Kerala
വസന്തകുമാറിന്റെ മൃതദേഹം ഇന്നെത്തിക്കും
കല്‍പ്പറ്റ: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് സ്വദേശി വി വി വസന്തകുമാറിന്റെ (42) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഭൗതിക ശരീരം ഡി എന്‍ എ പരിശോധന പൂര്‍ത്തിയാക്കി ഡല്‍ഹി വഴി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച് ഇന്ന് സ്വദേശമായ ലക്കിടിയിലെത്തിക്കും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജില്ലാ കലക്ടര്‍ ഭൗതിക ശരീരം ഏറ്റുവാങ്ങും. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ തൃക്കൈപറ്റയിലെ സമുദായ ശ്മശാനത്തില്‍ പൂര്‍ണ സൈനിക സംസ്ഥാന ബഹുമതികളോടെ ധീരജവാന് വിട നല്‍കും.
ലക്കിടി സ്വദേശിയായ വസന്തകുമാര്‍ വാഴക്കണ്ടി വീട്ടില്‍ പരേതനായ വാസുദേവന്റെയും ശാന്തയുടെയും മകനാണ്.
ഈ മാസം ഒമ്പതിനാണ് കുന്നത്തിടവക വാഴക്കണ്ടി വീട്ടില്‍ വസന്തകുമാര്‍ അഞ്ച് ദിവസത്തെ ലീവിന് നാട്ടിലെത്തി മടങ്ങിയത്. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ബറ്റാലിയന് മാറാനുള്ള അഞ്ച് ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കുക എന്ന ലക്ഷ്യവുമായാണ് നാട്ടിലെത്തിയത്. ഭാര്യ: ഷീന. മക്കള്‍: അനാമിക (എട്ട്) അമര്‍ദീപ് (അഞ്ച്). ഏക സഹോദരി: വസുമിത.