Connect with us

Books

നഗരത്തിന്റെ കറുപ്പും വെളുപ്പും തേടുന്ന തൂലിക

Published

|

Last Updated

ഇബ്‌നു ഖയ്യിമുല്‍ ജൗസിയുടെ കിതാബുര്‍റൂഹ് വായിച്ചു കൊണ്ടിരിക്കെ എനിഷ്‌തെ എഫന്റി പറഞ്ഞു: “അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മരണപ്പെട്ടവരും വധിക്കപ്പെട്ടവരും എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നുണ്ട്.” ഇസ്താംബൂളിന്റെ എഴുത്തുകാരന്‍ ഓര്‍ഹാന്‍ പാമുകിന്റെ “മൈ നെയിം ഈസ് റെഡി”ലെ ഒരു സംഭാഷണമാണിത്. ഹദീസിന്റെ അടിസ്ഥാനത്തില്‍ ഇബ്‌നു ജൗസി വിവരിച്ച കാര്യങ്ങള്‍ അത്താത്തുര്‍ക്കിന്റെ പരിഷ്‌കൃത തുര്‍ക്കിയില്‍ എങ്ങനെയെല്ലാം വായിക്കപ്പെടുന്നു എന്നത് നാഗരികതയുടെയും ചരിത്രത്തിന്റെയും എഴുത്തുകാരന്‍ കൃത്യമായി വിവരിക്കുന്നുണ്ട്. മറ്റൊരിടത്ത്, ചിത്രകല ഗ്രസിച്ച ഇസ്താംബൂള്‍ ജനതക്ക് മുന്നില്‍ സ്വഹീഹുല്‍ ബുഖാരിയിലെ 5957 ാം ഹദീസ് വായിച്ച് രണ്ട് കഥാപാത്രങ്ങള്‍ കലഹിക്കുന്നുണ്ട്. ചിത്രകാരന്മാരോട് ദൈവം അവകള്‍ക്ക്് ആത്മാവ് നല്‍കാന്‍ കല്‍പ്പിക്കുമെന്ന ഹദീസ് റിപ്പോട്ട് ചെയ്തത് ബുഖാരിയോ മുസ്‌ലിമോ എന്നതാണ് തര്‍ക്കം. കലാകാരന്മാരുടെ നഗരത്തില്‍ നിന്ന് മത പരിഷ്‌കരണത്തിന്റെ ചൂടുതട്ടി സംസ്‌കൃതി നശിച്ച കാലത്തിന്റെ രണ്ട് വായനകളാണിത്.


ഇരിപ്പുമുറി മ്യൂസിയങ്ങളായിരുന്ന ഇസ്താംബൂളിലെ വീടുകള്‍ കാലഹരണപ്പെട്ടത് പാശ്ചാത്യവത്കരണത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നിടത്ത്, ഇസ്താംബൂള്‍ മെമ്മറീസ് ആന്‍ഡ് ദ സിറ്റി എന്ന പുസ്തകത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്: ഇസ്‌ലാമിക നിയമങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം നല്‍കുമെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും പാശ്ചാത്യവത്കരണം കൊണ്ട് മറ്റെന്ത് ഗുണമാണുണ്ടാകുക എന്ന് ആര്‍ക്കും അത്ര നിശ്ചയമുണ്ടായിരുന്നില്ല. ഇസ്‌ലാമിക സംസ്‌കൃതിയിലേക്ക് ബോധപൂര്‍വം കയറി വന്ന പാശ്ചാത്യന്‍ സംസ്‌കൃതി ഒരു നഗരത്തിന്റെ വാസ്തുവിദ്യയെ കൊന്നുകളഞ്ഞ്, ഇരിപ്പുമുറി മ്യൂസിയങ്ങളെ ഇല്ലാതാക്കി തത്സ്ഥാനത്ത് ടെലിവിഷന്‍ പ്രതിഷ്ഠിക്കുകയായിരുന്നു. സ്ഥായീ ചിത്രങ്ങളില്‍ നിന്ന് ചലിക്കും ചിത്രങ്ങളിലേക്ക് ഇസ്താംബൂള്‍ മാറിയത് മുതല്‍ വിലപ്പെട്ട നഗരത്തിന്റെ രൂപങ്ങള്‍ ഇരുട്ടിന്റെതായി. വിറളിയ തെരുവിന്റെയും ഒറ്റപ്പെട്ട ജീവിതങ്ങളുടെയും കഥകളായും ചിത്രകാലത്തേക്ക് മനസ്സുകളെ ക്ഷണിക്കുന്നതായും പാമുകിന്റെ രചനകള്‍ മാറുന്നത് ഇങ്ങനെയാണ്.

പഴമയുടെയും ഓര്‍മയുടെയും ശോകഛായ മൂടിയ ഇരിപ്പു മുറി മ്യൂസിയങ്ങളാണ് പാമുക്കിന്റെ ഓര്‍മയുടെ കനലുകള്‍. ജീവിതം ഗതിവേഗമാര്‍ജിക്കുന്നത് പറയുന്ന ഒരു കൂട്ടം പഴയ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന ചുവരുകളുള്ള മ്യൂസിയങ്ങള്‍, അവകള്‍ക്ക് വിശാദഛവി നല്‍കുന്ന ചില്ലു വിളക്കുകള്‍, അപ്പുറത്ത്് ലൈബ്രറിയില്‍ പുതുതലമുറയുടെ വലിയ ചിത്രങ്ങള്‍ ശ്രദ്ധാപൂര്‍വം നിരയായി തൂക്കിയിട്ടിരിക്കുന്നു. 19ാം നൂറ്റാണ്ടിലെ സ്പാനിഷ് ചിത്രകാരന്‍ ഗോയയുടെ സ്മരണകളാണ് പലപ്പോഴും ഈ നാടിന്റെ കലാത്മകത. യൂജീന്‍ ഫ്‌ളാഡിനോയുടെ പൗരസ്ത്യദേശവും (1853) വില്യം ഹെന്റി ബാര്‍ട്ടിലെറ്റയുടെ ബോസ്ഫറസിന്റെ സൗന്ദര്യവും (1835) ചിത്രകലയുടെ ആഴി തേടിയുള്ള ഇസ്താംബൂളിലേക്കുള്ള സഞ്ചാരങ്ങളായിരുന്നു.
ബോസ്ഫറസിന്റെ ഭംഗി
ബോസ്ഫറസിലൂടെ കടന്നുപോകുന്ന നൗകകളാണ് പാമുകിന്റെ ചിന്തകളില്‍ പ്രകൃതിയുടെ ഓര്‍മകള്‍ പകരുന്നത്. ആ കപ്പലുകളുടെ കുഴല്‍ വിളികള്‍ സ്വപ്‌നങ്ങളിലേക്കുള്ള വഴികള്‍ തുറക്കുന്നു. കപ്പലുകളില്‍ നിന്ന് വരുന്ന വെളിച്ചം പോലെ, അതിലേക്ക് നോക്കി ഒരു കണ്ണുചിമ്മലില്‍ നമ്മെ കടന്നുപോകുന്ന ഒരു കൂട്ടം ചുവന്ന ബഹിരാകാശ വാഹനങ്ങള്‍ പ്രകൃതിയോടൊപ്പം ചിന്തയുടെ കതിരുകള്‍ മുളപ്പിക്കുക കൂടിയാണ്. ബോസ്ഫറസിനെ പകര്‍ത്തിയ പടിഞ്ഞാറന്‍ ചിത്രകാരന്മാരില്‍ ഏറ്റവും കൂടുതല്‍ അര്‍ഥ സമ്പന്നതയും സൗകുമാര്യതയും പ്രദര്‍ശിപ്പിച്ചിട്ടുള്ളത് ഇഗ്നേസ് മെല്ലിംഗ് ആണ്. ബോസ്ഫറസ് തീരത്തുള്ള കോണ്‍സ്റ്റാന്റിനോപ്പിളിലൂടെയുള്ള ദൃശ്യസമ്പന്നമായ യാത്ര എന്ന 1819ല്‍ പ്രസിദ്ധീകൃതമായ അദ്ദേഹത്തിന്റെ ചിത്രം വിശ്വപ്രസിദ്ധമാണ്. ഒരു ഇസ്താംബൂള്‍ നിവാസിയുടെ വീക്ഷണ കോണായിരുന്നു മെല്ലിംഗിന്റെത്. എന്നാല്‍, അക്കാലത്തെ ഇസ്താംബൂളുകാര്‍ക്ക് അദ്ദേഹത്തെയോ നഗരത്തെയോ എങ്ങനെ വരക്കണം എന്ന് നിശ്ചയമില്ലാത്തതിനാല്‍ പലപ്പോഴും അവരതില്‍ താത്പര്യം കാണിച്ചില്ലെന്ന് മാത്രം. ഈ നഗരത്തെ ഇസ്താംബൂളുകാരനെപ്പോലെ കണ്ടതിനാല്‍ കുന്നുകളും പള്ളികളും നമുക്ക് തിരച്ചറിയാന്‍ കഴിയുന്ന ഭൂവടയാളങ്ങളുമുള്ള ഒരിടം മാത്രമല്ല മെല്ലിംഗിന്റെ ഇസ്താംബൂള്‍, ഉദാത്ത സൗന്ദര്യത്തിന്റെ ഇരിപ്പിടം കൂടിയാണ്.
ബോസ്ഫറസിനെ നടുക്കിയ സലാസക് കൊലപാതകം നടന്നത് 1958ലാണ്. രാത്രിയെയും തുഴവഞ്ചിയെയും ബോസ്ഫറസിലെ വെള്ളത്തെയും പറ്റി കറുപ്പിലും വെളുപ്പിലുമുള്ള ഓര്‍ഹാന്‍ പാമുകിന്റെ ഭ്രമകല്പനകള്‍ക്ക് ചിറക് നല്‍കിയത് ഈ സംഭവവും അതിന് അനുബന്ധമായി വന്ന റിപ്പോര്‍ട്ടുകളുമായിരുന്നെന്ന് ഇസ്താംബൂള്‍ ആന്‍ഡ് ദ സിറ്റിയില്‍ പറയുന്നുണ്ട്. മുക്കുവനായ വില്ലന്‍ തുഴവഞ്ചിയില്‍ നാടോടി സ്ത്രീയെയും രണ്ട് കുട്ടികളെയും അക്കരയെത്തിക്കാമെന്നേറ്റു. ബോസ്ഫറസിന്റെ ഗൂഢമായ ഇരുളില്‍ രണ്ട് മക്കളെയും നദിയിലെറിഞ്ഞ് കൊന്നു. സ്ത്രീയെ ബലാത്സംഗം ചെയ്തു. പത്രങ്ങള്‍ സലാസക് ഭീകരന്‍ എന്നാണ് അവനെ വിളിച്ചത്. ബോസ്ഫറസിലെ ഈ കറുത്ത രാത്രികള്‍ ഭയന്ന് നദിയില്‍ ഇറങ്ങുന്നത് പോലും ഒഴിവാക്കിയിരുന്നത്രെ!

മതം പലപ്പോഴും സാഹിത്യകാരന്മാര്‍ക്കിടയില്‍ ഭീതിയുടെ പുകച്ചുരുളുകളാവാറുണ്ട്. മതത്തില്‍ വിശ്വാസമില്ലെങ്കിലും ദൈവത്തെ പേടിയാണെന്ന് പറഞ്ഞ മാര്‍ക്വേസും അഡോണിസും പുതിയ കാല വായനയില്‍ നിറഞ്ഞുനില്‍ക്കുന്നവരാണ്. അത്താത്തുര്‍ക്കിന്റെ പരിഷ്‌കൃത ഇസ്‌ലാം കൂടുതല്‍ പാശ്ചാത്യമാകുക എന്ന തത്വത്തിലേക്കാണ് വന്നതെന്ന് പറയുന്ന പാമുക്, 98 ശതമാനവും നല്ല മതവിശ്വാസികള്‍ക്കിടയില്‍ അഞ്ച് നേരം നിസ്‌കരിക്കുന്നവരെ പുച്ചിക്കുന്ന കുടുംബത്തെ പരാമര്‍ശിക്കുന്നുണ്ട്. ചെറുപ്പം മുതല്‍ അല്ലാഹുവിനെയും മതത്തെയും പഠിപ്പിച്ചു തരാത്ത കുടുംബത്തെ കുറ്റപ്പെടുത്തുമ്പോഴും മതത്തിന്റെ സത്ത കുറ്റബോധത്തില്‍ നിന്നാണെന്ന് ഓര്‍മപ്പെടുത്തുന്നുണ്ട്. അത്താത്തുര്‍ക്കിന്റെ പടയോട്ടം ആശയവാദത്തിന്റെ ഒരു തരം സംതൃപ്തി നല്‍കിയെങ്കിലും അത് പൊതുജീവിതത്തില്‍ മാത്രമായിരുന്നു. സ്വകാര്യ ജീവിതത്തിലെ ആത്മീയ ശ്യൂന്യത പരിഹരിക്കാന്‍ ഒന്നിനുമായില്ല. മതരഹിതമായ വീട്, നഗരത്തിലെ ഇടിഞ്ഞു പൊളിഞ്ഞ ആലകളും അവയുടെ ഉദ്യാനങ്ങളും പോലെയായെന്ന് ഇസ്താംബൂള്‍ മെമ്മറീസ് ആന്‍ഡ് ദ സിറ്റിയില്‍ നിരാശയോടെ പറയുന്നുണ്ട്.

നിരന്തരം
പരാജയപ്പെടുന്ന
കഥാപാത്രങ്ങള്‍
പരാജയപ്പെട്ട മനുഷ്യരാണ് പലപ്പോഴും ഓര്‍ഹാന്‍ പാമുകിന്റെ കഥാപാത്രങ്ങള്‍. നിരന്തരം പരാജയം ഏറ്റുവാങ്ങുന്നവര്‍. വീഴുകയും വീണിടത്ത് നിന്ന് എഴുന്നേറ്റ് അടുത്ത പരാജയത്തിലേക്ക് പോവുകയും ചെയ്യുന്ന മനുഷ്യരുടെ പച്ചയായ കഥ. ചരിത്ര നഗരമായ ഇസ്താംബൂളിലേക്ക് ജോലി തേടി ഗ്രാമീണര്‍ കൂട്ടത്തോടെ എത്തിത്തുടങ്ങുന്നത് 1950കളിലാണ്. താമസിയാതെ ഇസ്താംബൂള്‍ കുടിയേറ്റക്കാരുടെ നഗരമായി. 1955ല്‍ അവിടെ വര്‍ഗീയ കലാപമുണ്ടായി. മതസ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടു. ഈ കാലഘട്ടത്തിലാണ് പാമുകിന്റെ എ സ്‌ട്രേഞ്ച്‌നസ്സ് ഇന്‍ മൈ മൈന്‍ഡിലെ നായകനായ മെവ്‌ലൂദ് ജനിക്കുന്നത്. ഒടുവില്‍ മുഴുസമയ തെരുവ് വാണിഭക്കാരനായി മാറുന്ന മെവ്‌ലൂദിന്റെ കഥയാണിതില്‍ വിവരിക്കുന്നത്. ഇസ്താംബൂള്‍ സ്മരണകള്‍ മറന്ന് ഒരു നോവലും കടന്നുപോകാറില്ല. മൈ നെയിം ഈസ് റെഡ്, സ്‌നോ, ദ മ്യൂസിയം ഓഫ് ഇന്നസന്‍സ് തുടങ്ങിയ എല്ലാ രചനകളിലും പ്രകടമായി അനുഭവിക്കാവുന്നതാണ് പാമുകിന്റെ ഇസ്താംബൂള്‍. ദാരിദ്ര്യം കത്തിപ്പടര്‍ന്ന തെരുവിന്റെ പിന്നിലെ ചെറിയ വീടുകളുടെ മായികമായ തകര്‍ച്ചകള്‍ ഒരിക്കലും ഛായം പൂശപ്പെടാത്ത, പഴക്കവും ചെളിയും ഈര്‍പ്പവും ചേര്‍ന്ന പഴയ ഇസ്താംബൂള്‍. നഗരത്തിന്റെ ഈ കറുപ്പും വെളുപ്പും ചരിത്രത്തിന്റെ മുറിപ്പാടുകളാണ്.

ക്ഷയിച്ചു വരുന്ന യൂറോപ്യന്‍ നോട്ടത്തിനോടും ഒരിക്കലും ഭേദമാകാത്ത ദീനം പോലെ സഹിക്കേണ്ടി വന്ന പുരാതനമായൊരു ദാരിദ്ര്യത്തോടുമുള്ള വേദനാഭരിതമായൊരു കീഴടങ്ങലുണ്ട് പുസ്തകത്താളുകളില്‍. ഇസ്താംബൂളിന്റെ അന്തര്‍മുഖമായ ആത്മാവിനെ പരിപോഷിപ്പിക്കുന്നത് ഈ ഉള്‍വലിയലാണ്. നഗരത്തിന്റെ ഭേദിക്കാനാകാത്ത നിഗൂഢതകളെ വിവരിക്കാനായി നിശയുടെ ഭാഷയെ ഉപയോഗപ്പെടുത്തിയിട്ടുള്ളത് ഓര്‍ഹാന്‍ പാമുകിന്റെ എഴുത്തിന്റെ സൗന്ദര്യമാണ്. നഗരത്തോടൊപ്പം മ്യൂസിയം ഓഫ് ഇന്നസന്‍സിലും മൈ നെയിം ഈസ് റെഡിലും കടന്നു വരുന്നത് പ്രേമാന്ധമായ ഭ്രാന്താണ്. അവസാനമായി പുറത്തിറങ്ങിയ എ സ്‌ട്രേഞ്ച്‌നെസ്സ് ഇന്‍ മൈ മൈന്‍ഡ്, അറബ് വസന്തത്തിന്റെ അലകളുയര്‍ത്തി ടുണീഷ്യന്‍ വഴിയോര കച്ചവടക്കാരന്‍ ആത്മഹൂതി ചെയ്യുന്ന കാലത്തെ രേഖപ്പെടുത്തിയാണ് അവസാനിക്കുന്നത്. നഗരം പുറന്തള്ളുന്നവരുടെ ഇടവും അവരുടെ റൊമാന്റിസവുമാണ് വിവരിക്കുന്നത്.
.

വി എം സല്‍മാന്‍ തോട്ടുപൊയില്‍

msalmanthottupoyil@gmail.com

Latest