Connect with us

National

യദിയൂരപ്പ 1800 കോടി രൂപ കോഴ നല്‍കി; ഡയറിയുടെ ഒറിജിനല്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദിയൂരപ്പ ദേശീയ നേതാക്കള്‍ക്ക് 1800 കോടി രൂപ കോഴ നല്‍കിയതിന്റെ തെളിവുമായി കോണ്‍ഗ്രസ് രംഗത്ത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ എഴുതിവെച്ച യദിയൂരപ്പയുടെ ഡയറിയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഡയറിയുടെ ഒറിജിനല്‍ പുറത്തുവിട്ടത്.

മുഖ്യമന്ത്രി പദം സ്വന്തമാക്കാന്‍ പാര്‍ട്ടിയുടെ വിവിധ ദേശീയ നേതാക്കള്‍ക്ക് 1800 കോടി രൂപ കോഴ നല്‍കിയതിന്റെ വിവരങ്ങളാണ് ഡയറിയിലുള്ളത്. നിതിന്‍ ഗഡ്കരിക്കും അരുണ്‍ ജയ്റ്റ്‌ലിക്കും 150 കോടി രൂപ വീതവും രാജ്‌നാഥ സിംഗിന് 100 കോടി രൂപയും അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് അമ്പത് കോടി വീതവും നല്‍കിയതിന്റെ കണക്കുകള്‍ ഡയറിയില്‍ ഉണ്ട്. ജഡ്ജിമാര്‍ക്ക് കോഴയായി 250 കോടി രൂപ നല്‍കിതയായും ഡയറിയില്‍ വ്യക്തമാക്കുന്നു. ഡയറിയുടെ കോപ്പി കഴിഞ്ഞ മാസം അഞ്ചിന് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

ഡയറി പുറത്തുവന്ന സാഹചര്യത്തില്‍ യദിയൂരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ യഥാര്‍ഥ ഡയറി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Latest