Connect with us

Religion

ആദൂരിലെ ആത്മീയ പ്രകാശം

Published

|

Last Updated

കാസർകോട് നിന്ന് മുള്ളേരിയ വഴി ദക്ഷിണ കർണാടകയിലെ പ്രധാന പട്ടണങ്ങളിലൊന്നായ സുള്ള്യയിലേക്ക് നീങ്ങുമ്പോൾ ചിരപുരാതന സംസ്‌കാരങ്ങളുടെയും വൈജ്ഞാനിക പ്രഭാവങ്ങളുടെയും കേന്ദ്രമായ ആദൂരിലെത്താം. ഒട്ടനേകം ആത്മീയ ജ്യോതിസുകൾക്ക് പിറവി നൽകിയ പഴമ കൈവെടിയാതെ എന്നാൽ പുതുഭാവത്തോടെ നിലകൊള്ളുന്ന ഈ പ്രദേശത്തിന് ഏറെ കാലത്തെ പാരമ്പര്യമുണ്ട്.

സാമൂഹിക പുനരുദ്ധാരണ പ്രക്രിയകൾക്കും ഇസ്‌ലാമിക സംസ്‌കാര പൈതൃക മുന്നേറ്റങ്ങൾക്കും അനേകം സയ്യിദുമാർ കേരളത്തിലെത്തിയിട്ടുണ്ട്. മിക്കവരും യെമനിൽ നിന്നായിരുന്നു. നബി കുടുംബത്തിന്റെ അനേകം വേരുകൾ യമനിലെ ഹളർമൗത്തിലാണ് എത്തിപ്പെടുന്നത്. കേരളത്തിലെ ഇസ്‌ലാമിക പ്രബോധനത്തിനും സാമൂഹിക പുനർസൃഷ്ടിപ്പിനും ധാർമിക സംസ്‌കരണ മുന്നേറ്റങ്ങൾക്കും ഇവർ വലിയ സേവനങ്ങളും സംഭാവനകളും നൽകിയിട്ടുണ്ട്. ബുഖാരി, ബാഅലവി, അഹ്ദൽ, അസ്സഖാഫ്, ശിഹാബ്, ബാഫഖി, ഐദറൂസി, ജിഫ്രി, ബാഹസൻ, ഹദ്ദാദ്, ജമലുല്ലൈലി, ഹള്‌റമി, ബാഫള്ൽ തുടങ്ങിയവരെല്ലാം കേരളത്തിലെത്തിയ നബി കുടുംബമാണ്. പ്രഗത്ഭരായ പല പണ്ഡിതശ്രേഷ്ഠരുടെ വേരുകളും യെമനിലേക്ക് നീളുന്നുണ്ട്. ക്രിസ്തു വർഷം 1780ൽ തന്നെ നബി കുടുംബത്തിന്റെ അനുഗ്രഹീത സാന്നിധ്യം ലഭിച്ച പ്രദേശമാണ് ആദൂർ. നാടിന്റെ ആത്മീയ വൈജ്ഞാനിക മുന്നേറ്റത്തിനും സാമൂഹിക പുരോഗതിക്കും ഇത് ഏറെ കാരണമായി. പണ്ഡിത വരേണ്യരുടെ നിറസാന്നിധ്യവും അധ്യാപനവും സാരോപദേശങ്ങളും ആദൂരിന്റെ മുഖച്ഛായ മാറ്റാനും പരിഷ്‌കരണ പ്രക്രിയകൾക്കും ഏറെ വഴിതുറന്നു.
അസ്സഖാഫ്, അഹ്ദൽ, ഹാദി, ഐദറൂസി എന്നീ നബി കുടുംബങ്ങളാണ് ആദൂരിലും പരിസരപ്രദേശങ്ങളിലും ആത്മീയ പ്രകാശം പരത്തുന്നത്. കേരളത്തിന് പുറമെ കർണാടകയിലും തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലുമെല്ലാം ഇവരുടെ സാമൂഹിക സേവന ആത്മീയ സംസ്‌കരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സയ്യിദുമാരുടെ ആഗമനത്തിന് മുമ്പ് കല്ലായ് ശൈഖ് ബാപ്പു മുസ്‌ലിയാർ, മകൻ ഫക്രുദ്ദീൻ മുസ്‌ലിയാർ എന്നിവരെ ഇവിടത്തെ പട്ടാങ്ങ് മാഹിനും കുടുംബവും സ്വീകരിച്ചെന്നും അവർ മുഖേന വൈജ്ഞാനിക മുന്നേറ്റത്തിന് തുടക്കമിട്ടുവെന്നും ചരിത്രമുണ്ട്.

ആദ്യമായി ആദൂരിലെത്തിയത് സയ്യിദ് ഹസൻ അസ്സഖാഫ് ആണ്. തങ്ങൾ ജനിച്ചതും വളർന്നതും യെമനിലായിരുന്നു. ജനങ്ങളെ ആത്മീയമായി സംസ്‌കരിക്കാനും വൈജ്ഞാനിക വളർച്ചയും ലക്ഷ്യം വെച്ചാണ് ഈ പ്രദേശത്ത് എത്തിയത്. ആദൂരിലെത്തിയ തങ്ങൾ തൊട്ടടുത്ത പ്രദേശമായ കൊറ്റുമ്പയിൽ നിന്ന് വിവാഹം ചെയ്തു. പിൽക്കാലത്ത് ഉമ്മാച്ചുമ്മ എന്ന പേരിലറിയപ്പെട്ടവരായിരുന്നു സഹധർമിണി. സയ്യിദ് അബൂബക്കർ അസ്സഖാഫ് (റ), സയ്യിദ് അബ്ദുല്ലാഹ് അസ്സഖാഫ് (റ) എന്നിവരുൾപ്പെടെ നാല് മക്കളായിരുന്നു ഇവർക്ക്.

തങ്ങളെ പ്രദേശവാസികൾ ഹൃദ്യമായി സ്വീകരിച്ചു. ആത്മീയോപദേശവും നീറുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരവും തേടി ജനം ഒഴുകി. പിതാവിനൊപ്പം അബൂബക്കർ അസ്സഖാഫിന്റെയും അബ്ദുല്ല അസ്സഖാഫിന്റെയും നിറസാന്നിധ്യമുണ്ടായിരുന്നു. അവസാന കാലത്ത് സയ്യിദ് ഹസൻ അസ്സഖാഫ് തന്റെ ആത്മീയ സേവനമേഖലയായി കർണാടകയിലെ കുടക് ജില്ല തിരഞ്ഞെടുക്കുകയും എരുമാടിൽ ദിവംഗതനാവുകയും ചെയ്തു. എരുമാടിൽ സൂഫി ശഹീദി(റ)ന്റെ മഖ്ബറയുടെ തൊട്ടടുത്ത് അന്ത്യവിശ്രമം കൊള്ളുന്നു. സയ്യിദ് ഹസൻ അസ്സഖാഫ് തങ്ങൾ കൊടകിലേക്ക് തന്റെ സേവന മേഖല മാറ്റുമ്പോൾ ആദൂരിൽ ശിഷ്യനും ആത്മജ്ഞാനിയും പ്രഗത്ഭ പണ്ഡിതനും സഹോദരി സൈനബയുടെ ഭർത്താവുമായ സയ്യിദ് അബ്ദുല്ലാഹിൽ അഹ്ദലിനെ നേതൃസ്ഥാനം ഏൽപ്പിക്കുകയായിരുന്നു. കൂടെ മകൻ സയ്യിദ് അബൂബക്കർ അസ്സഖാഫു (കുഞ്ഞിക്കോയ)മുണ്ടായിരുന്നു.

ആത്മീയ സേവന രംഗത്തും മതസൗഹാർദം വളർത്തിയെടുക്കുന്നതിലും സാമൂഹിക തിന്മകളെ ഉച്ഛാടനം ചെയ്യുന്നതിലും സയ്യിദ് അബ്ദുല്ലാഹിൽ അഹ്ദൽ ജനശ്രദ്ധേയനും പ്രശസ്തനുമായി. ജാതിമത ഭേദമന്യേ സർവരും ആ സവിധത്തിൽ ഒത്തുചേർന്നു. അവരുടെ വ്യത്യസ്ത പ്രശ്‌നങ്ങൾ പരിഹരിക്കാനും ആവലാതികൾ കേട്ട് ആശ്വാസം പകരാനും തങ്ങൾ മുന്നോട്ടുവന്നു. സയ്യിദ് ഹസൻ അസ്സഖാഫിന്റെ മറ്റൊരു മകൻ സയ്യിദ് അബ്ദുല്ല അസ്സഖാഫ് പിതാവിന്റെ വഴി തിരഞ്ഞെടുത്തു. അറിവിന്റെയും ആത്മീയതയുടെയും ഉന്നതശ്രേണി കണ്ടെത്തിയ മഹാ വ്യക്തിത്വമായിരുന്നു. ആദൂരിൽ കുറഞ്ഞകാലത്തെ സേവനങ്ങൾക്കൊടുവിൽ കൊടകിലെ കൊണ്ടങ്കേരി എന്ന ഗ്രാമത്തെ സേവനമേഖലയായി തിരഞ്ഞെടുത്തു. കർമസംസ്‌കരണ പ്രക്രിയകളിൽ ജ്വലിച്ചുനിന്ന അദ്ദേഹത്തിന്റെ വിയോഗവും അവിടെയായിരുന്നു. കൊണ്ടങ്കേരി ഔലിയ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു.

അഹ്ദൽ കുടുംബത്തിലെ പ്രധാന കണ്ണിയും സയ്യിദ് ഹസൻ അസ്സഖാഫിന്റെ പിൻഗാമിയുമായ സയ്യിദ് അബ്ദുല്ലാഹിൽ അഹ്ദലിന്റെ ആഗമനത്തോടെ ആദൂരിൽ നബി കുടുംബത്തിന് ഏറെ ഖ്യാതിയും വെളിച്ചവും പരന്നു. വളപട്ടണത്ത് ജനിക്കുകയും വളരുകയും ചെയ്ത തങ്ങൾ ഹസൻ അസ്സഖാഫിന്റെ ശിഷ്യത്വം സ്വീകരിക്കാനാണ് ആദൂരിലെത്തിയത്. അദ്ദേഹത്തിന്റെ മകൾ സൈനബയെ വിവാഹം കഴിച്ച ശേഷം ആദൂരിൽ തന്നെ സ്ഥിരതാമസമാക്കി. സയ്യിദ് ഹസൻ, സയ്യിദ് ഹുസൈൻ, സയ്യിദ ഉമ്മാവി, സയ്യിദ ആറ്റവി, സയ്യിദ കുഞ്ഞീവി എന്നിങ്ങനെ അഞ്ച് മക്കളായിരുന്നു ഇവർക്ക്.

വൈജ്ഞാനിക ആത്മീയ മണ്ഡലങ്ങളിൽ കർമനിരതനാവുകയും നിറതേജസ്സായി പരിലസിക്കുകയും ചെയ്ത അഹ്ദൽ തങ്ങൾ ആദൂരിൽ തന്നെയാണ് വിയോഗമടഞ്ഞത്. ആദൂരിന്റെ വൈജ്ഞാനിക പുരോഗതിക്ക് വഴി തുറന്നിടുകയും നന്മയുടെ വിവിധ മണ്ഡലങ്ങളിൽ മുന്നേറ്റം നടത്തുകയും ചെയ്ത സയ്യിദ് അബ്ദുല്ലാഹിൽ അഹ്ദലിന്റെ മകൻ സയ്യിദ് ഹുസൈനുൽ അഹ്ദലിന്റെ മകൻ സയ്യിദ് യഹ്‌യൽ അഹ്ദൽ സുപ്രസിദ്ധനും പണ്ഡിതനുമാണ്. ആദൂരിലും പരിസര പ്രദേശങ്ങളിലും പള്ളികൾ, ദർസുകൾ, മദ്‌റസകൾ തുടങ്ങിയവ സ്ഥാപിക്കുന്നതിൽ മുന്നിട്ടിറങ്ങി.
സർവരാലും ആദരിക്കപ്പെടുന്ന സാത്വികനും നിഷ്‌കാമകർമിയുമായ യഹ്‌യ അൽ അഹ്ദൽ ഉത്തരേന്ത്യയിലെ വിവിധ കോളജുകളിൽ ഉപരിപഠനം നടത്തിയിട്ടുണ്ട്. നീലേശ്വരം കോട്ടപ്പുറത്ത് നിന്ന് വിവാഹം കഴിച്ച തങ്ങൾ, അവിടെ തന്നെ സേവന മേഖലയായി തിരഞ്ഞെടുക്കുകയും ഒടുവിൽ ഖാസി സ്ഥാനമേൽക്കുകയും ചെയ്തു. ഹിജ്‌റ 1387 ശഅ്ബാൻ 27ന് പുലർച്ചെ ദിവംഗതനായി.
ആദൂരിൽ ജനിച്ച് വളർന്ന നബികുടുംബത്തിലെ നൂറുകണക്കിന് കണ്ണികൾ നാട്ടിലും രാജ്യത്തിന്റെ വിവിധയിടങ്ങളിലുമായി സേവനനിരതരായി കഴിയുകയാണ്. സമൂഹത്തിനിടയിൽ ഉന്നതസ്ഥാനീയരും ആദരണീയരുമായി കഴിയുന്നവരും ഏറെയാണ്. ഇവിടത്തെ തങ്ങൻമാരുടെ കേന്ദ്രമായ “തായത്ത വളപ്പ്” എന്ന തറവാട് ഇന്നും നിലനിൽക്കുന്നു.

ജീവിക്കുന്നവരിൽ മഹാനും ആദരണീയ വ്യക്തിത്വവുമായി കഴിയുന്നവരിലൊരാളാണ് സയ്യിദ് ആറ്റു തങ്ങൾ. സയ്യിദ് ഹസൻ അസ്സഖാഫിന്റെ പൗത്രൻ സയ്യിദ് ഹുസൈൻ അസ്സഖാഫിന്റെ മകനാണ്. ഏറ്റവും പഴക്കം ചെന്ന ഈ തറവാട് വീട്ടിൽ ഇദ്ദേഹമാണ് താമസിക്കുന്നത്. ജാതി മത ദേശ ഭാഷാ വ്യത്യാസമില്ലാതെ സർവരും അവിടത്തെ സവിധത്തിലെത്തുന്നു. മനുഷ്യരോടെന്നപോലെ പ്രകൃതിയോടും സഹജീവികളോടും വലിയ സ്‌നേഹമാണ് തങ്ങൾക്ക്. തോട്ടങ്ങളാൽ ചുറ്റപ്പെട്ട ആ വീടിന്റെ പരിസരങ്ങളിൽ പശു, ആട്, കോഴി, താറാവ്, പക്ഷികൾ, മുയൽ, കുതിര എന്നിവയെക്കൊണ്ടെല്ലാം സമ്പന്നമാണ്. നയനാനന്ദകരവും ഹൃദ്യവുമായ കാഴ്ചകൾ.

ആറ്റുതങ്ങളുടെ സഹോദരൻ ഉമ്പുതങ്ങൾ എന്ന അപരനാമത്തിലറിയപ്പെട്ട ടി വി അബ്ദുൽ ഖാദർ അസ്സഖാഫും പൗരപ്രധാനിയും ആത്മീയ നേതാവുമാണ്. ആദൂരിലെ അഹ്ദൽ കുടുംബത്തിൽ ഇന്നുള്ളവരിൽ പ്രശസ്തനും ആത്മീയ സേവകനുമാണ് സയ്യിദ് പൂക്കുഞ്ഞി അൽ അഹ്ദൽ. അദ്ദേഹത്തിന്റെ ഏഴ് മക്കളും വൈജ്ഞാനിക സേവന രംഗത്ത് നിറഞ്ഞുനിൽക്കുന്നു. ജാമിഅ സഅദിയ്യ അടക്കം പ്രശസ്ത സ്ഥാപനങ്ങളുടെ നേതൃപദവിയിലിരിക്കുകയും ആത്മീയ ശിക്ഷണം നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ കണ്ണവം പൂക്കുഞ്ഞി തങ്ങളുടെ ജാമാതാവാണ്.

മഞ്ഞംപാറയിൽ വിദ്യാഭ്യാസ രംഗത്ത് നിലകൊള്ളുന്ന മജ്‌ലിസുശ്ശിഫാഇ സ്സഖാഫിയുടെ ശിൽപ്പിയും പണ്ഡിതനും സർവാദരണീയനുമായ സയ്യിദ് അശ്‌റഫ് അസ്സഖാഫും ഗാളിമുഖം പുതിയവളപ്പിൽ സ്ഥിതി ചെയ്യുന്ന ഖലീൽ സ്വലാഹ് വിദ്യാഭ്യാസ സമുച്ഛയത്തിന്റെ സ്ഥാപകനും മാർഗദർശിയുമായ സയ്യിദ് ഹസൻ അബ്ദുല്ല ഇമ്പിച്ചിക്കോയ തങ്ങളും ആദൂരിന്റെ ചിരാതുകളാണ്.

അബൂബക്കർ സഅദി നെക്രാജെ
ansaadi@gmail.com

Latest