Connect with us

National

കശ്മീരിന്റെ ഹൃദയം തകര്‍ത്ത ഭീകരാക്രമണങ്ങള്‍

Published

|

Last Updated

ശ്രീനഗര്‍: രാജ്യത്തെ നടുക്കി ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ വീണ്ടും തീവ്രവാദി ആക്രമണം. 40 സി ആര്‍ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവം അടുത്തിടെ ജമ്മുവിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ്. 2016 സെപ്തംബറിലുണ്ടായ ഉറി ആക്രമണത്തിനേക്കാളും ഭീകരമാണ് ജെയ്‌ഷെ മുഹമ്മദ് എന്ന തീവ്രവാദി സംഘടനയുടെ നേതൃത്വത്തില്‍ നടന്നത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന കശ്മീരിലെ തീവ്രവാദി ആക്രമണത്തെ സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചയും തീവ്രവാദികളുടെ കടന്നുകയറ്റത്തെയുമാണ് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തിനിടെ ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

2018 ഫെബ്രുവരി ഏഴ്: ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. തീവ്രവാദികളായ തടവുപുള്ളികളെ ആശുപത്രിയില്‍ പരിശോധനക്ക് കൊണ്ടുവന്നപ്പോഴായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം ലെഷ്‌കറെ ത്വയ്ബ കമാന്‍ഡര്‍ നവീദ് ജാഅത് രക്ഷപ്പെട്ടു.

2017 ഡിസംബര്‍ 31, 2018 ജനുവരി ഒന്ന്: വര്‍ഷാവസാനം തെക്കന്‍ കശ്മീരിലെ ലെതപോരയില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ 24 മണിക്കൂര്‍ നീണ്ടുനിന്നു. അഞ്ച് സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റു.

2017 മാര്‍ച്ച് 29: തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ പോലീസ് സ്‌റ്റേഷന് നേരെ ഭീകരാക്രമണം. ആളപായമുണ്ടായില്ല.

2016 നവംബര്‍ 29: നഗ്രോദയിലെ സൈനിക യൂനിറ്റ് ആക്രമിച്ച് ഏഴ് സൈനികരെ തീവ്രവാദികള്‍ വധിച്ചു.

2016 സെപ്തംബര്‍ 18: ബരാമുല്ല ജില്ലയിലെ ഉറിയിലുണ്ടായ ആക്രമണത്തില്‍ 19 സൈനികരും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു.

2016 ജൂണ്‍ 25: സി ആര്‍ പി എഫ് ജവാന്മാരെ ലക്ഷ്യം വെച്ച് നടന്ന ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു.

2016 ജനുവരി 1-2: പഠാന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രം പിടിച്ചെടുത്ത പാക് തീവ്രവാദികളെ തുരത്താന്‍ സൈനിക ആക്രമണം. ആറ് തീവ്രവാദികളും മൂന്ന് സൈനികരും കൊല്ലപ്പെട്ടു.

2015 ഡിസംബര്‍ ഏഴ്: തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലുണ്ടായ ആക്രമണത്തില്‍ ആറ് ജവാന്മാര്‍ കൊല്ലപ്പെട്ടു.

2015 നവംബര്‍ 18: കുപ്‌വാരയിലുണ്ടായ ആക്രമണത്തില്‍ സൈനിക കേണല്‍ കൊല്ലപ്പെട്ടു.

2015 ആഗസ്റ്റ് അഞ്ച്: ജമ്മു – ശ്രീനഗര്‍ ദേശീയ പാതയില്‍ രണ്ട് ബി എസ് എഫ് ജവാന്മാരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരുക്കേറ്റു.

2015 മെയ് 31: കുപ്‌വാരയിലെ തന്‍ഗ്ദര്‍ മേഖലയിലുണ്ടായ ആക്രമണത്തില്‍ നാല് സൈനികരും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.

2015 മാര്‍ച്ച് 21: പഠാന്‍കോട്ടിലെ ദേശീയ പാതയിലുണ്ടായ ആക്രമണത്തില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു.

2014 ഡിസംബര്‍ അഞ്ച്: ഉറിയിലെ മൊഹ്‌റയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ലെഫ്. കേണല്‍ ഉള്‍പ്പെടെ ഏഴ് സൈനികരും ഒരു എ എസ് ഐ ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ആറ് തീവ്രവാദികളെ സൈന്യം വധിച്ചു.

2016 ഒക്ടോബര്‍ ആറ്: വടക്കന്‍ കശ്മീരിലെ ഹാന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു.

2014 നവംബര്‍ 27: അതിര്‍ത്തി ഗ്രാമമായ കത്താറയിലുണ്ടായ ഒരു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ നാല് സിവിലിയന്മാരും മൂന്ന് സൈനികരും ഉള്‍പ്പെടും.

2013 ജൂണ്‍ 24: ശ്രീനഗറിലെ ഹൈദര്‍പോരയിലുണ്ടായ ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു.

2013 മാര്‍ച്ച് 31: ശ്രീനഗറിലെ സി ആര്‍ പി എഫ് ക്യാമ്പ് ആക്രമിച്ച് തീവ്രവാദികള്‍ അഞ്ച് സൈനികരെ വധിച്ചു.

2006 ഒക്ടോബര്‍ അഞ്ച്: ബുദ്ശ ചൗക്കിലുണ്ടായ ആക്രമണത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥരും രണ്ട് സൈനികരും കൊല്ലപ്പെട്ടു.

2002 മെയ് 14: കാലുചൗക്കിലെ സൈനിക കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരുക്കേറ്റു.

Latest