Connect with us

Health

ഡിസ്‌ലെക്‌സിയ, ഡിസ്ഗ്രാഫിയ, ഡിസ്‌കാൽകുലിയ

Published

|

Last Updated

വൈകല്യം വായനയിൽ (Dyslexia)

വായിക്കുന്നത് ഡിസ്‌ലെക്‌സിക് കുട്ടിയെ മടുപ്പിക്കും. ചൂണ്ടുവിരൽ കൊണ്ട് അക്ഷരങ്ങൾ കണ്ടെത്തി അറച്ചറച്ചാവും വായന. അക്ഷരങ്ങൾ വിട്ടുപോവുക, സ്വന്തമായി കൂട്ടിച്ചേർക്കുക, വിരാമചിഹ്നങ്ങൾ ശ്രദ്ധിക്കായ്ക, ആദ്യത്തെ അക്ഷരം മാത്രം കാണുക ബാക്കി ഊഹിച്ച് വായിക്കുക എന്നിവയാണ് ഇവരുടെ പ്രത്യേകതകൾ. ഉദാഹരണത്തിന്, സമത്വം എന്ന പദം സമാധാനം എന്നു വായിച്ചെന്നിരിക്കും. Proportion portion ആകും. വരിയും വാക്കുകളും ഇവർക്ക് നഷ്ടപ്പെട്ടുപോകാം. നേരത്തെ വായിച്ച വരികൾ വീണ്ടും വായിച്ചെന്നുവരും. ഒരേ താളത്തിൽ വായിക്കുകയാണ് ഇവരുടെ പതിവ്.

വൈകല്യം എഴുത്തിൽ (Dysgraphia)

ഇത്തരം കുട്ടികളുടെ പേടിസ്വപ്‌നമാണ് എഴുത്ത്. വളരെ സാവധാനം എഴുതുക, മോശം കൈയക്ഷരം, വിചിത്രമായ രീതിയിൽ പെൻസിൽ പിടിക്കുക, വരികൾക്കിടയിലെ അകലം തെറ്റുക, വിരാമചിഹ്നങ്ങൾ ഇടാതിരിക്കുക, വലിയക്ഷരങ്ങൾ, ദീർഘം, വള്ളി തുടങ്ങിയവ വിട്ടുപോകുക എന്നിവയാണ് ലക്ഷണങ്ങൾ. ഡിസ്ഗ്രാഫിക് കുട്ടികൾക്ക് ക്ലാസ്‌നോട്ട് പൂർണമായി എഴുതാൻ കഴിയില്ല. ബോർഡിൽ നിന്ന് പകർത്താൻ ബുദ്ധിമുട്ടായിരിക്കും. സ്‌പെല്ലിംഗും വാക്യഘടനയും വ്യാകരണവും മോശമായിരിക്കും.
ചിലർക്ക് അക്ഷരങ്ങൾ തിരിച്ചറിയുക എളുപ്പമല്ല. യയും റയും ങ്ങയും ണയും പരസ്പരം മാറിപ്പോകും. വാക്കുകളും ഇവർക്ക് മാറിപ്പോകും, Wasന് പകരം saw, badന് പകരം dab എന്നിവ ഉദാഹരണം. ചിലർ സ്വന്തമായി സ്‌പെല്ലിംഗ് ഉ ണ്ടാക്കാറുണ്ട്. Would ന് wud എന്നും guess ന് guss എന്നും എഴുതും. അക്ഷരങ്ങളുടെ ക്രമം തെറ്റിച്ച് എഴുതുന്നവരാണ് ചിലർ. Animalന് aminal എന്നെഴുതിയെന്നുവരും.

വൈകല്യം കണക്കിൽ (Dyscalculia)

ഇവർക്ക് എട്ട് വയസ്സിന് ശേഷവും കൈവിരലുകൾ ഉപയോഗിച്ചേ കണക്കുകൂട്ടാൻ കഴിയൂ. സങ്കലന, ഗുണന പട്ടികകൾ ഓർത്തുവെക്കാനാവില്ല. സംഖ്യകൾ മറിച്ചാവും വായിക്കുക. 16 അവർക്ക് 61 ആയിപ്പോകും. 43- 8 = 43 എന്ന് എഴുതിയെന്നുവരും. ഉത്തരക്കടലാസിന്റെ ഒരു ഭാഗത്ത് ക്രിയ ചെയ്ത് ഉത്തരം 82496 എന്ന് കിട്ടിയാൽ, എടുത്തെഴുതുമ്പോൾ 84269 എന്നായേക്കാം.

മറ്റു വൈകല്യങ്ങൾ

അമൂർത്തമായ ആശയങ്ങൾ മനസ്സിലാക്കാനും പ്രകടിപ്പിക്കാനുമുള്ള കഴിവില്ലായ്മയാണ് മറ്റൊരു പ്രശ്‌നം. സമയം നോക്കിപ്പറയൽ ബുദ്ധിമുട്ടാകും. ടീച്ചറുടെ പേരോർക്കാനും ഭൂപടം ഉപയോഗിക്കാനും ചിലർക്ക് പ്രയാസമുണ്ടാകും. ഒന്നിലേറെ നിർദേശങ്ങൾ ഒന്നിച്ചു നൽകിയാൽ മനസ്സിലാകില്ല. സ്വന്തം വിലാസവും ഫോൺ നമ്പർ പോലും ഇവർ മറന്നെന്നുവരും. പക്ഷെ മറ്റുള്ളവർക്ക് ആവശ്യമെന്നു തോന്നാത്ത പല കാര്യങ്ങളും ഓർത്തിരിക്കുകയും ചെയ്യും. അടുക്കും ചിട്ടയും ഉണ്ടാകില്ല. പുസ്തകവും പേനയും എപ്പോഴും നഷ്ടപ്പെടും. ഗൃഹപാഠം ചെയ്യാൻ മറന്നുപോകും. മുറിയിൽ സാധനങ്ങൾ വാരിവലിച്ചിട്ടിരിക്കും. പലപ്പോഴും ഷർട്ടിന്റെ ബട്ടൻ പോലും ഇവർ നേരെ ഇടാറില്ല.

പഠന വൈകല്യങ്ങൾക്കുള്ള
കാരണങ്ങൾ

ഇത്തരം രോഗികളുടെ മസ്തിഷ്‌കം ആരോഗ്യവാനായ ഒരാളുടെതിൽ നിന്ന് വ്യത്യസ്തമായിരിക്കും. തന്മൂലം അതിന്റെ പ്രവർത്തനം പ്രത്യേക രീതിയിലാകുന്നു. ജനിതകപരവും പരിസ്ഥിതിപരവുമായ കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാം. 85 ശതമാനം ലേണിംഗ് ഡിസബിലിറ്റി രോഗികളുടെയും അടുത്ത ബന്ധുക്കൾക്ക് ഇതേ തകരാറുണ്ട് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആൺകുട്ടികളിലാണ് ഈ വൈകല്യം കൂടുതൽ (സ്ത്രീ പുരുഷ അനുപാതം 3:1). തലച്ചോറിൽ അപകടവും രോഗവും കൊണ്ട് ഉണ്ടാകുന്ന ക്ഷതങ്ങൾ മൂലവും പഠനവൈകല്യങ്ങൾ ഉണ്ടാകാം. ഗർഭകാലത്തും പ്രസവ കാലത്തും പ്രസവിച്ചതിനു തൊട്ടുടനെയുമുള്ള വൈറസ് അണുബാധ, ചില മരുന്നുകളുടെ ഉപയോഗം, പോഷകാഹാരക്കുറവ് എന്നിവയും ഇതിന് കാരണമാകാം.

മസ്തിഷ്‌കത്തിലെ വിവിധ ഭാഗങ്ങളുടെ പരസ്പര പൂരകപ്രവർത്തനങ്ങൾ വഴിയാണ് മനസ്സിന്റെ എല്ലാ പ്രവർത്തനവും സാധ്യമാകുന്നത്. മസ്തിഷ്‌കത്തിന് രണ്ട് അർധ ഗോളങ്ങളുണ്ട്. ചിത്രരചനയും സംഗീതവും പോലെ അമൂർത്തമായ ആശയങ്ങൾ കൈകാര്യം ചെയ്യുന്നത് വലത്തേ അർധഗോളത്തിലാണ്. യുക്തിയും ഗണിതവും ഭാഷാസിദ്ധിയും ഇടത്തേ അർധഗോളത്തിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. വായിക്കുകയും കേൾക്കുകയും വഴിയുള്ള അപഗ്രഥനവും എഴുത്തിലൂടെയും സംസാരത്തിലൂടെയുമുള്ള ആശയവിനിമയവും ഇതേ അർധഗോളത്തിലാണ് നടക്കുന്നത്. കോർപസ്‌കലോസം എന്ന ഭിത്തി വഴിയാണ് രണ്ട് അർധഗോളത്തിൽ നിന്നും ദൃശ്യവും ഗ്രാഹ്യവുമായ സന്ദേശങ്ങൾ വിവിധ ഭാഷാ കേന്ദ്രങ്ങളിൽ നിന്ന് പരസ്പരം കൈമാറുന്നത്. ഇതിന് പിഴവുകൾ വരുമ്പോഴാണ് പഠനവൈകല്യങ്ങൾ ഉണ്ടാകുന്നത്.

പഠനവൈകല്യങ്ങൾ എങ്ങനെ ചികിത്സിക്കാം?

സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, അധ്യാപകർ, സ്പീച്ച് തെറാപിസ്റ്റ് എന്നിവരുെട ഒരു സംഘമാണ് പഠനവൈകല്യമുള്ള കുട്ടികളെ പരിശോധിക്കേണ്ടത്. കുട്ടിയുടെ പ്രശ്‌നങ്ങളുടെ ചരിത്രം, അധ്യാപകരുടെ വിശദമായ റിപ്പോർട്ട്, വിദഗ്ധമായ ശാരീരിക മാനസിക പരിശോധന, കുട്ടിയുടെ വിദ്യാഭ്യാസപരമായ നേട്ടങ്ങൾ, മറ്റു കഴിവുകൾ എന്നിവയാണ് ആദ്യമായി നോക്കേണ്ടത്. വായിക്കാനും സ്‌പെല്ലിംഗ് മനസ്സിലാക്കാനും കണക്കുകൂട്ടാനുമുള്ള കുട്ടിയുടെ കഴിവുകളും ഇതോടൊപ്പം അളക്കും. ദീർഘസംഭാഷണവും തെറ്റുകളുടെ അപഗ്രഥനവും വഴിയാണ് ഇത് സാധിക്കുക. ഇതിന്റെ റിപ്പോർട്ടനുസരിച്ചാണ് ചികിത്സ നിശ്ചയിക്കാറുള്ളത്. റെമഡിയൽ എജുക്കേഷനാണ് (തെറ്റുതിരുത്തൽ വിദ്യാഭ്യാസ ചികിത്സ) ഇതിൽ പ്രധാനം. ഇതിൽ വൈദഗ്ധ്യം ലഭിച്ച അധ്യാപകർ ഇപ്പോൾ കേരളത്തിലുണ്ട്. പുറമെ, പഠനവൈകല്യം മൂലം ബാധിച്ച മറ്റു മാനസിക വിഷമങ്ങളും ചികിത്സിക്കേണ്ടതായി വരും. കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും അസുഖത്തെയും പ്രതിവിധികളെയും കുറിച്ചുള്ള കൗൺസിലിംഗും ചികിത്സയിൽ ഉൾപ്പെട്ടതാണ്.

ഇത്തരം കുട്ടികൾക്ക് ഭാഷയുടെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകാൻ സ്‌കൂളുകൾ തയ്യാറാകണം. ഒന്നിലധികം ഭാഷ പഠിക്കുന്നതിൽ നിന്ന് അവരെ ഒഴിവാക്കുക, എഴുത്തുപരീക്ഷയിൽ കേട്ടെഴുത്തുകാരെ ഉപയോഗിക്കാൻ അനുവദിക്കുക എന്നിവയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ട പരിഹാര മാർഗങ്ങൾ. ഇവരുടെ ആത്മവിശ്വാസവും സ്വന്തത്തോടുള്ള മതിപ്പും വർധിപ്പിക്കാൻ അധ്യാപകരും മാതാപിതാക്കളും ശ്രമിക്കണം. കുട്ടിയുടെ പ്രകടനത്തെ കുറ്റപ്പെടുത്തരുത്. കൂടുതൽ സ്‌നേഹവും പരിഗണനയും നൽകണം. അത് എഴുത്തുപരീക്ഷയിൽ കിട്ടുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് എന്ന് കുട്ടികൾക്ക് തോന്നുകയുമരുത്. ഈ കുട്ടികളുമായി ആത്മബന്ധം പുലർത്താൻ അധ്യാപകന് കഴിയണം. കുട്ടിയുടെ പ്രകടനം മോശമായാലും പ്രയത്‌നത്തെ പ്രശംസിക്കുക, ക്ലാസിൽ ഉറക്കെ വായിപ്പിക്കാതിരിക്കുക, കഴിവുകളെ കണ്ടെത്തി അവ വികസിപ്പിക്കുക എന്നിവയാണ് മറ്റു പരിഹാരമാർഗങ്ങൾ.

ഡോ. പി എൻ സുരേഷ്കുമാർ
MD, DPM, DNB, Ph.D. .drpnsuresh@gmail.com

(പ്രഫസർ ഓഫ് സൈക്യാട്രി, കെ എം സി ടി മെഡിക്കൽ കോളജ്, കോഴിക്കോട്)

---- facebook comment plugin here -----

Latest