Connect with us

Kozhikode

കോൺഗ്രസ് ഗ്രൂപ്പ് പോരിന് താത്കാലിക വെടിനിർത്തൽ

Published

|

Last Updated

ഫയല്‍ ചിത്രം

കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായതോടെ കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് താത്കാലിക വിരാമമാകും. വയനാട്ടിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി എ , ഐ ഗ്രൂപ്പുകൾ രഹസ്യയോഗങ്ങളും പരസ്യ വിമർശങ്ങളുമാരംഭിച്ചിരുന്നു. ഗ്രൂപ്പിസത്തിന്റെ ഇഫക്ട് വയനാടും കടന്ന് മറ്റ് മണ്ഡലങ്ങളിലേക്ക് വ്യാപിക്കുന്നുവെന്ന ഘട്ടത്തിലാണ് രാഹുൽ വരുന്നുവെന്ന പ്രഖ്യാപനവുമായി ഉമ്മൻചാണ്ടി കലാപത്തിന് സഡൺ ബ്രേക്കിട്ടത്.

അതോടെ ഏറെക്കുറെ അടങ്ങിയ ഗ്രൂപ്പിസം രാഹുലിന്റെ വരവ് ഉറപ്പായതോടെ ഇനി തിരഞ്ഞെടുപ്പ് കഴിഞ്ഞേ പുറത്ത് വരാനിടയുള്ളൂ. വയനാട് സീറ്റിന് വേണ്ടി മുതിർന്ന നേതാക്കൾ തന്നെ പങ്കെടുത്ത ഗ്രൂപ്പ് യുദ്ധങ്ങൾ നടന്നത് ഡൽഹിയിലായിരുന്നുവെന്നിരിക്കെ ഗ്രൂപ്പിസത്തിന്റെ ആഴം മനസ്സിലാക്കിയ രാഹുൽ വയനാട്ടിലേക്ക് നിർദേശിച്ച ഒരു മറുമരുന്ന് കൂടിയാണ് തന്റെ തന്നെ സ്ഥാനാർഥിത്വം.
ഐ പക്ഷക്കാരനായി അറിയപ്പെടുന്ന അന്തരിച്ച കോൺഗ്രസ് നേതാവ് എം ഐ ഷാനവാസ് മത്സരിച്ചിരുന്ന വയനാട് മണ്ഡലം ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് പിടിച്ചുവാങ്ങുകയായിരുന്നുവെന്നായിരുന്നു ഐ ഗ്രൂപ്പിന്റെ പരാതി. ഇതിൽ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് കെ പി സി സി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ യോഗം ചേരുകയും കലാപത്തിന് കോപ്പുകൂട്ടുകയും ചെയ്തു. മുൻ ഡി സി സി പ്രസിഡന്റ് അഡ്വ. എം വീരാൻകുട്ടി, ഡി സി സി സെക്രട്ടറി അഡ്വ. പി എം നിയാസ്, കോർപറേഷൻ കൗൺസിലർ വിദ്യാബാലകൃഷ്ണൻ , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആദം മുത്സി തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. കോഴിക്കോട് ഡി സി സി അധ്യക്ഷ പദവി ഐ ഗ്രൂപ്പിന് ലഭ്യമാക്കണമെന്ന ശക്തമായ വാദമാണ് യോഗത്തിൽ ഉയര്‍ന്നത്‌.
.

എന്നാൽ, തിരഞ്ഞെടുപ്പ് സമയത്തെ ഗ്രൂപ്പ് യോഗങ്ങൾക്കെതിരെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനുമടക്കമുള്ള നേതാക്കൾ രംഗത്ത് വരികയും ഗ്രൂപ്പ് യോഗം ചേർന്ന നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. നടപടിയുണ്ടായാൽ മലബാറിൽ ഐ ഗ്രൂപ്പിന് പ്രകടമായ സ്വാധീനമുള്ള കോഴിക്കോട് , വയനാട്, വടകര, കണ്ണൂർ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലുമുണ്ടായി. ഇങ്ങനെ ദിവസങ്ങൾ കഴിയുംതോറും ഗ്രൂപ്പ് രാഷ്ട്രീയം പൊട്ടിത്തെറിയുടെ വക്കിലെത്തുകയും തിരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്ന സാഹചര്യത്തിൽ രാഹുലിന്റെ വരവ് കോൺഗ്രസിന് ഏറെ ആശ്വാസത്തിനാണ് വക നൽകുന്നത്.

കോൺഗ്രസിനൊപ്പം സ്ഥാനാർഥി നിർണയത്തെച്ചൊല്ലി കേരളാ കോൺഗ്രസിൽ ഉരുത്തിരിഞ്ഞ തമ്മിൽത്തല്ലിന്റെ പരുക്ക് മാറ്റാനും രാഹുലിന്റെ വരവു കൊണ്ട് സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് യു ഡി എഫ്.

Latest