Kerala
പരുക്കേറ്റ മൂന്നു വയസുകാരന്റെ നില അതീവ ഗുരുതരം; മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്
ആലുവ: തലക്കു പരുക്കേറ്റ നിലയില്‍ മൂന്നു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. അതേസമയം, വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും കുട്ടിയുടെ തലച്ചോറിലെ രക്തസ്രാവം നിലച്ചിട്ടില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ബുധനാഴ്ചയാണ് വീണ് പരുക്കേറ്റെന്ന് പറഞ്ഞ് കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്. ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകക്കു താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനാണ് ആശുപത്രിയില്‍ കഴിയുന്നത്. പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റതിന്റെ പാടുകള്‍ കൂടി കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിലും ചൈല്‍ഡ് ലൈനിലും വിവരമറിയിച്ചിരുന്നു.