Connect with us

Editorial

ശക്തിപ്പെടുന്ന  വലതുപക്ഷ തീവ്രവാദം

Published

|

Last Updated

തീവ്രവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ തീവ്രവാദവും ഭീകരതയും മാത്രമായിരുന്നു അടുത്ത കാലം വരെ കടന്നു വന്നിരുന്നത്. എന്നാല്‍ ഈയിടെയായി വലതുപക്ഷ തീവ്രവാദവും ഇടക്കിടെ ചര്‍ച്ചകളില്‍ കടുന്നു വരുന്നുണ്ട്. നോര്‍വെയിലെ കൂട്ടക്കൊല വേളയിലും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ജയിച്ചപ്പോഴും ഇപ്പോള്‍ ന്യൂസിലാന്‍ഡിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ടും വലതുപക്ഷ തീവ്രവാദം ചര്‍ച്ചക്ക് വന്നു. എങ്കിലും ആഗോള സമാധാനത്തിനും മുസ്‌ലിം സമൂഹത്തിനും ഇത് സൃഷ്ടിക്കുന്ന ഭീഷണിയെക്കുറിച്ച് ലോകം ഇപ്പോഴും വേണ്ടത്ര ബോധവാന്മാരല്ല.

അമേരിക്കയില്‍ വലതുപക്ഷ തീവ്രവാദം ശക്തിയാര്‍ജിക്കുകയാണ്. ട്രംപിനും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനും ലഭിക്കുന്ന പിന്തുണ വിരല്‍ ചൂണ്ടുന്നതും ഇതിലേക്കാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മുസ്‌ലിം തീവ്രവാദികള്‍ നടത്തിയ അക്രമത്തേക്കാള്‍ മൂന്ന് മടങ്ങാണ് അമേരിക്കയില്‍ വലതുപക്ഷ തീവ്രവാദികള്‍ നടത്തിയ അക്രമങ്ങളെന്ന് ഇന്‍ഡിപെന്‍ഡന്റ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാലയളവില്‍ നടന്ന തീവ്രവാദ കൊലപാതകങ്ങളില്‍ വലതുപക്ഷ ആഭ്യന്തര തീവ്രവാദികള്‍ നടത്തിയത് 73.3 ശതമാനവും ഇസ്‌ലാമിക തീവ്രവാദികളുമായി ബന്ധമുള്ളവ 23.4 ശതമാനവുമാണ്. 2018ല്‍ മാത്രം അമ്പതിലധികം പേരെയാണ് വലതുപക്ഷ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 35 ശതമാനം കൂടുതലാണ് ഇത് കാണിക്കുന്നത്.

ഇസ്‌ലാമോഫോബിയ, സെമിറ്റിക് മതങ്ങളോടുള്ള വിരോധം, വര്‍ണ വിവേചനം തുടങ്ങിയവയാണ് ഈ കൊലകള്‍ക്ക് പിന്നില്‍. ആന്റി ഡിഫാമേഷന്‍ ലീഗ് (എ ഡി എല്‍) ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ ശേഖരിച്ചത്. 1995ലാണ് അമേരിക്കയില്‍ ഏറ്റവും വലിയ വലതുപക്ഷ തീവ്രവാദ ആക്രമണങ്ങള്‍ നടന്നത്. അന്ന് 168 പേരാണ് അവരുടെ തോക്കിനിരയായതെന്ന് എ ഡി എല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളക്കാരന്റെ മേല്‍ക്കോയ്മയില്‍ അഭിമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതോടൊപ്പം വംശവെറിയും കുടിയേറ്റ വിരുദ്ധതയും കൂടിച്ചേരുമ്പോഴാണ് വലതുപക്ഷ തീവ്രവാദം ഉഗ്രരൂപം പ്രാപിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ വരവ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഈ വിഭാഗത്തിന് ആവേശം പകര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ വംശജരെയും ഇതര രാജ്യങ്ങളിലെ പൗരന്മാരെയും ഭീതിയിലാക്കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി സൗഹാര്‍ദത്തോടെയും സുരക്ഷിതമായും അമേരിക്കയുടെ വിവിധ മേഖലകളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെല്ലാം വലിയ ആശങ്കയിലാണിപ്പോള്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്. സിറിയ, ഇറാഖ്, ഇറാന്‍, ലിബിയ, സോമാലിയ, യമന്‍, സുഡാന്‍ എന്നീ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കും യാത്രികര്‍ക്കും അമേരിക്കയില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്ന നിയമം വന്നത്  ട്രംപിന്റെ ഭരണത്തിലാണ്. ഈ രാജ്യങ്ങളിലെ അഭയാര്‍ഥികള്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്താനും ആലോചനയുള്ളതായി അറിയുന്നു. കുടിയേറ്റ വിഭാഗത്തോട് വലതുപക്ഷ ആഭ്യന്തര വാദികള്‍ക്ക് പൊതുവെ വെറുപ്പാണെങ്കില്‍ മുസ്‌ലിം കുടിയേറ്റക്കാരോടാണ് കൂടുതല്‍ അസഹ്യം. രാജ്യത്തുടനീളം ഇസ്‌ലാം വിരുദ്ധത ശക്തമാണ്. പള്ളികള്‍ ആക്രമിക്കപ്പെടുകയും പലയിടങ്ങളിലും മുസ്‌ലിംകള്‍ അകാരണമായി അധികാരികളുടെ നിരീക്ഷണങ്ങള്‍ക്കും ചോദ്യം ചെയ്യപ്പെടലുകള്‍ക്കും വിധേയരാകേണ്ടി വരികയും ചെയ്യുന്നു.

ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും വലതുപക്ഷ തീവ്രത വളരുകയാണ്. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തു പോകാനുള്ള ബ്രിട്ടന്റെ തീരുമാനം ഇവിടുത്തെ വലതുപക്ഷ തീവ്രതക്ക് ഊര്‍ജം പകര്‍ന്നിട്ടുണ്ട്. ലണ്ടനിലെ ബര്‍മിംഗ്ഹാമില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി അഞ്ച് മുസ്‌ലിം പള്ളികള്‍ ആക്രമിക്കപ്പെട്ടതിനു പിന്നില്‍ വലതുപക്ഷ തീവ്രവാദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പെറിബാര്‍ ബ്രോഡ്‌വേയിലെ മസ്ജിദ് ഫൈസലും ആല്‍ബര്‍ട്ട് റോഡ്, ബര്‍ഷ്ഫീല്‍ഡ് റോഡ്, സ്ലേഡ് റോഡ്, വിറ്റണ്‍ റോഡ് എന്നിവിടങ്ങളിലെ പള്ളികളുമാണ് അക്രമിക്കപ്പെട്ടത്. തൊപ്പി ധരിച്ച് മുഖം മറച്ചെത്തിയ അക്രമി പള്ളിയുടെ ജനലുകള്‍ തകര്‍ക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. പോലീസ് ഊര്‍ജിത അന്വേഷണത്തിലാണ്. ലണ്ടനിലെ സറേയില്‍ കഴിഞ്ഞ ദിവസം ബേസ്‌ബോള്‍ ബാറ്റും കത്തിയുമായി ഒരാള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. “എല്ലാ മുസ്‌ലിംകളും മരിക്കണം” എന്നാക്രോശിച്ചായിരുന്നു പരാക്രമം. വലതുപക്ഷ തീവ്രവാദം ബ്രിട്ടന്റെ സുരക്ഷക്ക് കടുത്ത ഭീഷണി സൃഷ്ടിക്കുന്നതായി കൗണ്ടര്‍ ടെററിസ്റ്റ് തലവന്‍ മാര്‍ക്ക് റൗലി കഴിഞ്ഞ വര്‍ഷം  മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്‌ലാമിക തീവ്രവാദ സംഘടനകള്‍ നമ്മുടെ സമൂഹത്തിലേക്ക് കടന്നു കയറുന്നത് കൃത്യമായ ആശയ പ്രചാരണത്തിലൂടെയാണെങ്കില്‍ വലതുപക്ഷ തീവ്രവാദികള്‍ ആളുകളെ പ്രലോഭനങ്ങളില്‍ വീഴ്ത്തിയും ചൂഷണം ചെയ്തും വിധ്വംസക തന്ത്രങ്ങളിലൂടെയുമാണെന്നും മാര്‍ക്ക് റൗലി ചൂണ്ടിക്കാട്ടി.

ജര്‍മന്‍ തീവ്ര ദേശീയവാദി പാര്‍ട്ടിയായ “ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി” 2016ല്‍ നടന്ന ഏഴ് സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കിയതും സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയതും നെതര്‍ലാന്‍ഡ്‌സില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തി രാഷ്ട്രീയ മുന്നേറ്റം നടത്താന്‍ പാര്‍ട്ടി ഫോര്‍ ഫ്രീഡത്തിന് സാധിച്ചതും ഹംഗറിയില്‍ ജോബിക് പാര്‍ട്ടി ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായതും യൂറോപ്പിലെ വലതുപക്ഷ തീവ്രവാദത്തിന്റെ മുന്നേറ്റമാണ് അടയാളപ്പെടുത്തുന്നത്. ആസ‌്ത്രിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കടുത്ത വലതുപക്ഷ നിലപാടുകാരനായ ഫ്രീഡം പാര്‍ട്ടിയുടെ റോബര്‍ട്ട് ഹോഫറിന്റെ പരാജയം നേരിയ വ്യത്യാസത്തിനു മാത്രമാണെന്നതും ശ്രദ്ധേയമാണ്. ബള്‍ഗേറിയയിലും ഡെന്‍മാര്‍ക്കിലും പോളണ്ടിലും സ്വിറ്റ്‌സര്‍ലാന്‍ഡിലുമെല്ലാം വലതുകക്ഷികള്‍ ശക്തിയാര്‍ജിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ സര്‍വേ കാണിക്കുന്നു. ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധന, യൂറോപ്പില്‍ ക്രിസ്ത്യന്‍ മതമൗലികവാദത്തെയും ഭീഷണമാം വിധം വളര്‍ത്തിയിരിക്കുകയാണ്.

Latest