Connect with us

Ongoing News

തൃശൂർ അങ്ങനെയാണ്, ഇടംവലം നോക്കില്ല

Published

|

Last Updated

പഴയ കൊച്ചി രാജ്യത്തിന്റെ (പെരുമ്പടപ്പ് സ്വരൂപം) ആസ്ഥാനം. യുനെസ്‌കോ സാക്ഷ്യപ്പെടുത്തിയ ലോകവിസ്മയങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചുള്ള പൂരപ്പെരുമയാൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ നഗരം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടംവലം നോക്കാതെ വമ്പന്മാരെ വാഴ്ത്തുകയും വീഴ്ത്തുകയും ചെയ്ത പാരമ്പര്യം. പുതുമുഖങ്ങളെ വിജയിപ്പിച്ചപ്പോഴും ലീഡർ കെ കരുണാകരൻ, കെ മുരളീധരൻ, കെ പി അരവിന്ദാക്ഷൻ, കെ പി രാജേന്ദ്രൻ, കെ പി ധനപാലൻ തുടങ്ങിയ വന്മരങ്ങളെ വരെ പരാജയപ്പെടുത്തിയിട്ടുമുണ്ട്. എന്നും പ്രവചനാതീതമാണ് തൃശൂരിന്റെ മനസ്സ്.

യു ഡി എഫും എൽ ഡി എഫും തങ്ങളുടെ കുത്തകമണ്ഡലമാണെന്ന് അവകാശമുന്നയിക്കുന്നുണ്ടെങ്കിലും കൂടുതലും കൂറ് പുലർത്തിയത് ഇടതുപക്ഷത്തോടൊപ്പമാണ്. നിലവിൽ സി പി ഐക്ക് പ്രാതിനിധ്യമുള്ള ഏക മണ്ഡലമായ തൃശൂർ, ഐക്യകേരളം രൂപപ്പെട്ടതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പ് മുതൽ തുടർച്ചയായി കാൽനൂറ്റാണ്ട് കാലം ഇടതിനൊപ്പമായിരുന്നു.

ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശൂർ ലോക്‌സഭ മണ്ഡലം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളും എൽ ഡി എഫിന് ലഭിച്ചതും തൊട്ടടുത്ത് നടന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വിജയങ്ങളുമെല്ലാം എൽ ഡി എഫിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു. മുന്നണി ധാരണ പ്രകാരം സി പി ഐക്ക് തന്നെ ഒഴിഞ്ഞുവെച്ചിട്ടുള്ള തൃശൂർ സീറ്റിൽ സിറ്റിംഗ് എം പി. സി എൻ ജയദേവനെ തന്നെ മത്സരിപ്പിക്കാനാണ് സി പി ഐയുടെ നീക്കം. സി എൻ ജയദേവന് പകരം മുൻ മന്ത്രി കെ പി രാജേന്ദ്രന്റെ പേരും ഇത്തവണ ഉയർന്നുകേൾക്കുന്നുണ്ട്. കഴിഞ്ഞ തവണ 38,277 വോട്ട് ഭൂരിപക്ഷത്തിലായിരുന്നു സി എൻ ജയദേവൻ ലോക്‌സഭയിലെത്തിയത്.

സ്ഥാനാർഥി നിർണയത്തിലെ വീഴ്ചകളും ഗ്രൂപ്പ് പോരുമാണ് കഴിഞ്ഞ തവണ മണ്ഡലം നഷ്ടമാക്കിയതെന്ന തിരിച്ചറിവിൽ ഇത്തവണ ഇവ പരിഹരിച്ച് മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് യു ഡി എഫ് കേന്ദ്രങ്ങളും. യു ഡി എഫ് ഉറച്ച വിജയപ്രതീക്ഷ വെച്ചുപുലർത്തുന്ന തൃശൂരിൽ സ്ഥാനാർഥിയാകാനുള്ള മോഹവുമായി ഒരു ഡസനോളം കോൺഗ്രസ് നേതാക്കൾ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പി സി ചാക്കോ, കോൺഗ്രസ് വക്താവ് ടോം വടക്കൻ, കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ തുടങ്ങിയവർ ഇതിൽപ്പെടും. ഇത്തവണ തൃശൂരിൽ മത്സരിക്കാൻ വരത്തനും വയസ്സനും വേണ്ട എന്ന നിലപാടിലാണ് യൂത്ത് കോൺഗ്രസ്. സേവ് കോൺഗ്രസ് എന്ന പേരിൽ ഇത്തരത്തിൽ പോസ്റ്ററുകൾ നഗരത്തിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ്, ഡി സി സി ജനറൽ സെക്രട്ടറി ൈഷാജി ജെ കോടങ്കണ്ടത്ത്, കോർപറേഷൻ പ്രതിപക്ഷ ഉപനേതാവ് ജോൻ ഡാനിയേൽ എന്നിവരുടെ പേരുകളും യു ഡി എഫിൽ ഉയർന്നുവന്നിട്ടുണ്ട്. നിലവിൽ ഡി സി സി പ്രസിഡന്റായ ടി എൻ പ്രതാപനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവും ശക്തമാണ്.

മികച്ച പോരാട്ടം കാഴ്ചവെക്കാനാകുമെന്നുള്ള പ്രതീക്ഷയിലാണിവിടെ ബി ജെ പിയും. കഴിഞ്ഞ തവണ അത്ര സുപരിചതനല്ലാത്ത കെ പി ശ്രീശനെ സ്ഥാനാർഥിയാക്കിയിട്ടും ഒരു ലക്ഷത്തിലേറെ വോട്ട് നേടാനായതാണ് ബി ജെ പിക്ക് പ്രതീക്ഷയേറ്റുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക നിർദേശ പ്രകാരം ബി ജെ പിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള തീവ്രപരിശ്രമങ്ങൾ നടത്തുന്ന അഞ്ച് മണ്ഡലങ്ങളിലൊന്നാണ് തൃശൂർ.
യുവമോർച്ച സംസ്ഥാന സമ്മേളനമുൾപ്പെടെ തൃശൂരിൽ നടത്തിയതും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിച്ചുള്ള പൊതുസമ്മേളനങ്ങളും ക്രൈസ്തവ സഭാ നേതൃത്വത്തോട് അടുത്തകാലത്തായി വെച്ച് പുലർത്തുന്ന തീവ്ര സൗഹൃദങ്ങളുമെല്ലാം വോട്ട് വർധിപ്പിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ്.

സി എൻ ജയദേവന് (സി പി ഐ) 3,89,209 വോട്ടും കെ പി ധനപാലന് (കോൺഗ്രസ്- ഐ) 3,50,982 വോട്ടും ലഭിച്ചപ്പോൾ 1,02,681 വോട്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ജെ പിയിലെ കെ പി ശ്രീശന് ലഭിച്ചത്. ശബരിമല വിഷയവും മുന്നണിയിലെ ബി ഡി ജെ എസിന് മണ്ഡലത്തിലുള്ള സ്വാധീനവും വോട്ട് വർധിപ്പിക്കുമെന്ന വിശ്വാസത്തിലാണ് ബി ജെ പി. അതുകൊണ്ട് തന്നെ ബി ജെ പിയിലും എൻ ഡി എ യിലും സ്ഥാനാർഥി തർക്കം തുടരുകയാണ്. കെ സുരേന്ദ്രന്റെയും എ എൻ രാധാകൃഷ്ണന്റെയും പേരാണ് ഇപ്പോൾ ഉയരുന്നത്. സീറ്റിന് അവകശമുന്നയിച്ച് ബി ഡി ജെ എസ് രംഗത്തെത്തിയത് ബി ജെ പിയെ കുഴക്കിയിട്ടുണ്ട്. തുഷാർ വെള്ളാപ്പള്ളി മത്സരിക്കുകയാണെങ്കിൽ തൃശൂർ ബി ഡി ജെ എസിന് വിട്ടുനൽകുമെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന.

Latest