്ളൂ. നാട്ടിൽ നിന്ന് ഫോൺ; “ഉപ്പ പോയി.”
മരണക്കളി കളിച്ചാണ് അബൂദബിയിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള ടിക്കറ്റ് ഒപ്പിച്ചത്. ബൻയാസിയിലെത്തിയപ്പോൾ കലശമായ മൂത്രമ്മുട്ട്. തിരിച്ചു വണ്ടിയിൽ കയറാൻ നേരത്താണ് കറുത്ത് മെലിഞ്ഞ് കോലമായ ഒരു യാചകൻ ശ്രദ്ധയിൽപ്പെട്ടത്. ഒന്നും നോക്കാതെ പത്തിരിക്കെട്ടെടുത്ത് അയാൾക്ക് കൊടുത്തു. അയാളുടെ മുഖത്ത് നിലാവുദിച്ചു.

പതിനെട്ടും ഇരുപത്തൊമ്പതുമടക്കം മൊത്തം പത്തമ്പതിനായിരം രൂപ ചെലവഴിച്ച് താനെന്തിനാണ് ഈയൊരു വിമാന യാത്ര നടത്തിയത്.? നഷ്ടമല്ലാതെ എന്തെങ്കിലും ഒരു മെച്ചം തനിക്കുണ്ടായോ? ഏറെയാലോചിച്ചപ്പോഴാണ് ഉത്തരത്തിലേക്കെത്തിയത്, ഊരും പേരും അറിയാത്ത, ഏതോ ഭൂഖണ്ഡങ്ങൾക്കപ്പുറത്ത് പിറന്ന, കാഴ്ചയിൽ ഒരു സുഡാനി എന്നു തോന്നിക്കുന്ന, താടിയും മുടിയും നീട്ടി ഭിക്ഷ തേടിയലയുന്ന ഒരാൾക്ക് ഒരു നേരത്തെ അത്താഴമെത്തിക്കാനാണല്ലോ താനിത്രയും ദുർഘടപ്പെട്ട് യാത്ര ചെയ്തത്? നോക്കണേ. അല്ലാഹു അവന്റെ അടിയാറുകൾക്ക് ആഹാരമിറക്കി കൊടുക്കുന്ന ഓരോരോ രീതികൾ. കബീർ ദാസിന്റെ കവിതയിലുണ്ട്. “ധാനേ ധാനേ പർ ലിഖാ ഹേ, ഖാനേ വാലാ കാ നാം ഹേ.” ഓരോ ധാന്യമണിയിലും ലിഖിതപ്പെട്ടു കിടക്കുന്നു, അതാഹരിക്കുന്നവന്റെ പേരുവിവരം. മഹാരാഷ്ട്രയിലെ ഏതോ പാടത്ത് വിളഞ്ഞ,് കണ്ണൂരിലെ സൂപ്പർമാർക്കറ്റിൽ നിന്ന് തൂക്കി വാങ്ങി അഞ്ചരക്കണ്ടിയിലെ അടുപ്പിൽ വെന്ത അപ്പവും പോത്തുമാണല്ലോ മധ്യപൗരസ്ത്യ ദേശത്ത് വെച്ച് ഒരു ആഫ്രിക്കക്കാരൻ കഴിക്കുന്നത്. മാശാ അല്ലാഹ്!
നമ്മുടെ ചിന്തക്കും നിയന്ത്രണത്തിനും വിധേയമായിട്ടല്ല കാര്യങ്ങൾ നടക്കുന്നത് എന്ന തോന്നലിലേക്ക് തെന്നിപ്പോകുന്ന പല സംഭവങ്ങളും നിത്യജീവിതത്തിൽ ഉണ്ടാകാറുണ്ട്. അവയിൽ ചിലത് നമ്മെ ദീർഘമായി ചിന്തിപ്പിക്കുന്നു. കിണർ കുഴിക്കുമ്പോൾ പതിനാറും പതിനേഴും പടികൾ കഴിഞ്ഞാൽ പുറത്തേക്ക് ചാടിവരുന്ന തവളകളില്ലേ. ചില നിനക്കാനേരങ്ങളിൽ പതഞ്ഞുപൊന്തുന്ന പതിനായിരം മഴപ്പാറ്റകളില്ലേ. പർവതാകാരികളായ പരകോടി മത്സ്യങ്ങളില്ലേ. ഇവർക്കെല്ലാം നേരാനേരം ആഹാരം എത്തിക്കുന്ന അപാര സംവിധാനത്തെ കുറിച്ച് ഓർത്തു നോക്കൂ.

പണമുണ്ടായിട്ടോ സമ്പത്തുണ്ടായിട്ടോ മാത്രം കാര്യമില്ല. ഉള്ളിലേക്ക് ഇറങ്ങണമെങ്കിൽ അല്ലാഹുവിന്റെ വേണ്ടുക തന്നെ വേണം. രണ്ടുമൂന്ന് കൊല്ലം മുമ്പ് ഒരു സാഹിത്യോത്സവിൽ ജഡ്ജ്‌മെന്റിന് പോയി, പാനൂർ ഭാഗത്ത്. നോക്കുമ്പോൾ അവിടെ രാഭക്ഷണം ഒരുക്കിയത് പള്ളിക്ക് പിൻവശത്തെ ഒരു പഞ്ചനക്ഷത്ര വീട്ടിലാണ്. പോർച്ചിൽ നിർത്തിയിട്ട വിദേശകാറുകളുടെ ഒതളിപ്പ് കണ്ടപ്പോൾ തന്നെ തീൻമേശയിലെ സാധ്യതകളെ പറ്റി ചിലത് സ്വപ്‌നം കാണാനായി. കൈ കഴുകി ചെന്നു നോക്കുമ്പോൾ കരുതിയതിനുമപ്പുറം കണ്ണു തള്ളിപ്പോകുന്ന മഹാവിരുന്ന്. ആടിനും ആവോലിക്കുമൊക്കെ പരുക്കേൽപ്പിച്ച് തീറ്റയുദ്ധം തുടരുന്നതിനിടെ എല്ലാവരുടെയും ശ്രദ്ധ ഒരാളിലേക്ക് തിരിഞ്ഞു. കാഴ്ചയിൽ പത്തിരുപത്തഞ്ച് വയസ്സ് തോന്നിക്കും. ഹാജിയാരുടെ മകനാണ്. നാട്ടിൽ ആയിരുന്നപ്പോൾ കുംഫുവിന്റെയും തൈക്കോണ്ടയുടെയുമൊക്കെ ഫാനായി കഴിഞ്ഞ ആളായിരുന്നു. രണ്ടുമൂന്ന് കൊല്ലമായി അജ്മാനിൽ അലങ്കാര ലൈറ്റുകളുടെ ബിസിനസ് പൊടിപൊടിക്കുകയായിരുന്നു. ഇടക്കെന്തോ പറ്റി. പക്ഷാഘാതമെന്ന് ചിലർ. ഞരമ്പുവീക്കമെന്ന് മറ്റുചിലർ. രണ്ടുമല്ല കടുത്ത സിഹ്‌റ് ആണെന്ന് മറ്റൊരു കൂട്ടർ. എന്തായാലും ആൾ എല്ലാവരും തിന്നുന്നതും കുടിക്കുന്നതും നോക്കി ഇങ്ങനെയിരിക്കുകയാണ്. കാഴ്ചക്ക് ഒരു കുറവുമില്ല. പക്ഷെ ഒന്നും തിന്നുകൂടാ. കൂവാ പൊടിച്ചരച്ചതിന്റെ നേർത്ത വെള്ളം മാത്രമേ കഴിക്കാവൂ. യൗവനം തുടിതുടിക്കുന്ന ഈ പ്രായത്തിൽ തീറ്റ പൊടിപാറ്റുന്ന മേശക്കരികെ വെറും കാണിയായി ഒരു ചൊങ്കൻ യുവാവ് നിസ്സഹായനായി ഇരിക്കുന്ന ആ കാഴ്ച കരൾഭേദകം തന്നെ. അതാ പറഞ്ഞത് ഉണ്ടായിട്ട് മാത്രം ഉണ്ണാനാകണമെന്നില്ല. അവന്റെ കണക്കുകൂടെ വേണം.

നമുക്ക് തോന്നും നാമാണ് പ്രധാനിയെന്ന്. മറ്റുള്ളവരൊക്കെ വെറും ഹെന്ത് എന്നൊക്കെ. എന്നാൽ ചില ഘട്ടങ്ങളിൽ നമ്മുടെ ഇത്തരം “വിലകുറഞ്ഞവർക്കുള്ള” സേവകരായിട്ടായിരിക്കണം നാം ജീവിക്കുന്നത് തന്നെ. അല്ലെങ്കിൽ അത്തരം ഫഖീറൻമാർ കാരണമായിട്ടായിരിക്കണം അല്ലാഹു നമുക്ക് ആഹാരം തരുന്നത് തന്നെ. ഒരിക്കൽ ആരമ്പ നബിയുടെ അടുത്തേക്ക് ഒരാൾ തന്റെ കൂട്ടുകാരനെയും കൂട്ടി വരുന്നു. എന്നിട്ട് കംപ്ലയിന്റ് പറയുന്നു. ഇച്ചങ്ങായി ഒരു പണിയും എടുക്കില്ല. തങ്ങൾ പറഞ്ഞു. നിനക്ക് ആഹാരം ലഭിക്കുന്നത് തന്നെ ഇവൻ കാരണമായിട്ടായിരിക്കണം. സ്വന്തം കഴിവിലും അധ്വാനത്തിലും മാത്രം അതിവിശ്വാസം വെച്ചുപുലർത്തുകയും അന്യരുടെ വ്യക്തിപ്രാധാന്യത്തെ കുറിച്ച് അന്ധവിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന മൊരടു മനഃസ്ഥിതിയെ കുറിച്ചുള്ള ഒരു എതിർവായനയാണ് ആറ്റലോരുടെ ഈ മറുപടി. ഇടക്ക് പറയട്ടെ, പടിഞ്ഞാറിന്റെ വെയ്സ്റ്റായ ചില പേഴ്‌സനാലിറ്റി ഡവലപ്പ്‌മെന്റ് കോമാളിത്തരങ്ങൾ, വിശ്വാസി ഹൃദയങ്ങളിൽ “സ്വയം കഴിവ്” ഔദ്ധത്യം നട്ടുപിടിപ്പിക്കുകയും തവക്കുലിന്റെ അംശങ്ങൾ അരിച്ചുമാറ്റുകയും ചെയ്യുന്നില്ലേ, ഇല്ലേ?
വിശ്വാസികൾ പക്ഷിക്കുഞ്ഞുങ്ങളെ പോലെയാകണം. ഉമർ (റ)വിൽ നിന്നുള്ള ഒരു ഹദീസ് അബു തമീമിൽ ജൈശാനി (റ) ഉദ്ധരിക്കുന്നുണ്ട്. നിങ്ങൾ അല്ലാഹുവിൽ യഥാവിധം ഭരമേൽപ്പിക്കുകയാണെങ്കിൽ അവൻ പക്ഷികളെ ആഹരിപ്പിക്കും വിധം നിങ്ങളെയും ആഹരിപ്പിക്കും. അവറ്റ രാവിലെ ഒട്ടിയ വയറുമായി പോകുന്നു. അന്തിയാകുമ്പോഴേക്ക് നിറഞ്ഞ് ഉന്തിയ വയറുമായി തിരിച്ചുവരുന്നു. മറ്റൊരു ഹദീസിലുണ്ടല്ലോ. “ഒരു വിഭാഗം ആളുകളുണ്ട് സ്വർഗത്തിൽ കടക്കുന്നവരായിട്ട്. അവരുടെ ഹൃദയങ്ങൾ പക്ഷികളുടെ ഹൃദയങ്ങൾ പോലെയാണ്.”
നാം പാതകളിലൂടെയാണ് ലക്ഷ്യത്തിലെത്തുക.

അല്ലാഹുവിന് പാതകൾ ഇല്ലാതെ തന്നെ നമ്മെ ലക്ഷ്യത്തിലെത്തിക്കാനാകും. അവൻ ആകാശത്തു നിന്നു കാടയും കട്ടിയുമിറക്കിയിട്ടുണ്ട്. മിഹ്‌റാബിൽ പഴങ്ങളെത്തിച്ചിട്ടുണ്ട്. കാലിമരം കുലുക്കിയപ്പോൾ ഈത്തപ്പഴം വർഷിപ്പിച്ചിട്ടുണ്ട്. കനിയില്ലാ കാലത്ത് പലതരം കനികൾ എത്തിച്ചിട്ടുണ്ട്. നാം നമ്മിൽ മാത്രം വിശ്വസിച്ച് എല്ലാം നേടാനാകുമെന്ന് കരുതുന്നതിന് പകരം, വിമുഖനായി വീട്ടിൽ ഇരുന്നാൽ റബ്ബ് തീറ്റ തരുമെന്ന അലസനിസത്തിനും പകരം “റബ്ബ് തരും” എന്ന ഉറച്ചവിശ്വാസത്തോടെ കരിഞ്ഞുവരണ്ട മരുഭൂമിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നെട്ടോട്ടമോടിയ ഹാജറയുമ്മയുടെ താവഴിയിൽ ചേർന്നു നിൽക്കുകയാണ് വേണ്ടത്. അപ്പോൾ കുടിക്കാനുള്ളതും തിന്നാനുള്ളതും കാലടിക്കീഴിൽ ഉറന്ന് വരും. റബ്ബ് തരുമെന്ന ദൃഢവിശ്വാസത്തിൽ മനസ്സ് തറപ്പിച്ച് പക്ഷികളെപ്പോലെ പുലരാൻ കാലത്തുതന്നെ പറന്നകലുകയാണ് വേണ്ടത്. എങ്കിൽ വയറുനിറച്ച് നമുക്ക് നാട്ടിലേക്ക് തിരിക്കാം.

പരിശീലനം
നിങ്ങളുടെ ജീവിതത്തിൽ നിന്ന് താഴെ പറയുന്ന രണ്ടനുഭവങ്ങൾ ചികഞ്ഞ് കണ്ടെത്തുക.
1. പ്രതീക്ഷയോടെ കാത്തിരുന്ന ഒരു നേരത്തെ ആഹാരം അവസാന നിമിഷം കിട്ടാതെ പോയത്.
2. വിശന്നിരിക്കെ അപ്രതീക്ഷിതമായി ഒരു നേരത്തെ ആഹാരം വിളമ്പിക്കിട്ടിയത്.

ഫൈസല്‍ അഹ്‌സനി ഉളിയില്‍

Latest